ശസ്ത്രക്രിയകൾ വേദനാരഹിതമാക്കിയ മനുഷ്യന്റെ അത്ഭുത കണ്ടുപിടിത്തം, ആധുനിക വൈദ്യശാസ്ത്രത്തിലെ വിപ്ലവം; ഇന്ന് ലോക അനസ്തേഷ്യ ദിനം | World Anaesthesia Day

World Anaesthesia Day
Published on

ഇന്ന് ഒക്ടോബർ 16, ലോക അനസ്തേഷ്യ ദിനം (World Anaesthesia Day). ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായ അനസ്തേഷ്യ വിജയകരമായി നിർവഹിക്കപ്പെട്ടതിനെ അനുസ്മരിക്കുന്നതിനായാണ് ഈ ദിനം എല്ലാ വർഷവും ആചരിക്കുന്നത്. വൈദ്യശാസ്ത്ര ചരിത്രത്തിൽ മനുഷ്യൻ്റെ ദുരിതങ്ങൾക്ക് വലിയ ആശ്വാസം നൽകിയ ഒരു സുപ്രധാന കണ്ടുപിടിത്തമായിരുന്നു അനസ്തേഷ്യ. വേദനയില്ലാത്ത ചികിത്സാ രീതിയാണ് അനസ്തേഷ്യ.

അനസ്തേഷ്യയുടെ ചരിത്രവും പ്രാധാന്യവും

1846 ഒക്ടോബർ 16-നാണ് ആധുനിക അനസ്തേഷ്യ ആദ്യമായി വിജയകരമായ നടക്കുന്നത്. അമേരിക്കൻ ദന്തഡോക്ടറായ ഡോ. വില്യം ടി.ജി. മോർട്ടണായിരുന്നു ഇതിനു പിന്നിൽ. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ വെച്ച്, ഒരു രോഗിക്ക് ഈഥർ (Ether) എന്ന പദാർത്ഥം നൽകി ബോധം കെടുത്തിയ ശേഷം ശസ്ത്രക്രിയ വിജയകരമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. വേദനയില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചത് വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. അങ്ങനെ ആദ്യമായി അനസ്തേഷ്യ വിജയകരമായ നടത്തിയ ദിനം 'ഈഥർ ഡേ' എന്നും അറിയപ്പെടാൻ തുടങ്ങി.

അനസ്തീസിയോളജിസ്റ്റുകളുടെ പങ്ക്

അനസ്തീസിയ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക രോഗിയെ മയക്കുന്ന ഡോക്ടറെയാകും. എന്നാൽ അനസ്തീസിയോളജിസ്റ്റ് എന്ന ഡോക്ടറുടെ പങ്ക് അതിലും വലുതാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസം എന്നിവ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് കൃത്യമായി നിരീക്ഷിച്ച് നിയന്ത്രിക്കുന്നതും, ശസ്ത്രക്രിയ്ക്ക് ശേഷം വേദന കുറയ്ക്കുന്നതും ഈ ഡോക്ടർമാർ പ്രധാന പങ്ക് വഹിക്കുന്നു. തീവ്രപരിചരണ വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും അനസ്തേഷ്യയോളജിസ്റ്റുകളുടെ സേവനം അത്യന്താപേക്ഷിതമാണ്.

വിവിധതരം അനസ്തേഷ്യകൾ

രോഗിയുടെ അവസ്ഥയും, ഏതുതരം ശസ്ത്രക്രിയയാണ് നടത്തേണ്ടത് എന്നതിനെയും ആശ്രയിച്ച് അനസ്തേഷ്യ വ്യത്യസ്തപ്പെട്ടിരിക്കുന്നു.

  1. ജനറൽ അനസ്തീസിയ: മരുന്ന് നൽകി രോഗിയെ പൂർണ്ണമായി ബോധം കെടുത്തുന്നു. വലിയ ശസ്ത്രക്രിയകൾക്ക് ഇത് ഉപയോഗിക്കുന്നു.

  2. റീജിയണൽ അനസ്തീസിയ : ശരീരത്തിൻ്റെ ഒരു പ്രത്യേക ഭാഗം മാത്രം (ഉദാഹരണത്തിന്, അരയ്ക്ക് താഴെ) മരവിപ്പിക്കുന്നു. രോഗിക്ക് ബോധമുണ്ടാകുമെങ്കിലും വേദന അറിയുകയില്ല. പ്രസവശസ്ത്രക്രിയ പോലുള്ളവയ്ക്ക് ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്.

  3. ലോക്കൽ അനസ്തീസിയ: ചെറിയ ഭാഗത്ത് മാത്രം മരവിപ്പുണ്ടാക്കാൻ ഇത് സഹായിക്കുന്നു. പല്ലെടുക്കുമ്പോഴും ചെറിയ മുറിവുകൾ തുന്നിച്ചേർക്കുമ്പോഴും ഇത് ഉപയോഗിക്കാറുണ്ട്.

  4. മോണിറ്റേർഡ് അനസ്തേഷ്യ കെയർ (അല്ലെങ്കിൽ സെഡേഷൻ): രോഗിക്ക് മയക്കവും വിശ്രമവും അനുഭവപ്പെടുന്നതിന് സാധാരണയായി ഒരു IV വഴി മരുന്നുകൾ നൽകുന്നു. സെഡേഷന്റെ അളവ് നടപടിക്രമത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു.

ലോക അനസ്തേഷ്യ ദിനം, ഈ മേഖലയിലെ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംഭാവനകളെ ഓർമ്മിക്കാനും, അനസ്തീസിയയുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും അവസരം ഒരുക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com