
ഭൂമിയുടെ ചരിത്രം പരിണാമത്തിന്റെയും അതിജീവനത്തിന്റെയും വംശനാശത്തിന്റെയും തുടർച്ചയായ കഥയാണ്. ഭൂമിയിൽ ഉണ്ടായതിൽ വച്ച ഏറ്റവും വലിയ വംശനാശത്തിന്റെ ശക്തമായ ഉദാഹരണങ്ങളിലൊന്നാണ് ദിനോസറുകൾ. 160 ദശലക്ഷം വർഷത്തിലേറെ ഭൂമിയെ അടക്കിഭരിച്ച വമ്പൻമാർ ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പാടെ തുടച്ചു നിക്കപ്പെട്ടു. ഭൂമിയിൽ പതിച്ചൊരു ഉൾക്കായാണ് 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിലുണ്ടായിരുന്ന 75 ശതമാനത്തോളം വരുന്ന ജീവനുകൾ കവർന്നത്. (Know why species become extinct)
പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ് ഇത്തരം കൂട്ട വംശനാശങ്ങൾ സംഭവിച്ചിരുന്നതെങ്കിൽ, ഇന്ന്, ജീവജാലങ്ങളുടെ വംശനാശത്തിന്റെ ഒരു പ്രധാന പങ്ക് മനുഷ്യന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വനനശീകരണം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അമിതവേട്ട, അധിനിവേശ ജീവിവർഗങ്ങളുടെ ആവിർഭാവം എന്നിവയാണ് ഒരു ജീവി വർഗത്തെ വംശനാശത്തിലേക്ക് തള്ളി വിടുന്നത്. വേൾഡ് അറ്റ്ലസിന്റെ കണക്കുകൾ പ്രകാരം, 21-ാം നൂറ്റാണ്ടിൽ കുറഞ്ഞത് 17 ജന്തുജാലങ്ങളെങ്കിലും ഇതിനകം വംശനാശം സംഭവിച്ചിട്ടുണ്ട്. നിലവിലെ വംശനാശ നിരക്ക് സ്വാഭാവിക നിരക്കിനേക്കാൾ ഏറെ ആശങ്ക ഉണർത്തുന്നതാണ്. ജന്തുജാലങ്ങങ്ങളെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റുന്ന വംശനാശത്തിലേക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ആവാസവ്യവസ്ഥയിലെ വ്യതിയാനങ്ങൾ
ആവാസവ്യവസ്ഥയുടെ നാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ജീവിവർഗങ്ങളുടെ വംശനാശത്തിന് പ്രധാന കാരണം. വനനശീകരണം, മലിനീകരണം തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങൾ ആവാസവ്യവസ്ഥയുടെ നാശത്തിനും കാരണമാകുന്നു, ഇത് ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഹരിതഗൃഹ വാതക ഉദ്‌വമനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം താപനിലയിലും മഴയുടെ രീതിയിലും മാറ്റങ്ങൾക്ക് കാരണമാകുന്നു. പല ജീവിവർഗങ്ങൾക്കും ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാനോ പുതിയ സ്ഥലങ്ങളിലേക്ക് ദേശാടനം ചെയ്യാനോ കഴിയില്ല. അതിന്റെ ഫലമായി അവ വംശനാശത്തിലേക്ക് തള്ളപ്പെടുന്നു. ഫോർമോസൻ ക്ലൗഡഡ് പുള്ളിപ്പുലി, സ്പിക്‌സിന്റെ മക്കാവ്, ബ്രാംബിൾ കേ മെലോമിസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മനുഷ്യന്റെ വരവിനും, വേട്ടയാടലിലും അനുസൃതമായി പൊരുത്തപ്പെടാൻ കഴിയാതെ വംശനാശം സംഭവിച്ച ജീവികളാണ് ഡോഡോ, പാസഞ്ചർ പീജിയൻ, ഗ്രേറ്റ് ഓക്ക്.
രോഗങ്ങൾ
രോഗങ്ങൾ പല ജീവിവർഗങ്ങളുടെ വംശനാശത്തിൽ നിർണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് ചെറുതായോ ഒറ്റപ്പെട്ടതോ ആയ സംഖ്യകളിലുള്ള ജീവികളിൽ. പുതിയതായോ അതിവേഗം പടരുന്നതോ ആയ ഇത്തരം ദുർബല വിഭാഗങ്ങൾ രോഗം ബാധിച്ച് ഇല്ലാതെയാകുന്നു. ചൈട്രിഡിയോമൈക്കോസിസ് (Chytridiomycosis) എന്ന ഫംഗസ് രോഗമാണ് ഉഭയജീവികളുടെ വംശനാശത്തിന് പിന്നിലെ പ്രധാന കാരണം. ടാസ്മാനിയൻ ഡെവിളുകളുടെ എണ്ണം ഒരു പകർച്ചവ്യാധി മൂലം കുറഞ്ഞു. ക്രിസ്മസ് ദ്വീപിലെ എലികൾ അജ്ഞാത രോഗങ്ങൾ കാരണം അകെ അപ്രത്യക്ഷമായി.
