
ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ അടിത്തറ പാകുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെവലുതാണ്. അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് നടത്തുന്നത് അധ്യാപകരാണ്. സ്വപ്നം കാണുവാനും നല്ല മനുഷ്യരാക്കാനും പഠിപ്പിച്ചവരാണ് ഗുരുക്കന്മാർ. ഗുരുക്കന്മാരെ ആദരിക്കാനും അവരുടെ മഹത്തായ സേവനങ്ങളെ സ്മരിക്കാനും എല്ലാ വർഷവും ലോക അധ്യാപക ദിനം ആചരിക്കുന്നു. ഇന്ന് ഒക്ടോബർ 5 ലോക അധ്യാപക ദിനം (World Teachers' Day).
1994-ലാണ് യുനെസ്കോ ഒക്ടോബർ 5 ലോക അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. അധ്യാപകരുടെ പദവിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെയും യുനെസ്കോയുടെയും സംയുക്ത ശുപാർശ 1966 ഒക്ടോബർ 5-ന് അംഗീകരിച്ചതിൻ്റെ സ്മരണാർത്ഥമായാണ് ഈ ദിനം അധ്യാപക ദിനമായി തിരഞ്ഞെടുത്തത്. യുണിസെഫ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ, ശാസ്ത്ര, യുനെസ്കോ അന്താരാഷ്‌ട്ര അധ്യാപക ദിനം ആചരിക്കുന്നത്.
അധ്യാപകരുടെ സംഭാവനകളെ ഓർക്കുവാനുള്ള ഒരു അവസരം മാത്രമല്ല ഈ ദിനം, മറിച്ച് അവരുടെ കഴിവുകളും തൊഴിലും പൂർണ്ണമായി വിനിയോഗിക്കുന്നതിന് ആവശ്യമായ പിന്തുണയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ്. അധ്യാപന തൊഴിലിന്റെയും അതിനെ നിലനിർത്തുന്ന സംവിധാനങ്ങളുടെയും ആഗോള പാതയെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള അവസരം കൂടിയാണ് ഈ ദിനം. സമൂഹത്തിന്റെ ഉന്നമനത്തിനായി അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഗോളതലത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ അധ്യാപകർ നടത്തുന്ന അക്ഷീണ പരിശ്രമങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഈ ദിനാചരണം പ്രചോദനമാകുന്നു.
"മാതാ, പിതാ, ഗുരു, ദൈവം" എന്ന സങ്കൽപ്പത്തിൽ, ദൈവത്തിന്നും തൊട്ടുമുമ്പുള്ള സ്ഥാനമാണ് ഗുരുക്കന്മാർക്ക്. ഒരു ശിൽപി എങ്ങനെയാണോ കല്ലിൽ ജീവൻകൊത്തിയെടുക്കുന്നത് അതുപോലെയാണ് ഓരോ വ്യക്തിയെയും അധ്യാപകർ കൊത്തിയെടുക്കുന്നത്. ഈ ലോക അധ്യാപക ദിനത്തിൽ, നമ്മുടെ ജീവിതത്തിൽ വെളിച്ചം പകർന്നു നൽകിയ ഓരോ അധ്യാപകർക്കും നമ്മുടെ സ്നേഹവും ആദരവും അറിയിക്കാം.