വാഷിങ്ടൺ: ഉപരോധം മറികടന്ന് എണ്ണക്കടത്ത് നടത്തുന്നതായി യുഎസ് ആരോപിക്കുന്ന 'മാരിനേര' എന്ന കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ അത്യാധുനിക അന്തർവാഹിനിയെ വിന്യസിച്ചു. ഇതോടെ അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് - റഷ്യ നാവികസേനകൾ നേർക്കുനേർ എത്തുന്ന യുദ്ധസമാനമായ സാഹചര്യം സംജാതമായിരിക്കുകയാണ്.(Major powers face off in the Atlantic, Russian submarine guards oil tanker that violated US sanctions)
മുമ്പ് 'ബെല്ല 1' എന്ന് അറിയപ്പെട്ടിരുന്ന ഈ കപ്പൽ റഷ്യയുടെ നിയമവിരുദ്ധ എണ്ണക്കടത്ത് ശൃംഖലയായ 'ഷാഡോ ഫ്‌ലീറ്റിന്റെ' ഭാഗമാണെന്നാണ് അമേരിക്കയുടെ വാദം. വെനസ്വേലയിൽ നിന്ന് എണ്ണ കയറ്റാൻ ശ്രമിച്ച ഈ ടാങ്കറിനെ യുഎസ് തടയാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ ഉദ്യോഗസ്ഥർ കപ്പലിൽ കയറാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് മാറ്റി.
കപ്പലിന്റെ പേര് 'മാരിനേര' എന്ന് മാറ്റുകയും പുറംഭാഗത്ത് റഷ്യൻ പതാക പെയിന്റ് ചെയ്യുകയും ചെയ്തു. കൃത്യമായ പരിശോധനകളില്ലാതെ തന്നെ കപ്പലിനെ തങ്ങളുടെ രാജ്യത്ത് രജിസ്റ്റർ ചെയ്യാൻ അനുവദിച്ച റഷ്യ, ഇപ്പോൾ അതിന് കനത്ത സൈനിക സംരക്ഷണം ഉറപ്പാക്കിയിരിക്കുകയാണ്.
ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് യുഎസ് സൈന്യത്തിന്റെ സതേൺ കമാൻഡ് വ്യക്തമാക്കി. ഒരു സിവിലിയൻ കപ്പലിനെ അമേരിക്ക പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നിലവിൽ ഐസ്‌ലാൻഡിന് സമീപത്തുകൂടി റഷ്യയിലെ മുർമാൻസ്‌ക് (Murmansk) തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പൽ സഞ്ചരിക്കുന്നത്. കപ്പലിന് തൊട്ടടുത്ത് റഷ്യൻ അന്തർവാഹിനിയും നാവിക വ്യൂഹവും നിലയുറപ്പിച്ചിട്ടുള്ളതിനാൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.