ഇന്ന് ലോക തപാൽ ദിനം: കത്തുകളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രവും വിശേഷങ്ങളും |World Post Day

World Post Day
Published on

ഇന്ന് നമ്മുടെ സംഭാഷണങ്ങളും സംവാദങ്ങളുമെല്ലാം കൈക്കുള്ളിൽ ഒതുങ്ങിയിരിക്കുകയാണ്. കൈയിൽ ഫോണുണ്ടല്ലോ അപ്പോൾ പിന്നെ എവിടെ വച്ച് വേണം എങ്കിലും ആരെയും ഫോൺ ചെയ്യാം, സംസാരിക്കാം, ചാറ്റ് ചെയ്യാം. വിരൽത്തുമ്പിൽ ലോകം ചുരുങ്ങിക്കഴിഞ്ഞ ഈ കാലത്ത് ഒന്നിന് വേണ്ടിയും ആർക്കും കാത്തിരിക്കേണ്ട. എന്നാൽ, കത്തുകൾക്കും മണിയോർഡറുകൾക്കും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്ന ഒരുകാലമുണ്ടായിരുന്നു. ആ പഴയ കാലം പലർക്കും ഒരു ഗൃഹാതുരമായ ഓർമ്മകൾ മാത്രമാണ് ഇന്ന്. അന്നത്തെ കാലത്ത് ഒരു കത്ത് എന്നത് വെറും എഴുത്തല്ലായിരുന്നു അതൊരു ഹൃദയസ്പർശമായ അനുഭവം കൂടിയായിരുന്നു. ഓരോ തപാൽ ഓഫീസും ഗ്രാമ ജീവിതത്തിന്റെ ഹൃദയമായിരുന്നു. പ്രിയപ്പെട്ടവരുടെ കൈയെഴുത്ത് കാണുമ്പോൾ മനസിൽ നിറയുന്ന ആ സന്തോഷം, കവറിൽ നിന്ന് വരുന്ന മഷിയുടെ മണം, ആ കത്തിനുള്ളിൽ ഒളിഞ്ഞിരുന്ന പ്രതീക്ഷയും സ്നേഹവുമെല്ലാം ഇന്നത്തെ ഡിജിറ്റൽ സംവിധാനങ്ങൾക്ക് പകരം നൽകാൻ കഴിയില്ല. ഇനി എത്രയൊക്കെ സാങ്കേതിക വിപ്ലവം ഉണ്ടായാലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു തപാൽ. (World Post Day)

ഇന്ന് ലോക തപാൽ ദിനം. എല്ലാ വർഷവും ഒക്ടോബർ 9 ലോകമെമ്പാടും ലോക തപാൽ ദിനമായി ആചരിക്കുന്നു. ആഗോളതലത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് തപാലുകളുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ ജീവിതത്തിൽ തപാൽ സേവനങ്ങളുടെ പങ്കിനെക്കുറിച്ചും ആഗോള പുരോഗതിക്ക് അവ നൽകുന്ന സംഭാവനകളെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ലോക തപാൽ ദിനം ആഘോഷിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് തപാൽ വഹിക്കുന്ന പങ്ക് വളരെ വിലപ്പെട്ടതാണ്.

1800 കളുടെ അവസാനത്തിലാണ് ആഗോള തലത്തിൽ തപാല്‍ സര്‍വീസുകൾ ആരംഭിക്കുന്നത്. തപാൽ സർവീസുകൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള പോസ്‌റ്റല്‍ യൂണിയന്‍ ആരംഭിക്കുന്നു. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് ആഗോള പോസ്‌റ്റല്‍ യൂണിയന്‍ രൂപീകരിക്കുന്നത്. 1969ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം അവതരിപ്പിക്കുന്നത്.

ഇന്ന് ലോകമെമ്പാടുമുള്ള 150 കോടിയിലധികം ജനങ്ങളിലേക്ക് (ഇത് മുതിർന്ന ജനസംഖ്യയുടെ ഏകദേശം 28% ഓളം വരും) അടിസ്ഥാന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നത് തപാൽ വഴിയാണ്. 2018-ൽ 450 ബില്യൺ യുഎസ് ഡോളറിൽ താഴെയായിരുന്ന ആഗോള പാഴ്‌സൽ വിപണി 2020 ആയപ്പോഴേക്കും 500 ബില്യൺ യുഎസ് ഡോളറിലധികം വളർന്നു. കൂടാതെ, 53% പോസ്റ്റ് ഓഫീസുകളും ഇൻഷുറൻസ് പോലുള്ള സുപ്രധാന സാമ്പത്തിക സേവനങ്ങൾ നൽകി കൊണ്ട് താഴ്ന്ന വരുമാനക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ഇന്ന് തപാൽ മേഖലയിൽ ഏഴുലക്ഷത്തോളം ഓഫീസുകളും അമ്പത്തിമൂന്ന് ലക്ഷം ജീവനക്കാരും പ്രവർത്തിക്കുന്നു. ഏത് വിദൂര പ്രദേശത്തും സേവനം എത്തിക്കാൻ കഴിവുള്ള സമാനതകളില്ലാത്ത ആഗോള ശൃംഖലയായി ഇന്ന് തപാൽ സേവനങ്ങൾ നിലകൊള്ളുന്നു.

Related Stories

No stories found.
Times Kerala
timeskerala.com