

ടെൽ അവീവ്: 2023 ഒക്ടോബർ മുതൽ ഇസ്രായേലി കസ്റ്റഡിയിൽ കുറഞ്ഞത് 98 പലസ്തീനികൾ മരിച്ചതായും യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ട്. ഇസ്രായേൽ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ്-ഇസ്രായേൽ (PHRI) ൻ്റെ പുതിയ റിപ്പോർട്ടിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഗാസയിൽ നിന്ന് തടവിലാക്കപ്പെട്ട പലരെയും കണ്ടെത്താനാകാത്തതിനാൽ യഥാർത്ഥ മരണസംഖ്യ കണക്കെടുക്കുന്നതിലും കൂടുതലാണ് എന്നാണ് അവകാശപ്പെടുന്നത്.
ഇസ്രായേലിൻ്റെ ഔദ്യോഗിക രേഖകൾ, വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ, ഫോറൻസിക് റിപ്പോർട്ടുകൾ, അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായുള്ള അഭിമുഖങ്ങൾ, തടവിലാക്കപ്പെട്ടവരുടെ മൊഴികൾ എന്നിവയെല്ലാം PHRI തങ്ങളുടെ റിപ്പോർട്ടിനായി ഉപയോഗിച്ചു. റിപ്പോർട്ട് അനുസരിച്ച്, ശാരീരിക അതിക്രമം, വൈദ്യസഹായം നിഷേധിക്കൽ എന്നിവ മൂലമാണ് പലസ്തീനികൾ മരിച്ചത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇസ്രായേൽ ജയിൽ സർവീസിൻ്റെ (IPS) കസ്റ്റഡിയിൽ 46 പലസ്തീനികൾ മരിച്ചു. ഇസ്രായേലി സൈനിക കസ്റ്റഡിയിൽ ഗാസയിൽ നിന്നുള്ള 52 പലസ്തീനികൾ മരിച്ചു.
നൂറുകണക്കിന് പലസ്തീനികളുടെ ഇപ്പോഴത്തെ അവസ്ഥ ഇന്നും അജ്ഞാതമായി തുടരുന്നതിനാൽ, യഥാർത്ഥ മരണസംഖ്യ രേഖപ്പെടുത്തിയതിലും വളരെ കൂടുതലാണ് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ തടവിലുള്ള പലസ്തീനികളെക്കുറിച്ചുള്ള വിവരങ്ങൾ റെഡ് ക്രോസിന് നൽകുന്നത് ഇസ്രായേൽ അധികൃതർ നിർത്തിവെച്ചിരുന്നു. അതേസമയം, റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇസ്രായേൽ ജയിൽ സർവീസ് (IPS) തങ്ങൾ നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ തടവുകാർക്കും നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ചുള്ള അവകാശങ്ങളും വൈദ്യസഹായവും ലഭിക്കുന്നുണ്ടെന്നും പ്രതികരിച്ചു.
A new report from the Israel-based rights group Physicians for Human Rights-Israel (PHRI) indicates that at least 98 Palestinians have died while in Israeli custody since October 2023, with the true death toll likely being much higher due to hundreds of detainees from Gaza remaining unaccounted for.