

ലണ്ടൻ: സോമർസെറ്റിലെ ടോണ്ടനിൽ മുപ്പതുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ടോണ്ടൻ ക്രൗൺ കോടതിയാണ് ഇയാൾക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ യുകെയിൽ നിന്ന് എന്നെന്നേക്കുമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.(Malayali man who raped woman in UK gets 12 years in prison, Deportation ordered after sentence)
2025 ഒക്ടോബർ 11-ന് രാത്രി ടോണ്ടനിലെ വിക്ടോറിയ പാർക്കിലായിരുന്നു സംഭവം. മാനസികമായി തകർന്ന് റോഡരികിൽ ഇരുന്നിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേനയാണ് മനോജ് സമീപിച്ചത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച് മദ്യം വാങ്ങി നൽകിയ ശേഷം പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
"ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്" എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നത് പാർക്കിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താൻ കൊല്ലപ്പെടുമെന്ന ഭയത്തിലാണ് യുവതി ആ സമയം കഴിഞ്ഞതെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ മനോജ് കുറ്റസമ്മതം നടത്തി.
ശിക്ഷാ കാലാവധിയുടെ പകുതി കഴിയുന്നതോടെ മനോജിനെ ഇന്ത്യയിലേക്ക് നാടുകടത്തും. തുടർന്ന് ഒരിക്കലും യുകെയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിലാണ് കോടതിയുടെ കർശന ഉത്തരവ്.