
ഇന്ന്, സെപ്റ്റംബർ 29, ലോകമെമ്പാടും ലോക ഹൃദയ ദിനമായി (World Heart Day) ആചരിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും, പ്രതിരോധ നടപടികളെക്കുറിച്ച് ബോധവത്കരിക്കാനും വേണ്ടി ലോകാരോഗ്യ സംഘടനയുടെ (WHO) പങ്കാളിത്തത്തോടെ വേൾഡ് ഹാർട്ട് ഫെഡറേഷൻ (WHF) എല്ലാ വർഷവം ലോക ഹൃദയ ദിനം ആചരിക്കുന്നു. പ്രായഭേദമന്യേ ഹൃദയാരോഗ്യം ഒരു വലിയ ആശങ്കയാണ് മാറിയിരിക്കുകയാണ്. ചെറുപ്പക്കാർക്കിടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഗണ്യമായി വർദ്ധിച്ചു വരുകയാണ്. ഇതിനു പ്രധാന കാരണം തെറ്റായ ജീവിതശൈലിയാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തി നമ്മുടെ ഹൃദയത്തെ സംരക്ഷിക്കേണ്ടതുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദ്രോഗങ്ങൾ മൂലമാണ്. 30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളിൽ 32% വും ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്. ഹൃദ്രോഗ സാധ്യത അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. 'ഡോണ്ട് മിസ് എ ബീറ്റ്' എന്നതാണ് ഈ വർഷത്തെ ഹൃദയ രോഗ ദിനം പ്രമേയം.
ഹൃദ്രോഗ ലക്ഷണങ്ങൾ
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
നെഞ്ചിലെ അസ്വസ്ഥത: വിശ്രമിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ നെഞ്ചിൽ സമ്മർദ്ദമോ വേദനയോ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
കൈകളിലേക്ക് പടരുന്ന വേദന: തോളിൽ നിന്ന് തുടങ്ങി ഇടതുവശത്തെ കൈകളിലേക്ക് വേദന പ്രസരിക്കുന്നത് മറ്റൊരു പ്രധാന ലക്ഷണമാണ്.
തലചുറ്റലും തളർച്ചയും: പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുന്നതും തളരുന്നതും ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയാത്തതിൻ്റെ സൂചനയാകാം.
അമിതമായി വിയർക്കുക: ഒരു കാരണവുമില്ലാതെ, പ്രത്യേകിച്ച് ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ അമിതമായി വിയർക്കുന്നത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി കണക്കാക്കാം.
അനാരോഗ്യകരമായ ജീവിതശൈലി, വ്യായാമമില്ലായിമ പുകയിലയും മദ്യപാനവും ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ആരോഗ്യകരമായ ജീവിതശൈലി അനിവാര്യമാണ്. പഠനങ്ങൾ അനുസരിച്ച്, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, പയറുവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ കുറവുള്ളവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാൽ, ദിവസവും പഴങ്ങളും പച്ചക്കറികളും, നട്സ് , പാലുൽപ്പന്നങ്ങൾ എന്നിവയും, ആഴ്ചയിൽ പയറുവർഗ്ഗങ്ങൾ, മത്സ്യം എന്നിവയും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഹൃദയാഘാതത്തിൻ്റെ ചികിത്സ രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചായിരിക്കും. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ ഉപയോഗം, ശസ്ത്രക്രിയ എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ.