

സോൾ :സൈബർ സുരക്ഷാ ആശങ്കകൾ ഉയർത്തിക്കൊണ്ട് ദക്ഷിണ കൊറിയയിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി സ്ഥാപിച്ചിരുന്ന 1,20,000-ത്തിലധികം വീഡിയോ ക്യാമറകൾ ഹാക്ക് ചെയ്യപ്പെട്ടു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും വിദേശ വെബ്‌സൈറ്റുകൾക്ക് വിൽക്കുകയും ചെയ്ത കേസിൽ നാലുപേരെ ദക്ഷിണ കൊറിയയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്തു.(Major security breach in South Korea, 1.2 lakh security cameras hacked)
ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐ.പി.) ക്യാമറകളുടെ ലളിതമായ പാസ്‌വേഡുകൾ അടക്കമുള്ള സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് ആക്രമികൾ വൻ ഹാക്കിങ് നടത്തിയത്. സി.സി.ടി.വി. ക്യാമറകൾക്ക് പകരം ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ ഹോം ക്യാമറകളാണ് ഐ.പി. ക്യാമറകൾ. ഹോം ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച് സുരക്ഷ ഉറപ്പാക്കാനും കുട്ടികളെയും വളർത്തുമൃഗങ്ങളെയും നിരീക്ഷിക്കാനുമാണ് ഇവ ഉപയോഗിക്കാറുള്ളത്. ഒരു ഗൈനക്കോളജിസ്റ്റിന്റെ ക്ലിനിക്കിലെ ക്യാമറയടക്കം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
അറസ്റ്റിലായ നാലുപേരും പരസ്പരം ബന്ധമില്ലാതെ തനിച്ചാണ് പ്രവർത്തിച്ചതെന്നും അവർ ഒന്നിച്ച് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ദക്ഷിണ കൊറിയയുടെ ദേശീയ പോലീസ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. പ്രതികളിലൊരാൾ 63,000 ക്യാമറകൾ ഹാക്ക് ചെയ്യുകയും 545 അശ്ലീല വിഡിയോകൾ നിർമ്മിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഈ വിഡിയോകൾ ഇയാൾ 35 ദശലക്ഷം വോണിന് (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിദേശ വെബ്‌സൈറ്റിന് വിറ്റു.
മറ്റൊരാൾ 70,000 ക്യാമറകൾ ഹാക്ക് ചെയ്യുകയും 648 വിഡിയോകൾ 18 ദശലക്ഷം വോണിന് വിൽക്കുകയും ചെയ്തു. ഹാക്ക് ചെയ്ത ദൃശ്യങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലെ 62 ശതമാനം വിഡിയോകൾക്കും ഉത്തരവാദികൾ ഈ രണ്ട് പ്രതികളാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
വിദേശ ഏജൻസികളുമായി സഹകരിച്ച് നിയമവിരുദ്ധ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനും നടത്തിപ്പുകാരെ കണ്ടെത്താനും അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്. സൈറ്റിലൂടെ ദൃശ്യങ്ങൾ വാങ്ങുകയും കാണുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന മറ്റ് മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.
ഐ.പി. ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആക്‌സസ് പാസ്‌വേഡുകൾ ഉടനടി മാറ്റണമെന്നും ദക്ഷിണ കൊറിയയുടെ ദേശീയ പോലീസ് ഏജൻസി നിർദേശിച്ചിട്ടുണ്ട്. ക്യാമറ ഹാക്ക് ചെയ്യപ്പെട്ട വീടുകളടക്കം സന്ദർശിച്ച് ഉദ്യോഗസ്ഥർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.