

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്നാണ് ഫിൻലൻഡ് അറിയപ്പെടുന്നത്. കുറ്റകൃത്യനിരക്ക് കുറഞ്ഞതും, സാമൂഹിക സുരക്ഷയും സമാധാനവും ഉറപ്പുനൽകുന്ന ജീവിതവുമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. രാത്രികൾ പോലും ഭയമില്ലാതെ കടന്നുപോകുന്ന ഒരു നാട്. എന്നാൽ ഈ ശാന്തതയ്ക്കിടയിലും ഫിൻലാൻഡിനെ പതിറ്റാണ്ടുകളായി വേട്ടയാടുന്ന ഒരു കറുത്ത അധ്യായമുണ്ട്. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഫിന്നിഷ് ജനതയുടെ ഓർമ്മകളിൽ ഭീതിയുടെ തണുപ്പ് പടർത്തുന്ന ഒരു അജ്ഞാത കൊലപാതക പരമ്പര. ആറ് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു തടാകക്കരയിൽ നടന്ന ആ നരനായാട്ട് ഇന്നും ഒരു ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. ലോകം 'ലേക് ബോഡോം കൊലപാതകങ്ങൾ' (Lake Bodom Murders) എന്ന് ഭീതിയോടെ വിളിക്കുന്ന ആ നിഗൂഢതയുടെ നാൾവഴികളിലൂടെ.
1960 ജൂൺ 4. ഫിൻലാൻഡിലെ എസ്പോയിലുള്ള ബോഡോം തടാകക്കരയിലേക്ക് ക്യാമ്പിംഗിനായി നാല് കൗമാരക്കാർ എത്തുന്നു. 18 വയസ്സുകാരായ നീൽസ് ഗുസ്താഫ്സണും സെപ്പോ ബോയിസ്മാനും, അവരുടെ പെൺസുഹൃത്തുക്കളായ മെയ്ലി ബിജോർക്ലണ്ടും അന്ന മക്കിയും. തടാകക്കരയിലെ സുന്ദരമായ സായാഹ്നത്തിന് ശേഷം അവർ തങ്ങൾ കൊണ്ടുവന്ന നൈലോൺ ടെന്റിനുള്ളിൽ ഉറങ്ങാൻ കിടന്നു. എന്നാൽ ആ സമാധാനപരമായ അന്തരീക്ഷം അധികം നീണ്ടുനിന്നില്ല. പുലർച്ചെ 4 മണിക്കും 6 മണിക്കും ഇടയിൽ, ആ തടാകക്കരയുടെ ശാന്തത തകർത്ത് കൊണ്ട് ഒരു അജ്ഞാതൻ അവിടെ പ്രത്യക്ഷപ്പെട്ടു.
മറ്റ് കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇവിടെ കൊലയാളി ടെന്റിനുള്ളിലേക്ക് കടന്നില്ല. മറിച്ച്, ടെന്റിന് പുറത്തു നിന്ന് കൊണ്ട് തുണിക്ക് മുകളിലൂടെ കത്തികൊണ്ടും കല്ലുകൊണ്ടും അതിശക്തമായി ആക്രമിക്കുകയായിരുന്നു. ഉള്ളിലുള്ളവർക്ക് പുറത്തേക്ക് വരാനോ പ്രതിരോധിക്കാനോ കഴിയാത്ത വിധം ടെന്റ് വെട്ടിപ്പൊളിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 11 മണിയോടെ ആ പ്രദേശം സന്ദർശിക്കാനെത്തിയ കുട്ടികളാണ് തകർന്നുപോയ ടെന്റിന് മുകളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ അവരെ കണ്ടെത്തുന്നത്.