ഭക്ഷ്യലഭ്യത കുറവ്
ഭക്ഷ്യലഭ്യതയിൽ ഉണ്ടായ കുറവ് പല ജീവിവർഗങ്ങളെയും വംശനാശ ഭീഷണിയിലേക്ക് തള്ളിവിട്ടു. പലപ്പോഴും മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന് വനനശീകരണം, അമിത വേട്ടയാടൽ, സമുദ്രസ്രോതസ്സുകളുടെ ചൂഷണം മുതലായവ. സ്റ്റെല്ലേഴ്സ് സീ കൗ, അവ ആശ്രയിച്ചിരുന്ന കടൽ ചെടികൾ വളരുന്ന കാടുകളിലെ ജീവികളെ അമിതമായി വേട്ടയാടിയതിനാൽ ഭക്ഷണമില്ലാതെയായി. അതോടെ ഇരയുടെ ലഭ്യതക്കുറവ് കാരണം സ്റ്റെല്ലേഴ്സ് സീ കൗ ഭൂമിയിൽ നിന്നും അപ്രതീക്ഷിതമായി.
വേട്ടയാടലും ചൂഷണവും
വേട്ടയാടൽ കാരണം നിരവധി ജീവിവർഗങ്ങൾ വംശനാശം സംഭവിച്ചു അല്ലെങ്കിൽ ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്നു. ഡോഡോ, സ്റ്റെല്ലേഴ്സ് സീ കൗ, പാസഞ്ചർ പിജിയൻ എന്നിവ മനുഷ്യരുടെ ചൂഷണത്തിന് ഇരയായി വംശനാശം സംഭവിച്ചു. അമിതമായ ചൂഷണം എന്നത് ഒരു ജീവിവർഗത്തിന്റെ അമിതമായ വേട്ടയാടൽ, മീൻപിടുത്തം അല്ലെങ്കിൽ വിളവെടുപ്പ് എന്നിവയെ സൂചിപ്പിക്കുന്നു, ഇത് അതിന്റെ ജനസംഖ്യയിൽ കുറവുണ്ടാക്കുകയും ഒടുവിൽ വംശനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ടാസ്മാനിയൻ കടുവ, വിവിധ ഇനം കാണ്ടാമൃഗങ്ങൾ, ആനയിലെ വ്യത്യസ്ത ഇനങ്ങൾ, കടുവകൾ, ഗ്രേറ്റ് ഓക്കുകൾ, അമുർ പുള്ളിപ്പുലികൾ, ഗൊറില്ലകൾ തുടങ്ങിയവ വംശനാശ ഭീഷിണി നേരിടുന്നു.
മറ്റ് ജീവിവർഗങ്ങളുടെ അധിനിവേശം
ഒരു സ്ഥലത്ത് പുതിയ ജീവിവർഗങ്ങളുടെ ആവിർഭാവം മറ്റു ജീവിവർഗങ്ങളുടെ വംശനാശത്തിന് കാരണമായി തിരുന്നു. ഡോഡോ പക്ഷി, കവായ്, പിന്റ ദ്വീപിലെ ഭീമൻ ആമ എന്നിവ പന്നികൾ, പൂച്ചകൾ, എലികൾ, കൊതുകുകൾ, ആടുകൾ, മറ്റ് സസ്യഭുക്കുകൾ തുടങ്ങിയ ജീവികൾ കാരണം വംശനാശം സംഭവിച്ചു.
ജീവജാലങ്ങളുടെ വംശനാശം ഭൂമിയിലെ സ്വാഭാവിക സംഭവങ്ങളിൽ ഒന്ന് മാത്രമാണ്. കാലത്തിന് അനുസരിച്ച് ചില ജീവനുകൾ ഭൂമിയിൽ നിന്നും പ്രകൃതി തന്നെ നീക്കം ചെയ്യുന്നു, ഇത് തീർത്തും സ്വാഭാവികമാണ്. എന്നാൽ മനുഷ്യരുടെ ഇടപെടലുകൾ മൂലം ഇല്ലാതെയാകുന്ന ജന്തുജാലനങ്ങളുടെ പട്ടിക വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില വംശനാശങ്ങൾ അനിവാര്യമായിരുന്നുവെങ്കിലും, പലതും മനുഷ്യൻ ജാഗ്രതയോടെ ഇടപ്പെട്ടിരുന്നുവെങ്കിൽ തടയാനാകുമായിരുന്നു. ഭൂമിയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി കൂടുതൽ സന്തുലിതവും ആരോഗ്യകരവുമായ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനും വംശനാശത്തിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നത് നിർണായകമാണ്.