
ഏതൊരു മനുഷ്യന്റെയും ജീവിതം മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും മൂർച്ചയേറിയ ആയുധമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ വേരുകളിൽ വളർന്നു വരുന്നത് വിദ്യാർത്ഥിയെന്ന ആത്മവിശ്വാസമാണ്. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സമ്പാദ്യം. ലോകമെമ്പാടുമുള്ള വിദ്യാർഥികളുടെ പ്രാധാന്യത്തെയും വിദ്യാഭ്യാസത്തിന്റെ മഹത്വത്തെയും ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് ലോക വിദ്യര്‍ഥി ദിനം ആചരിക്കുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരിലും അധ്യാപകരിലും ഒരാളുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 നാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ഓരോ വിദ്യാർത്ഥിയെയും സ്വപ്നം കാണുവാൻ പഠിപ്പിച്ച വിദ്യാർഥികളുടെ പ്രിയങ്കരനായ "ജനങ്ങളുടെ രാഷ്‌ട്രപതിക്ക്" നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് ഈ ദിനം. (World students day)
തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അബ്ദുല്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് വിദ്യാർഥികളോടുണ്ടായിരുന്ന ബന്ധം ഏറെ ഊഷ്മളമായിരുന്നു. ഔദ്യോഗിക പദവികൾക്കിടയിലും അദ്ദേഹത്തിന് ഏറ്റവും പ്രിയമേറിയ ജോലി അധ്യാപനമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയിലും യുവജനങ്ങളുടെ സ്വപ്നങ്ങളിലും അദ്ദേഹം അചഞ്ചലമായി വിശ്വസിച്ചിരുന്നു. ശാസ്ത്രത്തിലും പൊതുസേവനത്തിലും അദ്ദേഹം നേടിയ നേട്ടങ്ങൾക്ക് മാത്രമല്ല, വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും നയിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത പ്രതിബദ്ധത കൂടിയാണ് ലോക വിദ്യര്‍ഥി ദിനം എടുത്തുകാട്ടുന്നത്. കലാം വിഭാവനം ചെയ്തതു പോലെ, തിരഞ്ഞെടുത്ത മേഖലകളിൽ മികവും നവീകരണവും പിന്തുടരാൻ യുവ മനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി നിശ്ചയിച്ചിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭ യഥാർത്ഥത്തിൽ ഔദ്യോഗികമായി ഒരു വിദ്യാർത്ഥി ദിനം അംഗീകരിക്കുന്നില്ല.
1931 ഒക്ടോബർ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരം എന്ന ചെറുപട്ടണത്തിൽ ജനിച്ച ഡോ. അവുൽ പക്കീർ ജൈനുലബ്ദീൻ അബ്ദുൾ കലാം ഒരു എളിയ പശ്ചാത്തലത്തിൽ നിന്നാണ് വന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ബോട്ട് ഉടമയും പ്രാദേശിക പള്ളിയിലെ ഇമാമും ആയിരുന്നു. സാമ്പത്തിക പരിമിതി ഉണ്ടായിരുന്നിട്ടും, ജിജ്ഞാസയും ദൃഢനിശ്ചയവും ചെറുപ്പം മുതലേ പ്രകടമായിരുന്നു കലാമിൽ. രാമനാഥപുരത്തെ ഷ്വാർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1954 ൽ തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. വിമാനയാത്രയോടുള്ള അഭിനിവേശത്താൽ പ്രചോദിതനായി അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നു.
1960-ൽ പ്രതിരോധ ഗവേഷണ വികസന സംഘടനയിൽ (DRDO) കലാം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു, ഹോവർക്രാഫ്റ്റ് പ്രോട്ടോടൈപ്പുകളിൽ പ്രവർത്തിച്ചു, തുടർന്ന് ISRO യിൽ എത്തുന്നു. അവിടെ അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനം (SLV-III) സംവിധാനം ചെയ്തു. കലാമിന്റെ നേതൃത്വത്തിൽ, 1980-ൽ ഇന്ത്യ രോഹിണി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുന്നു. പിന്നീട് രാജ്യത്തിന്റെ സംയോജിത മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്നതിനായി അദ്ദേഹം ഡിആർഡിഒയിലേക്ക് മടങ്ങി. 2002-ൽ, പതിനൊന്നാമത്തെ രാഷ്ട്രപതിയായി ചുമതലയേറ്റു, 2007 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015-ൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ശക്തിയിലും യുവജനങ്ങളുടെ സ്വപ്നങ്ങളിലും അദ്ദേഹം അചഞ്ചലമായി വിശ്വസിച്ചു. ഈ ദിനം വിദ്യാർഥികളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും വിദ്യാഭ്യാസത്തിന്റെ മൂല്യം ഊന്നിപ്പറയാനും ലക്ഷ്യമിടുന്നു. ഡോ. കലാമിന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെ സ്മരിക്കുന്നതോടൊപ്പം, വിദ്യാർഥികളെ ഭാവിയിലെ നേതാക്കളും സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിവുള്ളവരുമായി വളരാൻ പ്രോത്സാഹിപ്പിക്കാനും ഈ ദിനം അവസരം ഒരുക്കുന്നു.