

ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പക്ഷാഘാതം (Stroke). ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി എല്ലാ വർഷവും ലോക പക്ഷാഘാതം ദിനം ആചരിക്കുന്നു. 2006-ൽ സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന രൂപം കൊണ്ടത് ഒക്ടോബർ 29-നാണ്. ഈ സംഘടനയുടെ നേതൃത്വത്തിലാണ് പക്ഷാഘാത ദിനം ആഗോളതലത്തിൽ ആചരിച്ചുപോരുന്നത്. (World Stroke Day)
എന്താണ് പക്ഷാഘാതം
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴോ, തലച്ചോറിലെ ഒരു രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നത്. തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുമ്പോൾ അവ വേഗത്തിൽ മരിക്കാൻ തുടങ്ങും. ഇതിനെ 'ബ്രെയിൻ അറ്റാക്ക്' എന്നും വിളിക്കുന്നു. പ്രതിവർഷം ലോകത്ത് ദശലക്ഷക്കണക്കിന് മനുഷ്യരെ പക്ഷാഘാതം പിടിപെടുന്ന, ഇതിൽ വലിയൊരു വിഭാഗം പേർ മരണപ്പെടുകയും അല്ലെങ്കിൽ സ്ഥിരമായ ശാരീരിക വൈകല്യങ്ങളോടെ ജീവിതം നയിക്കേണ്ടി വരികയും ചെയ്യുന്നു.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ് പക്ഷാഘാതം. പക്ഷാഘാതം സംഭവിച്ചാൽ എത്രയും വേഗം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് "സമയം തലച്ചോറാണ്" എന്ന് പറയുന്നത്. വൈകുന്ന ഓരോ നിമിഷവും ദശലക്ഷക്കണക്കിന് തലച്ചോറിലെ കോശങ്ങളുടെ മരണത്തിലേക്ക് ഇത് നയിച്ചേക്കാം. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നത് മികച്ച ചികിത്സ നൽകാനും വൈകല്യ സാധ്യത കുറയ്ക്കാനും സഹായിക്കും.
പക്ഷാഘാത ലക്ഷണങ്ങൾ തിരിച്ചറിയാൻ F.A.S.T.
പക്ഷാഘാതം ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ലോകമെമ്പാടും രോഗ ലക്ഷണങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ലളിതമായ രീതിയാണ് F.A.S.T. അഥവാ ഫാസ്റ്റ്. പക്ഷാഘാതത്തിന്റെ നാല് പ്രധാന ലക്ഷണങ്ങളെയും അടുത്തതായി ചെയ്യേണ്ട പ്രധാന കാര്യങ്ങളെയുമാണ് ഈ ചുരുക്കെഴുത്ത് സൂചിപ്പിക്കുന്നത്.
F എന്നത് മുഖം കോടൽ (Face Drooping) നെയാണ് പ്രതിനിധീകരിക്കുന്നത്. മുഖത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്നതാണ് പക്ഷാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണം. ഇത് തിരിച്ചറിയാൻ, രോഗിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. പുഞ്ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു വശം താഴുകയോ, വായയുടെ ഒരു മൂല താഴേക്ക് തൂങ്ങുകയോ ചെയ്താൽ, അത് പക്ഷാഘാതത്തിന്റെ ലക്ഷണമാകാം.
അടുത്ത അക്ഷരമായ A, കൈ ബലഹീനത (Arm Weakness) സൂചിപ്പിക്കുന്നു. ശരീരത്തിന്റെ ഒരു വശത്ത് കൈയിലോ കാലിലോ പെട്ടെന്ന് ഉണ്ടാകുന്ന ബലഹീനത പക്ഷാഘാതത്തിന്റെ ലക്ഷണമാണ്. രോഗിയോട് രണ്ട് കൈകളും മുന്നോട്ട് നീട്ടി പിടിക്കാൻ ആവശ്യപ്പെടുക. ഒരു കൈ തളരുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ, ഉടൻ ശ്രദ്ധിക്കണം.
S എന്നാൽ സംസാര ബുദ്ധിമുട്ട് (Speech Difficulty) എന്നാണ് അർത്ഥമാക്കുന്നത്. പക്ഷാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങൾ സംസാര വൈകല്യം, അവ്യക്തമായ സംസാരം, അല്ലെങ്കിൽ ലളിതമായ കാര്യങ്ങൾ പോലും മനസ്സിലാക്കാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയാണ്. രോഗിയോട് ഒരു ലളിതമായ വാചകം ആവർത്തിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സംസാര വൈകല്യം പരിശോധിക്കാവുന്നതാണ്.
അവസാനമായി, T എന്നത് വിളിക്കാനുള്ള സമയത്തെ (Time to call) സൂചിപ്പിക്കുന്നു. മുകളിൽ പറഞ്ഞ F, A, S ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ അടിയന്തര വൈദ്യസഹായത്തിനായി വിളിക്കുകയോ അല്ലെങ്കിൽ സമയം പാഴാക്കാതെ സ്ട്രോക്ക് ചികിത്സ വാഗ്ദാനം ചെയ്യുന്ന അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം സ്ട്രോക്കിൽ, ഓരോ നിമിഷവും വിലപ്പെട്ടതാണ്.
മറ്റ് ലക്ഷണങ്ങൾ:
പെട്ടെന്നുണ്ടാകുന്ന കാഴ്ചക്കുറവ് (ഒരു കണ്ണിലോ രണ്ടിലും).
ശക്തമായ തലവേദന, ഓക്കാനം, ഛർദ്ദി.
നടക്കാൻ ബുദ്ധിമുട്ട്, ബാലൻസ് നഷ്ടപ്പെടൽ, തലകറക്കം.
പക്ഷാഘാതം തടയാൻ
പക്ഷാഘാതം തടയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുക എന്നതാണ്. 90% പക്ഷാഘാതങ്ങളും തടയാവുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിലവിലുള്ള രോഗങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ, ഈ രോഗങ്ങൾ ശരിയായി പരിശോധിക്കുകയും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിച്ച് അവയെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
രോഗ നിയന്ത്രണത്തിന് പുറമേ, ഭക്ഷണക്രമത്തിലും പതിവ് വ്യായാമത്തിലും ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി സമീകൃതാഹാരം ഉറപ്പാക്കുക. ഉപ്പ്, എണ്ണ, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കും. ഇതോടൊപ്പം, ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഒരു ശീലമാക്കുക. നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ ലഘു വ്യായാമങ്ങൾ പോലും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും അമിതവണ്ണം ഒഴിവാക്കുന്നതും ഇതിന് സഹായിക്കും.
കൂടാതെ, പുകവലിയും മദ്യവും പൂർണ്ണമായും ഒഴിവാക്കണം. രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന അപകട ഘടകങ്ങളാണിവ. ഈ ലോക പക്ഷാഘാത ദിനത്തിൽ, നമുക്കെല്ലാവർക്കും ഈ രോഗത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാം. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയുക, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവൽക്കരിക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. കാരണം പക്ഷാഘാതത്തിന്റെ കാര്യത്തിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്.