മെയ്ലി ബിജോർക്ലണ്ട്, അന്ന മക്കി, സെപ്പോ ബോയിസ്മാൻ എന്നിവർ കൊല്ലപ്പെട്ടിരുന്നു. മെയ്ലിയുടെ ശരീരം അരയ്ക്കുതാഴെ വസ്ത്രങ്ങൾ മാറ്റപ്പെട്ട നിലയിലായിരുന്നു. എന്നാൽ നീൽസ് ഗുസ്താഫ്സൺ എന്ന 18 വയസ്സുകാരൻ തലയ്ക്കും താടിയെല്ലിനും ഗുരുതരമായ പരിക്കുകളോടെ മൃതദേഹങ്ങൾക്കിടയിൽ നിന്നും ജീവനോടെ കണ്ടെടുത്തു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പോലീസിനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, കൊലയാളി കുട്ടികളുടെ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോയില്ല. പകരം അവരുടെ ഷൂസുകൾ മാത്രം അവിടുന്ന് അപ്രത്യക്ഷമായി. പിന്നീട് 500 മീറ്റർ അകലെയുള്ള കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഈ ഷൂസുകൾ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പോലീസ് പലരെയും സംശയിച്ചു. ആ പ്രദേശത്തെ കിയോസ്‌ക് ഉടമയായ കാൾ ഗൈൽസ്ട്രോം ആയിരുന്നു അതിൽ പ്രമുഖൻ. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തതോടെ ആ വഴി അടഞ്ഞു. മറ്റൊരു സംശയിതൻ ഹാൻസ് അസ്മാൻ എന്ന കെജിബി ചാരനായിരുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ഇയാൾ ആശുപത്രിയിൽ എത്തിയത് അസ്വാഭാവികമായ സാഹചര്യത്തിലായിരുന്നുവെങ്കിലും കൃത്യമായ തെളിവുകൾ അയാൾക്കെതിരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
2004-ൽ, അതായത് കൊലപാതകം നടന്ന് 44 വർഷങ്ങൾക്ക് ശേഷം ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോലീസ് ഏക രക്ഷകനായ നീൽസ് ഗുസ്താഫ്സണെ അറസ്റ്റ് ചെയ്തു. ആധുനിക ഡിഎൻഎ പരിശോധന പ്രകാരം കുട്ടികളുടെ ഷൂസുകളിൽ നീൽസിന്റെ രക്തം കണ്ടെത്തിയതായിരുന്നു പ്രധാന കാരണം. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ 2005-ൽ നടന്ന വിചാരണയിൽ നീൽസിനെതിരെയുള്ള തെളിവുകൾ ദുർബലമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും ഭീകരമായ പരിക്കേറ്റ ഒരാൾക്ക് സ്വന്തം സുഹൃത്തുക്കളെ കൊന്ന് തെളിവുകൾ നശിപ്പിക്കാൻ കഴിയില്ലെന്ന് കോടതി കണ്ടെത്തിയതോടെ നീൽസ് കുറ്റവിമുക്തനായി.
ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ബോഡോം തടാകത്തിലെ ആ രാത്രി ഒരു നിഗൂഢതയായി തുടരുന്നു. ആ രാത്രിയിൽ ടെന്റിന് പുറത്ത് കത്തിയും കല്ലുമായി നിന്ന ആ അജ്ഞാതൻ ആരായിരുന്നു? എന്തിനായിരിക്കും കൊലയാളി ഇരകളുടെ ഷൂസുകൾ മാത്രം മോഷ്ടിച്ച് കാട്ടിൽ ഒളിപ്പിച്ചത്? ഫിൻലാൻഡിലെ മഞ്ഞുകാലം പോലെ തണുത്തുറഞ്ഞ ഈ ചോദ്യങ്ങൾക്കിടയിൽ ലേക് ബോഡോം കൊലപാതകങ്ങൾ ഇന്നും ഒരു തീരാരഹസ്യമാണ്.
The Lake Bodom murders were a brutal 1960 crime in Espoo, Finland, where three teenagers were killed during a camping trip by Lake Bodom while a fourth was seriously injured. The attack occurred in the early morning hours inside or around a tent, involving severe head trauma caused by a sharp weapon. Despite multiple investigations and the later arrest and acquittal of survivor Nils Gustafsson, the case remains officially unsolved.