അരക്ക് കിഴ്‌പോട്ട് തുടയോ കാലോ ഇല്ല, പലരും അവളെ കണ്ട് സഹതപിച്ചു, മറ്റുചിലർ കളിയാക്കി; തന്റെ ശരീരത്തിന്റെ പകുതിയുമായി ലോകം കീഴടക്കിയ മാദെമോയിസെൽ ഗബ്രിയേൽ | Mademoiselle Gabrielle The Half-Woman

ധൈര്യത്തിന് വൈകല്യത്തെ എങ്ങനെ പരാജയപ്പെടുത്താൻ കഴിയും എന്നതാണ് ഗബ്രിയേലിന്റെ കഥ
Mademoiselle Gabrielle The Half-Woman
Published on

1900-കളുടെ തുടക്കകാലം. യൂറോപ്പിലും അമേരിക്കയിലും നഗരങ്ങളെ വിസ്മയിപ്പിച്ച സർകസ്സുകളും സൈഡ്‌ഷോകളും സജീവമായിരുന്ന കാലഘട്ടം. മനുഷ്യ ശരീരത്തിന്റെ വൈകല്യങ്ങളെയും വ്യത്യസ്തയെയും കാഴ്ചവസ്തുവാക്കിയിരുന്ന വിചിത്ര കാലം. ശാരീരികമായി പ്രത്യേകതകളുള്ള വ്യക്തികളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്ന ഈ ലോകത്ത്, തന്റെ സൗന്ദര്യവും മനോധൈര്യവും കൊണ്ട് കാണികളെ കൈയിലെടുത്ത ഒരു ഷോഗേൾ ഉണ്ടായിരുന്നു. ഷോഗേൾ എന്ന് പറയുമ്പോൾ സർകസ്സുകളിൽ ഓടിയും പാടിയും കാണികളെ കൈയിലെടുക്കുന്ന ഷോഗേൾ അല്ല — മറിച്ച്, തന്റെ ശരീരത്തിന്റെ പകുതിയുമായി ലോകത്തെ കീഴടക്കിയ സ്ത്രീ.

ശരീരത്തിൽ അരക്ക് കിഴ്‌പോട്ട് തുടയോ കാലോ ഇല്ലാത്തൊരു സ്ത്രീ. അതായിരുന്നു ഒരുകാലത്തെ ഫ്രിക്‌ഷോകളിലെ താരമായിരുന്നു മാദെമോയിസെൽ ഗബ്രിയേൽ (Mademoiselle Gabrielle). ജന്മനാ അരക്ക് കിഴ്‌പോട്ട് യാതൊരു ശരീരഭാഗവും ഇല്ലാതെ ജനിച്ച ഗബ്രിയേൽ തന്റെ ശാരീരിക പരിമിതികളിൽ തളരാതെ, ഒളിച്ചോടാതെ, ലോകം അറിയപ്പെടുന്ന കലാകാരിയായ മാറി. 'പകുതി സ്ത്രീ' (The Half-Woman), 'കാലില്ലാത്ത അത്ഭുതം' (The Legless Wonder) എന്നീ പേരുകളിലാണ് ഇവർ ലോകമെമ്പാടും അറിയപ്പെട്ടത്. ധൈര്യത്തിന് വൈകല്യത്തെ എങ്ങനെ പരാജയപ്പെടുത്താൻ കഴിയും എന്നതാണ് ഗബ്രിയേലിന്റെ കഥ.

1884-ൽ സ്വിറ്റ്‌സർലൻഡിലെ ബേസലിലാണ് ഗബ്രിയേലിന്റെ ജനനം. ജന്മനാ കാലുകളില്ലാതെയാണ് ഗബ്രിയേൽ ജനിക്കുന്നത്. കാലുകൾ മാത്രമല്ല അരക്ക് താഴെ തുടയോ കാൽമുട്ടോ ഒന്നും തന്നെ ഇല്ലാതെയാണ് ഗബ്രിയേൽ ജനിക്കുന്നത്. ശാരീരിക വൈകല്യങ്ങളാൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ദൈവ കോപത്തിന്റെ ഫലമാണ് എന്ന് വിശ്വസിച്ചിരുന്ന കാലത്തായിരുന്നു ഗബ്രിയേലിന്റെ ഈ വ്യത്യസ്ത ജനനം. പലരും കാലുകൾ ഇല്ലാത്ത കുഞ്ഞിനെ കണ്ടു സഹതപിച്ചു, മറ്റുചിലർ കളിയാക്കി. എന്നാൽ ഇതൊന്നും കുഞ്ഞ് ഗബ്രിയേൽ കാര്യമാക്കിയില്ല. ആരുടെ മുന്നിലും തലകുനിക്കാനോ തോൽക്കാനോ അവൾ തയ്യാറായിരുന്നില്ല.

