

എത്യോപ്യയിൽ ആദ്യമായി മാർബർഗ് വൈറസ് രോഗം (Marburg virus disease) പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചു. ദക്ഷിണ സുഡാൻ അതിർത്തിയോട് അടുത്തുള്ള ഓമോ മേഖലയിൽ ഒമ്പത് പേരിൽ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വിഷാണുജന്യ രക്തസ്രാവ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് എത്യോപ്യൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളിലേക്ക് രോഗം പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്, എത്യോപ്യൻ ആരോഗ്യ വകുപ്പിന്റെ വേഗത്തിലുള്ള പ്രതികരണത്തെ പ്രശംസിച്ചു. രോഗവ്യാപനം തടയുന്നതിനും രോഗികൾക്ക് ചികിത്സ നൽകുന്നതിനും അതിർത്തി കടന്നുള്ള പ്രസരണം തടയുന്നതിനും വേണ്ടി രാജ്യ, പ്രാദേശിക തലങ്ങളിലുള്ള സംഘടനയുടെ വിദഗ്ധ സംഘങ്ങൾ എത്യോപ്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എബോള വിഷാണു കുടുംബത്തിൽപ്പെട്ട മാർബർഗ് രോഗം, പനി, കടുത്ത തലവേദന, പേശിവേദന, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നതും പലപ്പോഴും മരണത്തിന് ഇടയാക്കുന്നതുമാണ്.
ഈജിപ്ഷ്യൻ പഴം വവ്വാലുകളാണ് വിഷാണുവിന്റെ ഉറവിടമായി കരുതുന്നത്. രോഗം ബാധിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ വഴിയോ മലിനമായ വസ്തുക്കൾ വഴിയോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്. രോഗം ബാധിച്ചവരെ മാറ്റി പാർപ്പിച്ച് ചികിത്സ നൽകുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും ആരോഗ്യ ഉപദേശങ്ങൾ പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിലവിൽ മാർബർഗിന് അംഗീകൃത കുത്തിവെപ്പുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. എങ്കിലും, നേരത്തെയുള്ള തീവ്ര പരിചരണവും സഹായക ചികിത്സകളും അതിജീവന നിരക്ക് മെച്ചപ്പെടുത്താൻ സഹായിക്കും.
Ethiopia has officially confirmed its first outbreak of Marburg Virus Disease (MVD) with nine reported cases in the Omo region, near the border of South Sudan. Prompt action by the Ministry of Health was praised by the World Health Organization (WHO), whose teams are providing active support for containment, contact tracing, and addressing the risk of cross-border spread to countries with fragile health systems.