എട്ട് ദിവസം അവധിക്ക് അപേക്ഷിച്ചതിന് പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, അനുഭവം പങ്കുവച്ച് യുവതി. കൊറിയയിൽ ജോലി ചെയ്യുന്ന വിദേശിയായ യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പല കൊറിയൻ കമ്പനികളിലും ഇതുപോലെ കർശനമായ അവധി നയങ്ങളാണ് എന്നാണ് പറയുന്നത്. അഞ്ച് ദിവസം മാത്രമാണ് പല കമ്പനികളും ഒരുമിച്ച് ലീവ് അനുവദിക്കുന്നത്. റെബേക്ക (@rebeccainkorea__) എന്ന യുവതിയാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ അനുഭവം വിവരിച്ചിരിക്കുന്നത്. 'കൊറിയയിലെ എന്റെ ജോലി എനിക്ക് നഷ്ടപ്പെട്ടു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. (Korea)
ജോലിസ്ഥലത്തുണ്ടായ മറ്റ് സമ്മർദ്ദങ്ങളെ കുറിച്ചും റെബേക്ക വിവരിക്കുന്നുണ്ട്. പലപ്പോഴും ലോഗ് ഔട്ട് സമയത്ത് പുതിയ ജോലികൾ ഏല്പിക്കുകയും അത് വേഗത്തിൽ ചെയ്ത് തീർക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യാറുണ്ട്. ബോസ് ആണെങ്കിൽ ഓരോ 15 മിനിറ്റ് കൂടുമ്പോഴും 'അതെന്തായി, ഇതുവരെ തീർത്തില്ലേ' തുടങ്ങിയ മെസ്സേജുകളും അയച്ചുകൊണ്ടിരിക്കും. ഇതിന് പുറമെയാണ് അവൾ ഒരു എട്ട് ദിവസത്തെ ലീവ് ചോദിക്കുന്നതും അതിന് പിന്നാലെ അവൾക്ക് ജോലി നഷ്ടപ്പെടുന്നതും. ഇതാണ് എപ്പോഴും സോഫ്റ്റായ മനുഷ്യർക്ക് സംഭവിക്കുന്നത് എന്നും റെബേക്ക പറഞ്ഞു. തന്നെ കമ്പനിക്ക് മനസിലാവും എന്നാണ് കരുതിയത്. ശമ്പളമില്ലാതെ ഒരുപാട് ഓവർടൈം ജോലി താൻ ചെയ്തിട്ടുണ്ട് എന്നും അവൾ സൂചിപ്പിച്ചു.
റെബേക്കയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അവൾക്ക് പിന്തുണ അറിയിച്ചും തളരരുത് എന്ന് ഓർമ്മിപ്പിച്ചും കമന്റ് നൽകിയിരിക്കുന്നത്. 'ഇതൊരു പാഠമായി ഉൾക്കൊള്ളുക, നിങ്ങളുടെ പരിധികൾ നിങ്ങൾ തന്നെ നിശ്ചയിക്കുക, അല്ലെങ്കിൽ എപ്പോഴും ആളുകൾ നിങ്ങളെ മുതലെടുത്തു കൊണ്ടേയിരിക്കും' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ആ ഓഫ് നിങ്ങൾ അർഹിക്കുന്നതാണ്, ഇത് നിങ്ങളുടെ തെറ്റല്ല' എന്നായിരുന്നു മറ്റൊരാൾ പോസ്റ്റിന് കമന്റ് നൽകിയത്. പെട്ടെന്ന് തന്നെ നല്ലൊരു ജോലി കണ്ടെത്താൻ സാധിക്കട്ടെ എന്നും പലരും അഭിപ്രായപ്പെട്ടു.