

ഔഗഡൗഗൂ: അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മാലി, ബുർക്കിന ഫാസോ എന്നീ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി (US Travel Ban). ഡിസംബർ 16-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ രാജ്യങ്ങളെ ഉൾപ്പെടുത്തി യാത്രാ നിരോധനം വിപുലീകരിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു തിരിച്ചടി. സമാനമായ രീതിയിൽ അമേരിക്കൻ പൗരന്മാർക്കും നിയന്ത്രണങ്ങൾ ബാധകമാക്കുന്ന 'റെസിപ്രോസിറ്റി' നയമാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.
മാലിയിലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, യുഎസ് അധികൃതർ മാലി പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള അതേ നിബന്ധനകളും മാനദണ്ഡങ്ങളും ഇനി മുതൽ മാലിയിലേക്ക് വരുന്ന അമേരിക്കൻ പൗരന്മാർക്കും ബാധകമായിരിക്കും. ബുർക്കിന ഫാസോയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഡിസംബർ 16-ന് ട്രംപ് പ്രഖ്യാപിച്ച പട്ടികയിൽ ഈ രണ്ട് രാജ്യങ്ങൾക്ക് പുറമെ നൈജർ, ദക്ഷിണ സുഡാൻ, സിറിയ, ലാവോസ് തുടങ്ങിയ 20-ഓളം രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയിരുന്നു. 2026 ജനുവരി 1 മുതലാണ് അമേരിക്കയുടെ നിരോധനം പ്രാബല്യത്തിൽ വരുന്നത്.
ഭീകരവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളുമാണ് യാത്രാ വിലക്കിന് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയും റഷ്യയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്ന ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ നയതന്ത്ര തർക്കം വിലയിരുത്തപ്പെടുന്നത്. നൈജറും ഇതിനോടകം അമേരിക്കൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
Mali and Burkina Faso have announced reciprocal travel bans on U.S. citizens in response to President Donald Trump's expanded travel restrictions. The move follows a December 16 proclamation by the Trump administration that added several nations, including these West African states and Niger, to a restricted entry list effective January 1, 2026. The military-led governments of the Sahel region, which have recently distanced themselves from Western alliances in favor of closer ties with Russia, stated that they would apply the same entry requirements to Americans as the U.S. imposes on their citizens.