രോഗികളെ 'സഹായിക്കുക' എന്ന മറവിൽ, വൃദ്ധരും ദുർബലരുമായ രോഗികളെ അവർ തിരഞ്ഞുപിടിച്ചു; യാതൊരു ദയയും കൂടാതെ കൊലപ്പെടുത്തിയത് ഇരുനൂറോളം മനുഷ്യരെ; ലോകത്തെ ഞെട്ടിച്ച 'മരണത്തിന്റെ മാലാഖമാർ' | Lainz Angels of Death

ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിക്കപ്പെടുന്ന നഴ്‌സുമാർ യാതൊരു ദയയും കൂടാതെ കൊലപ്പെടുത്തിയത് ഇരുനൂറോളം മനുഷ്യരെ
death
Published on

1989 ഏപ്രിൽ മാസത്തിലെ ഒരു രാത്രി, ഓസ്ട്രിയയിലെ വിയന്ന പട്ടണം. പട്ടണത്തിലെ ഏറെ പ്രശസ്തമായ ജെറിയാട്രിസെൻട്രം ആം വീനർവാൾഡ് (Geriatriezentrum am Wienerwald) ആശുപത്രിയിലെ തന്റെ പതിവ് ഡ്യൂട്ടി സമയം കഴിഞ്ഞ് അടുത്തുള്ള പ്രാദേശിക മദ്യശാലയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു ഒരു യുവ ഡോക്ടർ. ക്ഷീണിതനായ ഡോക്ടർ ഒഴിഞ്ഞ ഒരു ടേബിളിൽ ചെന്ന് ഇരിക്കുന്നു. എന്നാൽ പെട്ടന്നായിരുന്നു, ഏറെ സുപരിചിതമായ രണ്ടു സ്ത്രീകളുടെ ശബ്ദം അയാളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ആദ്യം ആരോക്കെയാണ് ആ സ്ത്രീകൾ എന്ന് അയാൾക്ക് മനസ്സിലായില്ല, എന്നാൽ ഒരൽപം കൂടി ശ്രദ്ധിച്ചപ്പോഴാണ് ആ സ്ത്രീകൾ അയാൾ ജോലി ചെയുന്ന ആശുപത്രിയിലെ രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാരായിരുന്നു എന്ന് മനസ്സിലാകുന്നത്. വാൾട്രൗഡ് വാഗ്‌നറും (Waltraud Wagner) മരിയ ഗ്രൂബറും (Maria Gruber) കാര്യമായി എന്തൊക്കെയോ പറഞ്ഞ് ഉറക്കെ ചിരിക്കുന്നു.

സാധാരണ സൗഹൃദ സംഭാഷണമാണെന്ന് കരുതി ആദ്യം അവഗണിച്ചെങ്കിലും, അടുത്ത നിമിഷം കേട്ട വാക്കുകൾ ആ ഡോക്ടറെ ഞെട്ടിച്ചു. കൂസലില്ലാതെ, ചിരിച്ചു കൊണ്ട് ഇരുവരും സംസാരിച്ചത്, തങ്ങൾ ഒരു രോഗിയെ മരണത്തിലേക്ക് തള്ളിവിട്ടതിനെ കുറിച്ചായിരുന്നു. ഒരു നിമിഷം ആ ഡോക്ടർ സ്വന്തം കാതുകളെ വിശ്വസിക്കാൻ മടിച്ചു, ഒരുപക്ഷെ താൻ കേട്ടത് മാറിപോയതാകും എന്നാണ് അയാൾ കരുതിയത്. കാതുകൾ കൂർപ്പിച്ച് അയാൾ അവർ പറയുന്നത് കേൾക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അവർ വീണ്ടും വീണ്ടും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നത് ഒരേകാര്യം, എങ്ങനെയാണ് അവർ രോഗികളെ കൊലപ്പെടുത്തിയത് എന്ന്. “വാട്ടർ ക്യൂർ” എന്ന പേരിൽ രോഗികളെ അവർ ക്രൂരമായി കൊലപ്പെടുത്തിയതിന് കഥകൾ പറഞ്ഞായിരുന്നു ഇരുവരും ചിരിച്ചത്.

