
ലണ്ടൻ: ലണ്ടനിൽ നിന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. വെള്ള സാരിയും ചെരിപ്പും ധരിച്ചാണ് ഹൈഡ് പാർക്കിൽ മമത ജോഗിംഗിന് ഇറങ്ങിയത്.
ബക്കിംഗ്ഹാം കൊട്ടാരം മുതൽ ഹൈഡ് പാർക്ക് വരെ മമത ബാനർജി ചുറ്റി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആണ് പങ്കുവെച്ചിരിക്കുന്നത്.
പച്ച ബോർഡറുള്ള വെളുത്ത സാരിയും വെളുത്ത സ്ലിപ്പറുകളും ധരിച്ചാണ് മമത വാം അപ്പിനിറങ്ങിയത്. ലണ്ടനിലെ തണുപ്പിനെ മറികടക്കാൻ കറുത്ത കാർഡിഗനും ഷാളും ധരിച്ചിരുന്നു. ബ്രിട്ടനുമായുള്ള ബംഗാളിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച മമതാ ബാനർജി ലണ്ടനിൽ എത്തിയത്.
ബംഗാളും ബ്രിട്ടനും ചരിത്രത്തിലും സംസ്കാരത്തിലും വാണിജ്യത്തിലും വേരൂന്നിയ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു ബന്ധം പങ്കിടുന്നു. ഇന്നലെ ലണ്ടനിൽ ഇറങ്ങിയപ്പോൾ, വർത്തമാനകാലത്തിൻ്റെ ചലനാത്മകത ഉൾക്കൊണ്ടുകൊണ്ട്, കൊൽക്കത്തയെപ്പോലെ, ഭൂതകാലത്തിൻ്റെ ഭാരം പേറുന്ന ഒരു നഗരത്തിലേക്ക് ഞങ്ങൾ കാലെടുത്തുവച്ചുവെന്ന് മമതാ ബാനർജി എക്‌സിൽ എഴുതി.