പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ 5 പേർ കൂടി അറസ്റ്റിൽ. പ്രതികളിൽ ഒരാൾ മ്യൂസിയത്തിനകത്ത് കടന്ന് രത്നങ്ങൾ മോഷ്ടിച്ച നാൽവർ സംഘത്തിലുള്ളതാണെന്നാണ് പോലീസ്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 7 ആയി.
പാരീസിലും പരിസര മേഖലകളിലുമായി നടത്തിയ റെയ്ഡിലാണ് വ്യാഴാഴ്ച രാത്രിയോടെ 5 പ്രതികളെ പിടികൂടിയത്. ഇവരുടെ ഫോണുകളും എൻക്രിപ്റ്റ് ചെയ്ത മെസ്സേജുകളും പിടിച്ചെടുത്ത മറ്റു വസ്തുക്കളും പോലീസ് പരിശോധിക്കുകയാണ്. ഒരാളുടെ ഡിഎൻഎ പരിശോധനഫലം ക്രൈം സീനിൽ നിന്നു ലഭിച്ചതുമായി ഒത്തുപോകുന്നു പോലീസ്.
ഒക്ടോബർ 19ന് രാവിലെയായിരുന്നു പാരിസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ ലോകത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. 102 മില്യൺ ഡോളറാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നത്.