
ദിനംപ്രതി വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന തലക്കെട്ടാണ് തെരുവുനായ ആക്രമണം. തെരുവുനായകളും അവയുടെ അക്രമവും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. നമ്മുടെ ഇന്ത്യയിൽ മാത്രം പ്രതിവർഷം ഇരുപതിനായിരത്തിലധികം മനുഷ്യരാണ് പേവിഷബാധ മൂലം മരണപ്പെടുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും തെരുവുനായ ആക്രമണങ്ങളെ കുറിച്ചുള്ള വാർത്തകൾ സജീവമാകുന്ന വേളയിലാണ് മറ്റൊരു പേവിഷബാധ ദിനം കൂടി കടന്നു വരുന്നത്. ഇന്ന് സെപ്റ്റംബർ 28, ലോക പേവിഷബാധ ദിനം (World Rabies Day).
പേവിഷബാധയുടെ (Rabies) ഭവിഷ്യത്തിനെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, പേവിഷബാധ എന്ന മാരക രോഗത്തെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ലോക പേവിഷബാധ ദിനം ആചരിച്ചു പോരുന്നത്. മനുഷ്യ ജീവന് വെല്ലുവിളി ഉയർത്തുന്ന ഈ രോഗത്തെക്കുറിച്ച് ശെരിയായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകി പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരെയും ഒരുപോലെ പങ്കാളികളാക്കുക എന്നതാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇത് വെറുമൊരു ദിനാചരണം മാത്രമല്ല ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു ദിനം കൂടിയാണ് ഇത്. പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിൻ വികസിപ്പിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂയി പാസ്ചർ അന്തരിച്ചതിൻ്റെ ഓർമ്മ ദിനമാണ് സെപ്റ്റംബർ 28. പേവിഷ ബാധ ആഗോളതലത്തിൽ നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ലൂയി പാസ്ചറുടെ സംഭാവനകൾക്ക് ആദരവ് അർപ്പിക്കുവാൻ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.
എന്താണ് പേവിഷ ബാധ?
ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ (റാബീസ്). ലിസ വൈറസാണ് പേവിഷ ബാധക്ക് പിന്നിൽ. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും അപകടകാരി പേവിഷബാധയാണ്. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം പ്രധാനമായും പിടിപ്പെടാറുള്ളത്. പന്നി, കഴുത, കുതിര കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നി മൃഗങ്ങളേയും പേവിഷബാധ ബാധിക്കാറുണ്ട്. രോഗംബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ, മൃഗങ്ങളുടെ കടികൊണ്ടോ മാന്തു കൊണ്ടോ ഉണ്ടായ മുറിവിൽക്കൂടെ ശരിര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തപ്പെട്ടു കേന്ദ്രനാഡീവ്യൂഹത്തിൽ കൂടി സഞ്ചരിച്ച് , സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നു. തളർച്ച മാത്രം പ്രകടിപ്പിക്കുന്ന ഒരിനം പേവിഷബാധയുമുണ്ട്. മനുഷ്യരിൽ പേവിഷം ബാധിക്കുന്നവരിൽ 30% ഇതായിരിക്കുമെങ്കിലും പലപ്പോഴും രോഗം തിരിച്ചറിയാൻ ഏറെ വൈകിയേക്കും. ഇത് രോഗിയുടെ മരണത്തിന് കാരണമാക്കുന്നു. പ്രകടമായ ലക്ഷണങ്ങള്‍ രോഗിയിൽ കണ്ടുകഴിഞ്ഞാല്‍ വൈദ്യശാസ്ത്രത്തിന് രോഗിയെ രക്ഷിക്കുക എന്നത് ദുഷ്കരമാണ്.
മൃഗങ്ങൾക്കും മനുഷ്യർക്കും സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകുക എന്നത് മാത്രമാണ് പേവിഷ ബാധയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. അതുകൊണ്ടു തന്നെ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യത്തെ ഈ ദിനം ഊന്നിപ്പറയുന്നു. ഏതെങ്കിലും മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ഉടൻ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം, സമയബന്ധിതമായി കടിയേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിച്ച് ആൻ്റി-റേബീസ് വാക്സിനേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. "ഇപ്പോൾ പ്രവർത്തിക്കുക: നിങ്ങൾ, ഞാൻ, സമൂഹം"(Act Now: You, Me, Community) എന്നതാണ് ഈ വർഷത്തെ പേവിഷബാധ ദിന പ്രമേയം. പേവിഷബാധയ്ക്കെതിരെ പൊതുജനം ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പ്രമേയം വിരൽ ചൂണ്ടുന്നത്.