നഴ്‌സുമാരുടെ സംഭാഷണത്തിൽ ഗൗരവം മനസിലാക്കിയ ഡോക്ടർ ആ രാത്രി അവസാനിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രി അധികാരികളെയും പോലീസിനെയും വിവരം അറിയിച്ചു. അതോടെ, പുറം ലോകം അറിയുന്നത് കാരുണ്യത്തിന്റെ കരങ്ങളായി കണക്കാക്കുന്ന 'മാലാഖമാർ' ഒരു കൊലപാതക സംഘമായി മാറിയ കഥയാണ്. 1983–1989 ഇടയിൽ ഒട്ടനവധി രോഗികളുടെ ജീവൻ അപഹരിച്ച നഴ്‌സുമാരുടെ കഥയാണ് ഇത്. ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിക്കപ്പെടുന്ന നഴ്‌സുമാർ യാതൊരു ദയയും കൂടാതെ കൊലപ്പെടുത്തിയത് ഇരുനൂറോളം മനുഷ്യരെ.

മരണത്തിന്റെ മാലാഖമാർ

1983 മുതൽ 1989 വരെ, ആറുവർഷം കൊണ്ട് വിയന്നയിലെ ആ ആശുപത്രിയിൽ അപ്രതീക്ഷിതമായി മരണസംഖ്യ ഉയരുകയായിരുന്നു. മരണപ്പെട്ടവർ വൃദ്ധരായത് കൊണ്ട് വാർദ്ധക്യസഹജമായ രോഗം മൂലമാണ് രോഗികൾ മരണപ്പെട്ടത് എന്നായിരുന്നു പ്രഥാമിക നിഗമനം. അതിനാൽ തന്നെ ദിനംപ്രതി വർധിച്ചു വന്ന മരണസംഖ്യ ആരും അത്രവലിയ കാര്യമാക്കിയില്ല. എന്നാൽ, അതൊന്നും സ്വാഭാവിക മരണങ്ങളായിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഒരു കൂട്ടം നഴ്‌സുമാർ നടത്തിയ നര വേട്ടയായിരുന്നു. ലെയ്ൻസ് എയ്ഞ്ചൽസ് ഓഫ് ഡെത്ത്” (Lainz Angels of Death) എന്ന കുപ്രസിദ്ധി നേടിയ മരണത്തിന്റെ നാലു മാലാഖമാറായിരുന്നു ഇതിനെല്ലാം പിന്നിൽ.

ഈ സംഘത്തിൽ വാൾട്രൗഡ് വാഗ്‌നറിനും മരിയ ഗ്രൂബറിനും പുറമെ ഐറീൻ ലീഡോൾഫ് (Irene Leidolf), സ്റ്റെഫാനിജ മേയർ (Stephanija Meyer) എന്നിവരും ഉൾപ്പെട്ടിരുന്നു. ഒന്നിന് പിറകെ ഒന്നായി ഈ നാലുപേരും വകവരുത്തിയത് നൂറുകണക്കിന് മനുഷ്യരെ.

ദയയുടെ മറവിൽ കൊലപാതകം

1983 വാഗ്‌നറായിരുന്നു ആദ്യമായി ചികിത്സക്കായി എത്തിയ രോഗിയെ കൊല്ലപ്പെടുന്നത്. കഠിനമായി വേദന അനുഭവിച്ചിരുന്ന ഒരു രോഗി വാഗ്‌നറോട് തനിക്ക് ഇനിയും ഈ വേദന സഹിക്കാൻ കഴിയില്ല, എങ്ങനെ എങ്കിലും ഒന്ന് കൊന്നു തരണം എന്ന് അപേക്ഷിച്ചുവത്രെ. അങ്ങനെ രോഗിയുടെ അപേക്ഷ പ്രകാരം അധിക അളവിൽ മോർഫിൻ കുത്തിവച്ച് കൊലപെടുതുകയായിരുന്നു. എന്നാൽ, ഈ സംഭവം വാഗ്‌നറുടെ ചിന്തയെ തന്നെ മാറ്റിമറിക്കുന്നു. ദൈവത്തിന് മാത്രമേ ഒരു മനുഷ്യന് ജീവൻ നൽകാനും അത് എടുക്കാനും കഴിയൂ. വേദന സഹിച്ച് ജീവിച്ച മനുഷ്യനെ താൻ മോചിപ്പിച്ചതോടെ താനും ദൈവ തുല്യയാണ് എന്ന ചിന്ത അവളുടെ ഉള്ളിലേക്ക് കടന്നു കൂടി. മറ്റൊരാളുടെ ജീവിതത്തിന് മേൽ അധികാരം സ്ഥാപിക്കാൻ കഴിയുമെന്ന ചിന്ത അവളിൽ ഒരുതരം ലഹരിയായി മാറി.

