ലണ്ടൻ: പുതുവത്സരാഘോഷത്തിനായി ദുബായിലേക്ക് പുറപ്പെട്ട നൂറുകണക്കിന് യാത്രക്കാർ സാങ്കേതിക തകരാറിനെത്തുടർന്ന് ലണ്ടനിൽ കുടുങ്ങി. ഡിസംബർ 31-ന് ഉച്ചയ്ക്ക് ലണ്ടൻ ഹീത്രൂവിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സിന്റെ എയർബസ് എ380 (EK002) വിമാനമാണ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കിയത്.(Landing gear failure, Emirates A380 plane with 500 passengers lands back in London)
വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡിംഗ് ഗിയർ ഡോർ ശരിയായി അടയുന്നില്ലെന്ന് കാബിൻ ക്രൂ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ലാൻഡിംഗിന് അനുവദനീയമായതിലും കൂടുതൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാൽ, ഭാരം കുറയ്ക്കാനായി ഏകദേശം ഒന്നര മണിക്കൂറോളം വിമാനം തെക്കുകിഴക്കൻ ലണ്ടൻ ആകാശത്ത് 10,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്നു.
ഇന്ധനം എരിച്ചുതീർത്ത ശേഷം വൈകുന്നേരം 4.28-ഓടെ വിമാനം ഹീത്രൂ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തി. മുൻകരുതലിന്റെ ഭാഗമായി റൺവേയിൽ എമർജൻസി വാഹനങ്ങൾ സജ്ജമാക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 500ഓളം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.