

ഓസ്‌ട്രേലിയ, പ്രകൃതിയുടെയും വിചിത്രമായ വന്യജീവികളുടെയും ആവാസകേന്ദ്രം. താഴേക്കുള്ള ഭൂമി എന്നറിയപ്പെടുന്ന ഈ രാജ്യം അതിരുകളില്ലാത്ത മരുഭൂമികൾ, മഴക്കാടുകൾ, പ്രശസ്തമായ തീരപ്രദേശങ്ങൾ എന്നിവയാൽ സമ്പന്നമാണ്. എന്നാൽ ഈ ദ്വീപ് രാഷ്ട്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വസ്തുത പലരെയും അത്ഭുതപ്പെടുത്തും, ഇവിടെ മനുഷ്യരെക്കാൾ കൂടുതൽ കങ്കാരുക്കളാണ് ഉള്ളത്. നമ്മുടെ കേരളത്തേക്കാൾ ജനസംഖ്യ കുറവുള്ള ഈ രാജ്യത്തിലെ ഭൂരിപക്ഷം രണ്ടു കാലിൽ ഓടുന്ന കങ്കാരുക്കളാണ്. (Land of More Kangaroos than People)
2025 ലെ കണക്കുകൾ അനുസരിച്ച് രണ്ട് കോടി എഴുപത് ലക്ഷമാണ് ഓസ്‌ട്രേലിയയുടെ ജനസംഖ്യ. എന്നാൽ, അഞ്ചു കോടിയോളമാണ് ഇവിടുത്തെ കങ്കാരുക്കളുടെ എണ്ണം. അതായത്, ഓരോ വ്യക്തിക്കും രണ്ടു കങ്കാരുക്കൾ വീതം എന്നതാണ് കണക്ക്. ചുരുക്കത്തിൽ മനുഷ്യനും കങ്കാരുക്കളും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടാൽ ആരാകും ജയിക്കുക എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ.
പ്രകൃതിയുടെ അത്ഭുതം
ഓസ്‌ട്രേലിയയുടെ ദേശീയ ചിഹ്നമായ കങ്കാരുക്കൾ, രാജ്യത്തിന്റെ സംസ്കാരത്തിലും ജീവിതത്തിലും ആഴത്തിൽ വേരൂന്നിയതാണ്. വിശാലമായ പുൽമേടുകളിലും വരണ്ട പ്രദേശങ്ങളിലും അവ വളരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ആശ്രയിച്ചിരിക്കും അവയുടെ പ്രജനന നിരക്ക്. വർഷങ്ങളോളം സമൃദ്ധമായ മഴ പെയ്യുമ്പോൾ അവയുടെ എണ്ണം കുതിച്ചുയരുന്നു. ഒരാൾക്ക് ഏകദേശം രണ്ട് കങ്കാരുക്കൾ എന്ന നിലയിൽ, അവയുടെ സാന്നിധ്യം ഓസ്‌ട്രേലിയയുടെ വന്യതയെയും പ്രകൃതിയുടെ ശക്തിയെയും എടുത്തുകാട്ടുന്നു. ഓസ്‌ട്രേലിയയുടെ ഗ്രാമപ്രദേശങ്ങളിൽ, കങ്കാരു കൂട്ടം ചിലപ്പോൾ റോഡ് ഗതാഗതത്തെ തന്നെ ബാധിച്ചേക്കാം, "കങ്കാരു ക്രോസിംഗ്" എന്ന മുന്നറിയിപ്പ് നൽകുന്ന അടയാളങ്ങൾ ഒരു പതിവ് കാഴ്ചയാണ് ഇവിടെ.
കങ്കാരുക്കളുടെ എണ്ണത്തിലെ വർദ്ധനവ് ഒരു വശത്ത് കൗതുകകരമാണെങ്കിലും, അത് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു. കങ്കാരുക്കൾ കർഷകരുടെ കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിക്കുന്നത് ഓസ്‌ട്രേലിയയിലെ നിത്യ കാഴ്ചയാണ്. അവയുടെ എണ്ണം കൂടുന്നത് ഭക്ഷണത്തിനായി മറ്റ് പ്രാദേശിക വന്യജീവികളുമായി മത്സരിക്കുന്നതിന് കാരണമാകുന്നു. രാത്രിയിൽ റോഡുകളിൽ അലഞ്ഞുതിരിയുന്ന കങ്കാരുക്കൾ ഗതാഗത അപകടങ്ങൾക്കും കാരണമാകുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
ഈ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ ശാസ്ത്രീയ മാർഗങ്ങൾ തേടുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് കങ്കാരുക്കളെ വേട്ടയാടാൻ അനുവദിക്കുന്ന 'വാണിജ്യ വിളവെടുപ്പ്' പദ്ധതി. അംഗീകൃത വേട്ടക്കാർ ലൈസൻസ് ഉപയോഗിച്ച് കങ്കാരുക്കളെ കൊല്ലുന്നു. ജനസംഖ്യ നിയന്ത്രിക്കാനും കർഷകർക്ക് ആശ്വാസം നൽകാനുമാണ് ഇത് ലക്ഷ്യമിടുന്നത്. ഇങ്ങനെ വേട്ടയാടി ശേഖരിക്കുന്ന മാംസം മനുഷ്യ ഉപഭോഗത്തിനും, തുകൽ ഉൽപ്പന്നങ്ങൾ, വ്യാവസായിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു. ചില ഓസ്‌ട്രേലിയൻ റെസ്റ്റോറന്റുകളിൽ കങ്കാരുവിന്റെ മാംസം നിരവധി പോഷക ഗുണങ്ങളുള്ള ഒരു റെഡ് മീറ്റായി വിൽപന ചെയ്യുന്നുണ്ട്.
കങ്കാരുക്കൾ എന്ന അത്ഭുത ജീവികൾ
ഒരു മണിക്കൂറിൽ 30 മൈലുകൾ വരെ കങ്കാരുക്കൾക്ക് സഞ്ചരിക്കാൻ സാധിക്കും. കങ്കാരുക്കളെ പറ്റി പറയുമ്പോൾ ആദ്യം മനസിലേക്ക് എത്തുക നിലത്ത് തൊടാതെ ചാടി ചാടി നടക്കുന്ന ഇവയുടെ ചിത്രമാകും. ഇങ്ങനെ ഉയരത്തിൽ പൊങ്ങി ചാടാൻ കങ്കാരുക്കളെ സഹായിക്കുന്നത് ഇവരുടെ വലുകളാണ്. ഒറ്റയടിക്ക് 30 അടി വരെ പൊങ്ങി ചാടുവാൻ ഇവർക്ക് കഴിയും. നീന്താനും കങ്കാരുക്കൾ മിടുക്കരാണ്, എന്നാൽ ഇവർക്ക് പിന്നോട്ട് ചലിക്കാൻ കഴിയില്ല.
Summary: Australia, known for its vast deserts, rainforests, and beaches, has more kangaroos than humans — nearly 50 million kangaroos compared to 27 million people. These national symbols are deeply tied to Australian culture but their growing numbers pose challenges to farmers and wildlife balance. Despite this, kangaroos remain a powerful emblem of Australia’s wild beauty and resilience.