ഈ ലഹരിയിൽ അവൾ മറ്റു മൂന്ന് പേരെക്കൂടെ ഉൾപ്പെടുത്തി. "ഞാൻ ദൈവിക പ്രവർത്തിയാണ് ചെയുന്നത്, വേദനയിൽ കഴിയുന്ന രോഗികളെ നമ്മുക്ക് ഒത്തു ചേർന്ന് മോചിപ്പിക്കാം"- വാഗ്‌നറുടെ ഈ വാക്കുകൾ കേട്ട മൂവരും കൂടെകൂടി. അതോടെ ആ ആശുപത്രിയിൽ ഒന്നിന് പിറകെ ഒന്നായി അവർ സാധുമനുഷ്യരെ കൊലപ്പെടുത്തി. ആദ്യം അത് കരുണയായിരുന്നു, പിന്നീടത് ആസക്തിയായി മാറി. രോഗികളെ 'സഹായിക്കുക' എന്ന മറവിൽ, വൃദ്ധരും ദുർബലരുമായ രോഗികളെ അവർ തിരഞ്ഞുപിടിച്ച് കൊന്നു. മോർഫിൻ അമിത അളവിൽ കുത്തിവച്ച് കൊലപ്പെടുത്തുന്നു, എന്നാൽ മോർഫിന്റെ ഉപയോഗം പെട്ടന്ന് തന്നെ ഹോസ്പിറ്റൽ അധികൃതർക്ക് കണ്ടെത്തുവാൻ സാധിക്കും എന്ന് മനസ്സിലാക്കിയ സംഘം കൊലപാതക രീതി തന്നെ മാറ്റുന്നു. അതിനായി അവർ കണ്ടെത്തിയ പുതിയ രീതിയായിരുന്നു വാട്ടർ ക്യൂർ.

വാട്ടർ ക്യൂർ- ഇരകളെ മുക്കിക്കൊല്ലുന്ന വിനോദം

രോഗിയുടെ വായിലൂടെ വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന രീതിയായിരുന്നു വാട്ടർ ക്യൂർ. രോഗികൾ കിടക്കയിൽ ശാന്തമായി ഉറങ്ങുമ്പോൾ, സംഘത്തിലെ രണ്ടോ മൂന്നോ പേർ ചേർന്നായിരുന്നു ഈ ക്രൂരത നടപ്പാക്കിയിരുന്നത്. ഒരാൾ രോഗിയുടെ തല മുറുക്കി പിടിക്കുമ്പോൾ മറ്റുള്ളവർ കൈയും കാലും അമർത്തിപിടിക്കുന്നു. ഒരു നഴ്‌സ് രോഗിയുടെ മൂക്ക് ഞെക്കിപ്പിടിക്കുമ്പോൾ, മറ്റൊരാൾ രോഗിയുടെ വായയിൽ വലിയ അളവിൽ വെള്ളം ഒഴിക്കുന്നു. വെള്ളം ശ്വാസകോശത്തിൽ പ്രവേശിച്ച് രോഗി ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുന്നു. വൃദ്ധരിൽ ശ്വാസകോശത്തിൽ നീർക്കെട്ട് അഥവാ ഫ്ലൂയിഡ് എന്നത് ഏറെ സാധാരമായ അവസ്ഥയായിരുന്നു, അതിനാൽ പ്രഥാമിക പരിശോധനയിൽ ഡോക്ടർമാർ പോലും മരണകാരണം 'സ്വാഭാവിക മരണം' എന്ന് രേഖപ്പെടുത്തി.

