
മനുഷ്യൻ്റെ അതിജീവന ശേഷിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ തന്നെ ചോദ്യം ചെയ്യുന്ന ചില അധ്യായങ്ങൾ ചരിത്രത്തിൽ കാണുവാൻ സാധിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം കുറിച്ച അണുബോംബ് ആക്രമണങ്ങളെ അതിജീവിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചപ്പോൾ അത്ഭുതകരമായി സ്വന്തം ജീവൻ തിരിച്ചുപിടിച്ച സുറ്റോമു യമഗൂച്ചി (Tsutomu Yamaguchi). ലോക ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ അതിജീവന കഥകളിൽ ഒന്നാണ് സുറ്റോമുയുടേത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ, 1945 ഓഗസ്റ്റിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബുകൾ വർഷിച്ചപ്പോൾ, ഈ രണ്ട് സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയും അതിജീവിക്കുകയും ചെയ്ത ലോകത്തിലെ ഏക വ്യക്തിയായി അദ്ദേഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. രണ്ട് ബോംബാക്രമണങ്ങളിൽ നിന്നും 160-ലധികം പേർ അതിജീവിച്ചിട്ടുണ്ടെങ്കിലും, രണ്ട് ആണവാക്രമണങ്ങൾ നേരിട്ട് അതിജീവിച്ച ഒരേയൊരു ഇരയായി ജപ്പാൻ ഔദ്യോഗികമായി അംഗീകരിച്ചത് സുറ്റോമോയെ മാത്രമാണ്. അസാധാരണമായ സുറ്റോമോയുടെ ജീവിതം മനുഷ്യൻ്റെ നിശ്ചയദാർഢ്യത്തെയും, ആണവായുധങ്ങളുടെ ഭീകരതയുടെയും നേർചിത്രം വരച്ചുകാട്ടുന്നു,
1916 മാർച്ച് 16 ന് നാഗസാക്കിയിലാണ് സുറ്റോമു യമഗൂച്ചിയുടെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ സുറ്റോമു ജപ്പാൻ ആസ്ഥാനമായുള്ള ഒരു പ്രമുഖ വ്യാവസായിക കമ്പനിയായ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിയിൽ ജോലിയിൽ പ്രവേശിക്കുന്നു. അദ്ദേഹം മറൈൻ എഞ്ചിനീയറായും എണ്ണ ടാങ്കറുകൾ രൂപകൽപ്പന ചെയ്യുന്ന ഡ്രാഫ്റ്റ്സ്മാനും ആയി ജോലി ചെയ്തു. 1945 ൽ രണ്ടാം ലോകമഹായുദ്ധം അതിൻ്റെ അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയം, യുദ്ധം അവസാനിപ്പിക്കാൻ കനത്ത സമ്മർദ്ദത്തിലായിരുന്നു ജപ്പാൻ. ഇതേ കാലയളവിലാണ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സുറ്റോമു ഹിരോഷിമയിലെത്തുന്നത്.
ഹിരോഷിമയിൽ ഇരുണ്ട നാളുകൾ
ഓഗസ്റ്റ് 6 ന്, അകിര ഇവാനഗ, കുനിയോഷി സാറ്റോ എന്നീ രണ്ട് സഹപ്രവർത്തകരോടൊപ്പം ഹിരോഷിമയിൽ നിന്ന് തിരിക്കെ പോകാനുള്ള യാത്രയിലായിരുന്നു സുറ്റോമു. എന്നാൽ, ട്രെയിൻ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ, തന്റെ ഹാൻകോ (ജപ്പാനിൽ സാധാരണമായി കാണപ്പെടുന്ന ഒരു തരം തിരിച്ചറിയൽ സ്റ്റാമ്പ്) എടുക്കാൻ മറന്നു പോയി എന്ന് മനസിലാക്കുന്നു. അതോടെ, ഹാൻകോ എടുക്കാനായി തിരിക്കെ ജോലിസ്ഥലത്തേക്ക് അദ്ദേഹം മടങ്ങി. സമയം 8.15 മണി, ജോലിസ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ, അമേരിക്കയുടെ 'ലിറ്റിൽ ബോയ്' എന്ന അണുബോംബ് ഹിരോഷിമയിൽ പതിക്കുന്നു. അണുബോംബ് വർഷിച്ച് സ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയായിരുന്നു സുറ്റോമു. സ്ഫോടനത്തിൻ്റെ പ്രകാശത്തിൽ അദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിക്കുകയും, കാതടപ്പിക്കുന്ന ശബ്ദത്തിൽ അദ്ദേഹം തെറിച്ചു വീഴുകയും ചെയ്തു.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ അദ്ദേഹത്തിന്റെ കർണ്ണപടങ്ങൾ തകരുകയും ശരീരത്തിന്റെ മുകൾ ഭാഗത്തിന്റെ ഇടതുവശത്ത് ഗുരുതരമായ പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റുവെങ്കിലും അദ്ദേഹം സ്വന്തം ജീവൻ മുറുക്കെ പിടിച്ചു കൊണ്ട് രക്ഷപ്പെടുന്നു. തീവ്രമായ നാശനഷ്ടങ്ങളും മരണങ്ങളും കണ്ടാണ് അദ്ദേഹം അടുത്ത ദിവസം നാഗസാക്കിയിലേക്ക് പുറപ്പെടുന്നത്.
