

ബെംഗാസി: തെക്കുകിഴക്കൻ ലിബിയയിലെ കുഫ്ര പട്ടണത്തിൽ മനുഷ്യക്കടത്തുകാർ നടത്തിയിരുന്ന രഹസ്യ ജയിലിൽ നിന്ന് ഇരുന്നൂറിലധികം കുടിയേറ്റക്കാരെ സുരക്ഷാ സേന മോചിപ്പിച്ചു (Libya Migrant Crisis). ഭൂമിക്കടിയിൽ ഏകദേശം മൂന്ന് മീറ്റർ താഴ്ചയിൽ നിർമ്മിച്ച കുഴികളിലാണ് ഇവരെ തടവിലാക്കിയിരുന്നത്. സോമാലിയ, എറിത്രിയ എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
മനുഷ്യക്കടത്തുകാർ അതീവ രഹസ്യമായാണ് ഈ തടവറ നടത്തിയിരുന്നത്. മോചിപ്പിക്കപ്പെട്ടവരിൽ ചിലർ രണ്ട് വർഷത്തിലേറെയായി ഈ ഇരുട്ടറകളിൽ കഴിഞ്ഞവരാണ്. അതിക്രൂരമായ പീഡനങ്ങളാണ് ഇവർ നേരിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നാണ് ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചു. കുടിയേറ്റക്കാരെ അടിമകളാക്കി വെക്കുകയും പണം തട്ടാനായി പീഡിപ്പിക്കുകയും ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിൽ.
2011-ൽ മുഅമ്മർ ഗദ്ദാഫി പുറത്താക്കപ്പെട്ടതിന് ശേഷം ലിബിയയിൽ നിലനിൽക്കുന്ന അസ്ഥിരാവസ്ഥയാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന താവളമാണ് ഇന്ന് ലിബിയ. കഴിഞ്ഞയാഴ്ച കിഴക്കൻ ലിബിയയിൽ ഒരു കൂട്ടക്കുഴിമാടത്തിൽ നിന്ന് 21 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കുഫ്ര മേഖലയിൽ മാത്രം കഴിഞ്ഞ വർഷം 39 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ രഹസ്യ ജയിൽ നടത്തിയിരുന്ന ആളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Libyan security authorities freed over 200 migrants from an underground secret prison in Kufra, where they were held in inhuman conditions for up to two years. The victims, mainly from Somalia and Eritrea, included women and children who suffered severe torture by human traffickers. This incident underscores the ongoing exploitation of migrants in Libya, a key transit point for those fleeing poverty and conflict to reach Europe.