രോഗിയുടെ മരണം ഒരു കാരുണ്യമാണെന്ന് തോന്നിയപ്പോൾ, കൊലപാതകം ഒരു സേവനമായി മാറി. ചിലർക്ക് മോർഫിൻ അമിതമായി നൽകി, മറ്റു ചിലർക്ക് ഇൻസുലിൻ. ചിലപ്പോൾ അവർ മരുന്നുകൾ കലർന്ന പാനീയങ്ങൾ നൽകി രോഗികൾക്ക് 'മോചനം' നൽകി. ചില രോഗികളെ അവർ കൊന്നത്, അവർ ശല്യക്കാരായി, ശബ്ദമുണ്ടാക്കി, അല്ലെങ്കിൽ നഴ്‌സുമാരുടെ നിർദ്ദേശങ്ങൾ അനുസരിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ടായിരുന്നു.

ഒടുവിൽ പിടിയിലാകുന്ന മാലാഖമാർ

ഡോക്ടർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നു. അങ്ങനെ ആറു വർഷത്തോളം നീണ്ടു നിന്ന മനുഷ്യ കുരുതിയുടെ കഥകൾ ചുരുളഴുയുന്നു. അറസ്റ്റിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ വാഗ്‌നർ കുറ്റസമ്മതം നടത്തുന്നു. തൊട്ട് പിന്നാലെ മറ്റുള്ളവരും നാളിതുവരെ നടത്തിയ എല്ലാ കൊലപാതകങ്ങളും തുറന്നു പറയുന്നു. ആകെ 49 കൊലപാതകങ്ങൾ നടത്തിയതായി നാലുപേരും കുറ്റസമ്മതം നടത്തിയെങ്കിലും, 1983-നും 1989-നും ഇടയിൽ 200-ൽ അധികം രോഗികളുടെ മരണത്തിൽ അവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. വിചാരണ സമയത്ത് ഈ നഴ്‌സുമാർ തങ്ങളുടെ പ്രവൃത്തികൾ കരുണയുടെ പേരിലായിരുന്നെന്ന് വാദിച്ചിരുന്നത്. എന്നാൽ, കൊലപാതകങ്ങളുടെ രീതിയും ഉദ്ദേശവും ക്രൂരത നിറഞ്ഞതാണെന്ന് കോടതി കണ്ടെത്തി.

ഓസ്ട്രിയൻ നിയമമനുസരിച്ചുള്ള ശിക്ഷാ കാലയളവുകൾ പരിഗണിച്ച്, 2008-ഓടെ നാലുപേരും ജയിൽ മോചിതരാക്കുന്നു. 2008-ൽ, വാഗ്‌നറും ലൈഡോൾഫും നല്ല പെരുമാറ്റം മൂലം മോചിതരായി. മറ്റു രണ്ടുപേരും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. പൊതുജനരോഷം ഭയന്ന് ഇവർക്ക് പുതിയ പേരുകൾ നൽകി രഹസ്യമായി താമസിപ്പിക്കുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ട ഇരകളുടെ കുടുംബങ്ങളുടെ പ്രതിഷേധവും, ഈ കൊലപാതകികൾ സ്വാതന്ത്ര്യത്തിലേക്ക് മടങ്ങിയെത്തിയതിൽ ഓസ്ട്രിയൻ ജനതയുടെ രോഷവും നിറഞ്ഞ ഈ കേസ് വേദനാജനകമായ ഒരു ഓർമ്മയായി ഇന്നും തുടരുന്നു. ആരോഗ്യ സംരക്ഷണത്തിലുള്ള ഏറ്റവും വലിയ വിശ്വാസ വഞ്ചനയുടെ കഥയാണ് മരണത്തിന്റെ മാലാഖമാരുടേത്.

Summary: The Lainz Angels of Death were four Austrian nurses — Waltraud Wagner, Maria Gruber, Irene Leidolf, and Stefanija Meyer — who murdered elderly patients at Vienna’s Geriatriezentrum am Wienerwald hospital between 1983 and 1989. Their crimes came to light when a doctor accidentally overheard them laughing about killing patients using a “water cure.” The case shocked Austria, revealing how caregivers of compassion had turned into a chilling death squad responsible for over 200 murders.

Related Stories

No stories found.
Times Kerala
timeskerala.com