

കാരക്കാസ്: മയക്കുമരുന്ന് കടത്ത് തടയുന്നതിനായി യുഎസുമായി കരാറിലേർപ്പെടാൻ വെനസ്വേല സന്നദ്ധമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ (Nicolas Maduro) അറിയിച്ചു. സ്പാനിഷ് പത്രപ്രവർത്തകൻ ഇഗ്നേഷ്യോ റാമോണറ്റുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീഷണിയിലൂടെയും സൈനിക നീക്കങ്ങളിലൂടെയും വെനസ്വേലയിലെ ഭരണം മാറ്റാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് മഡുറോ കുറ്റപ്പെടുത്തി.
വെനസ്വേലയിലെ എണ്ണ ശേഖരത്തിൽ അമേരിക്കയ്ക്ക് താല്പര്യമുണ്ടെങ്കിൽ ഷെവ്‌റോൺ കമ്പനിയെപ്പോലെ നിക്ഷേപം നടത്താൻ യുഎസ് കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്ന് മഡുറോ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല.
വെനസ്വേലൻ തീരത്തെ മയക്കുമരുന്ന് താവളങ്ങളിൽ കഴിഞ്ഞയാഴ്ച സിഐഎ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതിനെക്കുറിച്ച് സംസാരിക്കാം" എന്നായിരുന്നു മഡുറോയുടെ മറുപടി. വെനസ്വേലൻ മണ്ണിൽ അമേരിക്ക നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സൈനിക നീക്കമാണിത്. മയക്കുമരുന്ന് കടത്ത് തടയാൻ വെനസ്വേലൻ തീരങ്ങളിൽ നടത്തുന്ന ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ഇതുവരെ 35 ബോട്ടുകൾ തകർക്കുകയും 115 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിക്കോളാസ് മഡുറോയ്‌ക്കെതിരെ അമേരിക്ക നേരത്തെ കുറ്റം ചുമത്തിയിരുന്നു. എന്നാൽ തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് വെനസ്വേലയുടെ വാദം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഈ സൈനിക ഇടപെടൽ മേഖലയിൽ വൻ യുദ്ധഭീതി ഉയർത്തുന്നുണ്ട്.
Venezuelan President Nicolás Maduro has expressed openness to negotiating an agreement with the U.S. to combat drug trafficking, despite ongoing military pressure from the Trump administration. While offering opportunities for U.S. oil investment, Maduro remained silent on a recent CIA-led drone strike targeting a suspected cartel docking area on Venezuelan soil. This escalation follows months of U.S. naval operations in the Caribbean that have resulted in the deaths of over 115 people and the destruction of 35 vessels linked to smuggling.