നാഗസാക്കിയിലെ ഭീകരത
ഗുരുതരമായ പരിക്കുകളുമായി സുറ്റോമു ജന്മനാടായ നാഗസാക്കിയിൽ എത്തുന്നു.
1945 ഓഗസ്റ്റ് 9 ന് രാവിലെ 11:00 ന്, ഹിരോഷിമയിലെ സ്ഫോടനത്തെക്കുറിച്ച് സുറ്റോമു തന്റെ സൂപ്പർവൈസറോട് വിവരിക്കുകയായിരുന്നു. 11:02-ന് 'ഫാറ്റ് മാൻ' എന്ന രണ്ടാമത്തെ അണുബോംബ് നാഗസാക്കിയിൽ പതിക്കുന്നു. ആക്രമണത്തിൻ്റെ കേന്ദ്രമായ ഹൈപ്പോസെൻ്ററിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായിരുന്നു സുറ്റോമു. ആക്രമണത്തിൽ സുറ്റോമുവിന്റെ ഓഫീസിൽ കെട്ടിടം തകർന്ന് വീഴുന്നു. ഇത്തവണ സ്ഫോടനത്തിൽ അദ്ദേഹത്തിന് പരിക്കേറ്റില്ല. അങ്ങനെ രണ്ടാമത്തെ ആക്രമണത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ ആക്രമണത്തിൽ നിന്ന് സുറ്റോമു അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും മരണം വരെ ആ കറുത്ത ദിനങ്ങൾ ആ മനുഷ്യനെ വേട്ടയാടി. രണ്ട് തവണയുള്ള ആണവ വികിരണങ്ങൾ സുറ്റോമുയുടെ ആരോഗ്യത്തെ നന്നേ ബാധിച്ചിരുന്നു. ഒരു ചെവിക്ക് കേൾവിക്കുറവ്, കണ്ണിന് തിമിരം, പൊള്ളലേറ്റ ഭാഗങ്ങളിൽ കഠിനമായ വേദന എന്നിവ നിരന്തരം അനുഭവപ്പെട്ടു. നാഗസാക്കി അണുബോംബിംഗിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടിരുന്നു. എന്നാൽ, 2008-ൽ അർബുദം ബാധിച്ച് ഭാര്യ മരണപ്പെടുന്നു. നാഗസാക്കി ബോംബാക്രമണ സമയത്ത് അദ്ദേഹത്തിന്റെ മകൻ ഒരു കൈക്കുഞ്ഞായിരുന്നു, 2005 ൽ 59 വയസ്സുള്ളപ്പോൾ കാൻസർ ബാധിച്ച് അദ്ദേഹത്തിന്റെ മകൻ മരിച്ചു.
വർഷങ്ങളോളം, സുറ്റോമു തൻ്റെ ഇരട്ട അതിജീവന കഥ പൊതുസമൂഹത്തിൽ നിന്ന് മറച്ചു വച്ചു. എന്നാൽ, പ്രായം കൂടുന്തോറും ഈ സത്യം ലോകത്തോട് പറയേണ്ടത് തൻ്റെ കടമയാണെന്ന് അദ്ദേഹം മനസിലാക്കി. ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്നത് ഉൾപ്പെടെ, ആണവായുധങ്ങളുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം ലോകത്തോട് സംസാരിക്കാൻ തുടങ്ങി. 2009 മാർച്ചിൽ, 93-ാം വയസ്സിൽ, 'നിജു ഹിബാകുഷ' എന്ന പദവി ഔദ്യോഗികമായി ജാപ്പനീസ് സർക്കാർ അദ്ദേഹത്തിന് നൽകി. ഇതാദ്യമായിട്ടായിരുന്നു ലോകത്ത് ഒരാൾക്ക് ഈ പദവി നൽകുന്നത്. സുറ്റോമു യമഗൂച്ചി 2010 ജനുവരി 4-ന് തൻ്റെ 93-ാം വയസ്സിൽ വയറ്റിലെ കാൻസർ ബാധിച്ച് നാഗസാക്കിയിൽ വെച്ച് അന്തരിച്ചു.
രണ്ട് അണുബോംബുകളെ അതിജീവിച്ച അദ്ദേഹം തൻ്റെ ജീവിതത്തിലൂടെ ലോകത്തിന് നൽകിയ സന്ദേശം വളരെ വ്യക്തമായിരുന്നു - "രണ്ട് തവണ അണുബോംബ് ആക്രമണങ്ങളെ അതിജീവിച്ചതിനാൽ, അതിനെക്കുറിച്ച് സംസാരിക്കേണ്ടത് എൻ്റെ വിധിയാണ്. ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകത്തിനായി എൻ്റെ അനുഭവങ്ങൾ പ്രയോജനപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു."സുറ്റോമുയുടെ ജീവിതം ഒരു ദുരന്തത്തിൻ്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, മനുഷ്യർ സമാധാനത്തിനായി നിലകൊള്ളേണ്ടതിൻ്റെ പ്രാധാന്യവും മനുഷ്യൻ്റെ അതിജീവനത്തിനുള്ള അസാധാരണമായ കഴിവും ലോകത്തോട് വിളിച്ചുപറയുന്നു.
Summary: Tsutomu Yamaguchi was the only known person to survive both the Hiroshima and Nagasaki atomic bombings during World War II. Despite suffering severe burns and radiation sickness, he recovered and dedicated his life to advocating for peace and nuclear disarmament. His story stands as a symbol of human resilience and a reminder of the devastating impact of nuclear war.