വ്യത്യസ്ത ശരീരമുള്ള മനുഷ്യർ സർക്കസ്സുകളുടെ ഭാഗമാകുന്ന കാലമായിരുന്നു അത്. അതിനാൽ തന്നെ തന്റെ കാലുകൾ ഇല്ലാത്ത ശരീരവും കാണികൾ ഇഷ്ടപ്പെടും എന്ന് ഗബ്രിയേലിന് അറിയാമായിരുന്നു. അങ്ങനെ 1900 ൽ, പതിനാറാം വയസ്സിൽ പാരിസ് യൂണിവേഴ്സൽ എക്‌സ്‌പോസിഷന്റെ ഭാഗമാകുന്നു. തന്റെ ആദ്യ ഷോയിൽ തന്നെ ഗബ്രിയേലിന് വലിയതോതിലുള്ള സ്വീകാര്യത കാണികളിൽ നിന്നും ലഭിക്കുന്നു. ഈ അരങ്ങേറ്റം ഗബ്രിയേലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. വളരെപ്പെട്ടാണ് കാലുകൾ ഇല്ലാത്ത സ്ത്രീയുടെ കഥ യൂറോപ്പിൽ കാട്ടുതീ പോലെ പടരുന്നത്. അങ്ങനെ ഗബ്രിയേൽ ഭാഗമാകുന്ന പരിപാടികൾ കാണുവാൻ വിദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്തി തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കയിലും ഗബ്രിയേൽ താരമായി. യൂറോപ്പിൽ നേടിയ വിജയം അവരെ അമേരിക്കൻ സർക്കസ് ലോകത്തേക്ക് നയിച്ചു.

അമേരിക്കയിൽ, കോണി ഐലൻഡിലെ പ്രശസ്തമായ ഡ്രീംലാൻഡ് സർക്കസ് സൈഡ്ഷോയിലും, ലോകപ്രശസ്തമായ റിംഗ്‌ലിംഗ് ബ്രദേഴ്‌സ് ബാർണും & ബെയ്‌ലി സർക്കസ് ഗ്രൂപ്പിലുമെല്ലാം ഗബ്രിയേൽ പ്രധാന ആകർഷണമായി. ശരീരത്തിന്റെ പ്രത്യേകതകൾ പ്രദർശിപ്പിച്ചിരുന്ന മറ്റ് കലാകാരന്മാരിൽ നിന്ന് ഗബ്രിയേലിനെ വ്യത്യസ്തയാക്കിയത് അവരുടെ അന്തസ്സുള്ള അവതരണ രീതിയായിരുന്നു. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാഷനിലുള്ള വസ്ത്രങ്ങളാണ് ഗബ്രിയേൽ ധരിച്ചിരുന്നത്. വിലകൂടിയ ആഭരണങ്ങളും മനോഹരമായ അലങ്കാര വസ്തുക്കളും ഉപയോഗിച്ച് അവർ ഓരോ ഷോയിലും ഒരു രാജ്ഞിയെപ്പോലെ തിളങ്ങി. താൻ ഒരു ദുരന്തകഥാപാത്രമല്ല, മറിച്ച് ഒരു കലാകാരിയാണ് എന്ന് അവർ സ്വയം വിശ്വസിച്ചു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർ പ്രവർത്തിച്ചു, അത് വിജയം കണ്ടു.

ഗബ്രിയേൽ ഒരിക്കലും ആരുടെയും കണ്ണിൽ ഒരു ദുരന്തകഥാപാത്രമായിരുന്നുല്ല. അവളെ അറിയാവുന്ന മനുഷ്യർക്ക് അവൾ ഒരു താരമായിരുന്നു. ഇന്നത്തെ കാലത്തേ സിനിമാ താരങ്ങളെ പോലെ അവർക്കും ആരാധകർ ഏറെയായിരുന്നു. സൈഡ്ഷോ അല്ലെങ്കിൽ ഫ്രിക്ഷോകളിൽ ഗബ്രിയേലിനെ പോലെയുള്ള കലാകാരന്മാരെ നിയന്ത്രിച്ചിരുന്നത് അവരുടെ മുതലാളിമാർ അല്ലെങ്കിൽ രക്ഷാധികാരിയായിരിക്കും. എന്നാൽ ഇതിൽ നിന്നൊക്കെ ഗബ്രിയേൽ വ്യത്യസ്തയായിരുന്നു. തന്റെ കരാറുകൾ, പ്രതിഫലം, അവതരണ രീതി എന്നിവയിലെല്ലാം ഗബ്രിയേൽ സ്വന്തമായി തീരുമാനിച്ചു. സ്വന്തമായി സമ്പാദിക്കുകയും പ്രശസ്തി നേടുകയും ചെയ്ത ഒരു ശക്തയായ സ്ത്രീയായിരുന്നു അവർ. ഒരു പലക പോലുള്ള വസ്തുവിൽ വിലകൂടിയ വസ്ത്രങ്ങൾ അണിഞ്ഞ്, ചെറു പുഞ്ചിരിയോടെയുള്ള ഗബ്രിയേലിന്റെ ചിത്രം ഏറെ പ്രശസ്തമാണ്. വാടകനാടക (Vaudeville) വേദികളിലും ഗബ്രിയേൽ സജീവമായിരുന്നു. ന്യൂയോർക്കിലെ ഹാമർസ്റ്റീൻ വിക്ടോറിയ പോലുള്ള പ്രമുഖ തിയേറ്ററുകളിൽ അവർ പ്രകടനം നടത്തിയിരുന്നു.

Summary

Mademoiselle Gabrielle, known as “The Half-Woman,” was born in Switzerland in 1884 without the lower half of her body. Refusing pity, she transformed her difference into strength, becoming a celebrated performer with the Ringling Brothers and Barnum & Bailey Circus. Her life stands as a timeless reminder that human worth lies not in physical completeness, but in courage and spirit.

Related Stories

No stories found.
Times Kerala
timeskerala.com