കറാച്ചി: പാകിസ്ഥാനിലെ കറാച്ചി നഗരമധ്യത്തിലുള്ള ഗുൽ പ്ലാസ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് മരണം. അപകടത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മാളിന്റെ താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.(Major tragedy as fire breaks out at shopping mall in Karachi, 6 dead)
അഗ്നിശമനസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വായുസഞ്ചാരമില്ലാത്തതും പുക നിറഞ്ഞതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. തീപിടിത്തത്തെത്തുടർന്നുണ്ടായ കടുത്ത ചൂടിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 65-ലധികം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ അഗ്നിശമനസേന തെരച്ചിൽ തുടരുകയാണ്.
1,200-ലധികം കടകളുള്ള മാളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. "20 വർഷത്തെ കഠിനാധ്വാനമാണ് കത്തിയമർന്നത്" എന്ന് മാളിലെ വ്യാപാരിയായ യാസ്മീൻ ബാനോ വേദനയോടെ പ്രതികരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഓധോയുടെ പ്രാഥമിക നിഗമനം.
ദുരന്തം നടന്ന് 23 മണിക്കൂറിന് ശേഷം മാത്രം സംഭവസ്ഥലത്തെത്തിയ കറാച്ചി മേയർക്കെതിരെ നാട്ടുകാരും വ്യാപാരികളും ശക്തമായ പ്രതിഷേധം ഉയർത്തി. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ പ്രദേശം ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.