

ആധുനിക സാങ്കേതിക വിദ്യകൾ ലോകത്തെ വിരൽത്തുമ്പിലാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഒരു വലിയ വിമാനം അതിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരുമായി ആകാശത്തിൽ അപ്രത്യക്ഷമായി എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയുമോ. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും. മലേഷ്യൻ എയർലൈൻസിന്റെ MH370 (Malaysia Airlines Flight 370) എന്ന വിമാനം ലോകത്തിനു മുന്നിൽ നിന്നും ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി നിലനിൽക്കുന്നു. കടലിന്റെ അടിത്തട്ടിൽ, സൂര്യപ്രകശം പതിക്കാത്ത ഇരുട്ടിൽ ആ വിമാനം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവ് ഇന്നും വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഭയാനകവും നിഗൂഢവുമായ അധ്യായമായി തുടരുന്നു.
അവസാന യാത്ര
2014 മാർച്ച് 8, പുലർച്ചെ 12:41. ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് 777 വിമാനം ബെയ്ജിംഗിലേക്ക് പറന്നുയർന്നു. 12 ജീവനക്കാരും 227 യാത്രക്കാരുമുൾപ്പെടെ 239 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ശാന്തമായ കാലാവസ്ഥ, തികച്ചും സാധാരണമായ രീതിയിലായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്. വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന ഉറപ്പിൽ യാത്രക്കാർ വിശ്രമിക്കുമ്പോൾ, വിമാനത്തിന്റെ കോക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം വന്നു- "ഗുഡ്‌നൈറ്റ്, മലേഷ്യൻ ത്രീ സെവൻ സീറോ." കോക്പിറ്റിൽ നിന്നും വന്ന ഈ സന്ദേശത്തിന് തൊട്ട് പിന്നാലെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
മലേഷ്യൻ വ്യോമപാതയിൽ നിന്ന് വിയറ്റ്നാം ഭാഗത്തേക്ക് വിമാനം കടക്കുന്ന നിമിഷം വിമാനത്തിലെ ട്രാൻസ്പോണ്ടറുകൾ (റഡാർ സന്ദേശങ്ങൾ കൈമാറുന്ന ഉപകരണം) ഓഫാകുന്നു. ആരോ ട്രാൻസ്പോണ്ടറുകൾ ബോധപൂർവ്വം ഓഫാക്കിയതായി കരുതപ്പെടുന്നു. നിശ്ചിത സമയത്ത് വിയറ്റ്നാം എയർ ട്രാഫിക് കൺട്രോളുമായി വിമാനം ബന്ധപ്പെടാതിരുന്നതോടെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിവരം അധികൃതർ തിരിച്ചറിയുന്നത്. ഇതേ തുടർന്ന് നടന്ന സൈനിക റഡാർ പരിശോധനയിൽ വിമാനം അതിന്റെ പാതയിൽ നിന്ന് കുത്തനെ തിരിഞ്ഞ് മലേഷ്യൻ പെനിൻസുലയ്ക്ക് മുകളിലൂടെ പറന്നതായി കണ്ടെത്തി.
വർഷങ്ങൾ നീണ്ട തിരച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ, 2026 ജനുവരിയിൽ പുതിയൊരു പ്രതീക്ഷ ഉദിച്ചിരിക്കുകയാണ്. 'ഓഷ്യൻ ഇൻഫിനിറ്റി' എന്ന ആധുനിക സമുദ്ര പര്യവേഷണ കമ്പനി, അത്യാധുനിക റോബോട്ടിക് ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ ഭാഗങ്ങളിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. "വിമാനം കണ്ടെത്തിയാൽ മാത്രം പണം" എന്ന വ്യവസ്ഥയിൽ മലേഷ്യൻ സർക്കാരുമായി ചേർന്ന് നടത്തുന്ന ഈ അന്വേഷണം, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഴക്കടലിലെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ്.
വിമാനത്തിന്റെ തിരോധാനത്തിന് പിന്നിൽ ഒട്ടനവധി സിദ്ധാന്തങ്ങൾ ഇന്നും പ്രചരിക്കുന്നുണ്ട്. വിമാനത്തിലെ ഓക്സിജൻ അളവ് കുറഞ്ഞ് പൈലറ്റും യാത്രക്കാരും ബോധരഹിതരായെന്നും വിമാനം ഓട്ടോപൈലറ്റിൽ സഞ്ചരിച്ച് ഇന്ധനം തീർന്ന കടലിൽ വീണതാണെന്നുള്ള ജോഷി ഫ്ലൈറ്റ് സിദ്ധാന്തമാണ് ഒരു വിഭാഗം വിശ്വസിക്കുന്നത. എന്നാൽ പൈലറ്റ് മനഃപൂർവ്വം വിമാനം തട്ടിക്കൊണ്ടു പോയി കടലിൽ താഴ്ത്തിയതാണെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. ഹൈജാക്കിംഗ് മുതൽ യന്ത്രതകരാർ വരെയുള്ള നൂറുകണക്കിന് ഉഹാപോഹങ്ങൾ നിലനിക്കുമ്പോഴും, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ലഭിക്കുന്നത് വരെ MH370 ന്റെ തിരോധാനം ഒരു നിഗൂഢതയായി തുടരും.
വിമാനത്തിന്റെ ചിറകിന്റെ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയെങ്കിലും, യാത്രക്കാരുടെ ഒരു ചെറിയ അടയാളം പോലും ലഭിക്കാത്തത് ഇന്നും വലിയൊരു ചോദ്യമാണ്. വിമാനം സമുദ്രത്തിൽ പതിച്ചപ്പോഴുണ്ടായ അതിശക്തമായ ആഘാതത്തിൽ വിമാനവും അതിനുള്ളിലെ വസ്തുക്കളും ദശലക്ഷക്കണക്കിന് കഷ്ണങ്ങളായി തകർന്നുപോയിരിക്കാം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കൂടാതെ, തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ അതിഭീമമായ ജലമർദ്ദവും, ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും, സമുദ്രജീവികളും ശരീരഭാഗങ്ങൾ പെട്ടെന്ന് തന്നെ ഇല്ലാതാകാൻ കാരണമായിട്ടുണ്ടാകാം. വിമാനം തകരാതെ ഒരു കൂറ്റൻ ഭാഗങ്ങളായി കടലിന്റെ അടിത്തട്ടിൽ പതിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ശരീരങ്ങൾ അവശേഷിക്കാൻ സാധ്യതയുള്ളൂ. എന്നാൽ ഇതുവരെ ലഭിച്ച അവശിഷ്ടങ്ങളെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾ സമുദ്രത്തിലൂടെ ഒഴുകി നടന്നവയായതിനാൽ, അവയോടൊപ്പം മൃതദേഹങ്ങൾ കണ്ടെത്തുക എന്നത് പ്രായോഗികമായി അസാധ്യമായിരുന്നു
The disappearance of MH370 in 2014 remains the greatest mystery in aviation history, as the aircraft vanished with 239 people shortly after a routine takeoff. Despite years of investigation and several recovered fragments of debris, no human remains have ever been found, likely due to the high-velocity impact and the harsh deep-sea environment. As of 2026, a new high-tech search is underway in the Indian Ocean, hoping to provide final answers through advanced underwater robotics.