ധാക്ക: ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Hazrat Shahjalal International Airport) ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാർഗോ വില്ലേജിന്റെ ഒരു ഭാഗത്ത് വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വിമാനത്താവളത്തിൽ നിന്ന് ആകാശത്തേക്ക് കട്ടിയുള്ള ഇരുണ്ട പുക ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു.
തീ നിയന്ത്രണ വിധേയമാക്കി
സംഭവമറിഞ്ഞ ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നി രക്ഷാ സേന, ബംഗ്ലാദേശ് വ്യോമസേന അഗ്നിശമന യൂനിറ്റ്, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുടെ സംയുക്ത സംഘങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായി സായുധ സേനയുടെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) അറിയിച്ചു.
ഇറക്കുമതി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുന്ന കാർഗോ വില്ലേജിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്താവളത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എം.ഡി. മസൂദുൽ ഹസൻ മസൂദ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്ന് ഉറപ്പ് നൽകുകയും ചെയ്തു.