നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ മരിച്ചു (Masood Azhar Brother Death). പാകിസ്താനിലെ ബഹാവൽപൂരിലുള്ള ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ വെച്ചാണ് ഇയാളുടെ സംസ്കാര ചടങ്ങുകൾ നടന്നതെന്ന് ഭീകര സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു. എന്നാൽ ഇയാളുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി മസൂദ് അസർ വെളിപ്പെടുത്തിയിരുന്നു. ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് സുബ്ഹാൻ അള്ളാ കേന്ദ്രീകരിച്ചായിരുന്നു അന്ന് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിൽ തന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ തുടങ്ങിയവർ കൊല്ലപ്പെട്ടതായി അസർ പറഞ്ഞിരുന്നു.
2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസർ. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അസർ പാകിസ്താനിൽ ഒളിവിൽ കഴിയുന്നതായാണ് റിപ്പോർട്ടുകൾ.
Summary: Mohammad Tahir Anwar, the elder brother of Jaish-e-Mohammed chief Masood Azhar, has died in Bahawalpur, Pakistan. While the banned outfit confirmed his funeral was held on Monday, the cause of death remains undisclosed. Anwar was a key figure in the terror group’s operations.

