ഭൂമിയുടെ അതിജീവനത്തിന്‍റെ കവചം, ജീവജാലങ്ങളുടെ സംരക്ഷണ പാളി; ഇന്ന് ലോക ഓസോൺ ദിനം | World Ozone Day

World Ozone Day
Published on

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി.  ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാമായ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളുടെ ഭൂരിഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു. അതിനാൽ തന്നെ ഓസോൺ പാളിയെ ഭൂമിയുടെ “പ്രകൃതിദത്ത പ്രതിരോധ കവചം” എന്നാണ് അറിയപ്പെടുന്നത്. ഭൂമിയുടെ സുസ്ഥിരമായ നിലനിൽപ്പിന് ഓസോൺ പാളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചുരുക്കത്തിൽ ഭൂമിയുടെ അതിജീവനം ഓസോണ്‍ പാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ( World Ozone Day).

ഭൂമിയെ ഒരു കവചം എന്ന പോലെ സംരക്ഷിക്കുന്ന ഓസോൺ പാളി ഇന്ന് ഒട്ടനവധി വെല്ലുവിളികൾ നേരിടുന്നു. വ്യാവസായിക മലിനീകരണവും, ക്ലോറോഫ്ലൂറോ കാർബണുകൾ (CFCs) പോലുള്ള രാസവസ്തുക്കളും ഓസോൺ പാളിയെ ഗൗരവമായി ബാധിച്ചിരിക്കുകയാണ്. ഓസോൺ പാളിയുടെ ശോഷണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങൾ തേടുന്നതിനുമായി എല്ലാ വർഷവും സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനമായി ആചരിച്ചു പോരുന്നു. ഓസോൺ പാളി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം എന്നും ഈ ദിനം അറിയപ്പെടുന്നു. ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കൾക്കെതിരെ മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പുവച്ചതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്.

ഭൂമിയുടെ പുതപ്പാണ് ഓസോൺ പാളി. ഒരു കുടപോലെയാണ് ഈ പാളി ഭൂമിയെ കാത്തുസൂക്ഷിക്കുന്നത്. ഭൂമിയിൽ നിന്നും 10 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാതകപാളിയാണ് ഓസോൺ പാളി. ഓക്‌സിജന്‍ തന്മാത്ര പ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ വിഘടിച്ച് ഓക്‌സിജൻ ആറ്റങ്ങളായി മാറുന്നു. ഓക്‌സിജൻ ആറ്റങ്ങൾ ഓക്‌സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ വാതകം (O3) രൂപപ്പെടുന്നു, ഇങ്ങനെയാണ് ഓസോൺ പാളി രൂപപ്പെടുന്നത്. ഓസോൺ പാളി ഇല്ലെങ്കിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്പില്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ പൂര്‍ണതോതില്‍  ഭൂമിയിൽ പതിച്ചാൽ എല്ലാ ജീവജാലങ്ങളിലും മാരകരോഗങ്ങൾക്ക് കാരണമാകുന്നു. അതീവ അപകടകാരികളായ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കാതെ ഉയരത്തിൽ തന്നെ വച്ച് അൾട്രാവയലറ്റ് രശ്മികളെ തടയുന്നു.

1970-കളുടെ അവസാനം, ശാസ്ത്രജ്ഞർ അന്റാർട്ടിക്കയുടെ മുകളിൽ ഓസോൺ പാളിയിൽ വലിയൊരു തുള (Ozone Hole) രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ക്ലോറോഫ്ലൂറോ കാർബണുകൾ (CFCs), ഹാലോൺസ് എന്നീ രാസവസ്തുക്കളാണ് ഓസോൺ പാളിയുടെ ഈ തകർച്ചയ്ക്ക് പിന്നിൽ എന്ന് കണ്ടെത്തിയിരുന്നു. 1985 മാർച്ച് 22 ന്, ഓസോൺ പാളി സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ അംഗീകരിക്കുകയും 28 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. തുടർന്ന് ഓസോണ്‍ ശോഷണത്തിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇത്  മോണ്‍ട്രിയല്‍ ഉടമ്പടിയെന്ന് അറിയപ്പെടാൻ തുടങ്ങി. ഓസോൺ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉൽപ്പാദനവും ഉപയോഗവും കുറയ്ക്കുക എന്നതാണ് ഉടമ്പടിയുടെ ലക്ഷ്യം. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ ഓർമ്മക്കായാണ് എല്ലാവർഷവും സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.

ഈ വർഷത്തെ ലോക ഓസോൺ ദിനത്തിന്റെ പ്രമേയം "ശാസ്ത്രം മുതൽ ആഗോള പ്രവർത്തനം വരെ" (From science to global action) എന്നതാണ്. ഓസോൺ പാളിയുടെ ഭീഷണി തിരിച്ചറിയുന്നതിലും മോൺട്രിയൽ പ്രോട്ടോക്കോൾ വഴി ആഗോള പ്രവർത്തനം ആരംഭിക്കുന്നതിലും ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വഹിച്ച നിർണായക പങ്കിനെ ഈ പ്രമേയം എടുത്തുകാട്ടുന്നു. അറിവും അന്താരാഷ്ട്ര പ്രവർത്തനങ്ങളും സംയോജിപ്പിക്കുമ്പോൾ പാരിസ്ഥിതിക വെല്ലുവിളികളെ വിജയകരമായി നേരിടാൻ കഴിയുമെന്ന് പൊതുജനങ്ങളെ ഈ പ്രമേയം ഓർമ്മപ്പെടുത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com