
സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ വേണ്ടപ്പെട്ട വസ്തുവാണ് ക്ലോക്ക്. കാലത്തിന് അനുസരിച്ച് പരിണാമത്തിൽ ഏർപ്പെട്ട ക്ലോക്ക്ൾക്ക് ഇന്ന് പല മുഖങ്ങളാണ്. എന്നാൽ സമയം എത്ര മുന്നോട്ടു പോയിട്ടും, കാലത്തിന്റെ ഒഴുക്കിൽ പെട്ടുപോകാത്തൊരു ക്ലോക്ക് ഉണ്ട് അങ്ങ് ഇംഗ്ലണ്ടിൽ. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എന്നാൽ ഇന്നും പ്രവർത്തിക്കുന്ന ഒരു ക്ലോക്കിനെ കുറിച്ചാണ്. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന് (Salisbury Cathedral clock) പറയാനുണ്ട് ആറു നൂറ്റാണ്ടുകളുടെ കഥ.
സൂചിയില്ലാത്ത ഇരുമ്പ് ഫ്രെയിം കൊണ്ട് നിർമ്മിച്ച ഒരു വലിയ ടവർ ക്ലോക്കാണ് സാലിസ്ബറി കത്തീഡ്രൽ ക്ലോക്ക്. 1386 ൽ ഇംഗ്ലണ്ടിലെ സാലിസ്ബറി കത്തീഡ്രലിലാണ് ഈ ക്ലോക്ക് സ്ഥാപിക്കുന്നത്. വെർജ് എസ്കേപ്പ്മെന്റ് എന്ന ആദ്യകാല മെക്കാനിക്കൽ ക്ലോക്കിന്റെ മാതൃകയിലാണ് ഈ ക്ലോക്കുകളുടെ മുതുമുത്തച്ഛനെ നിർമ്മിച്ചിരിക്കുന്നത്. ഇന്നും ക്ലോസിക്കിന്റെ നിർമ്മാണത്തിന് പിന്നിൽ ആരൊക്കെയാണ് എന്ന് വ്യക്തമല്ല. ഡെൽഫ്റ്റിലെ ജോഹന്നാസ്, വില്ലിയമസ് വ്രീമാൻഡ്, ജോഹന്നാസ് ജിയെതുയിറ്റ് എന്നീ മൂന്ന് ഹൊറോളജിസ്റ്റുകളാണ് (സമയം അളക്കുന്നതിനെക്കുറിച്ചുള്ള പഠനം) ഈ ക്ലോക്കിന്റെ നിർമ്മാണത്തിന് പിന്നിൽ എന്ന് കരുതുന്നു. പൂർണ്ണമായും കൈകൾ കൊണ്ട് പണിത ഈ ക്ലോക്ക് 1386 ന് മുൻപ് പണിതതായി കരുതപ്പെടുന്നു. എത്ര വർഷം കൊണ്ടാണ് ഈ ക്ലോക്ക് പണിതത്ത് എന്ന് ഇന്നും വ്യക്തമല്ല. ചെറുതും വലിയതുമായ ഇരുമ്പ് ചക്രങ്ങൾ, കയറും, കപ്പിയും കൊണ്ടാണ് ക്ലോക്ക് പണിതിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ ഈ ക്ലോക്കിന് ക്ലോക്ക് ഫെയ്‌സ് ഇല്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
1386 ൽ കത്തീഡ്രലിൽ സ്ഥാപിച്ച ക്ലോക്ക് 1884 ആയപ്പോഴേക്കും എടുത്തുമാറ്റിയിരുന്നു. എന്നാൽ 1956 ൽ ക്ലോക്കിനെ തിരിക്കെ സ്ഥാപിക്കുന്നു. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന്റെ സവിശേഷമായ ഘടകം ഈ ക്ലോക്കിൽ മണിക്കൂറുകൾ മാത്രമാണ് കാണിക്കുന്നത് എന്നതാണ്. മിനിറ്റുകളോ സെക്കൻഡുകളോ അല്ല, മണിക്കൂറുകൾ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ ഈ ക്ലോക്ക്. കത്തീഡ്രൽ ജീവനക്കാർക്കും പ്രദേശവ്സികൾക്കും പ്രാർത്ഥനയ്ക്കായി സൂചന നൽകുന്നതിനായി മണിക്കൂർ മണി അടിക്കുക എന്നതായിരുന്നു ഈ മുതുമുത്തച്ഛൻ ക്ലോക്കിന്റെ ഏക ലക്ഷ്യം. ഇന്നത്തെ പോലെ കൃത്യമായി മിനിറ്റും സെക്കണ്ടും അറിഞ്ഞിരിക്കേണ്ട ആവശ്യം നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യർക്ക് ഇല്ലായിരുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്ക് ഏറ്റവും അടുത്ത മിനിറ്റിലോ സെക്കൻഡിലോ സമയം പറയേണ്ട ആവശ്യമില്ലായിരുന്നു. ജോലി, വിശ്രമം, പ്രാർത്ഥന എന്നീവ കൃത്യമായി നടുത്തുവാൻ വേണ്ടി മണിക്കൂർ കണക്കായിരുന്നു വേണ്ടിയിരുന്നത്. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന് രണ്ടു ഭാഗങ്ങളാണ് ഉള്ളത്. വലതുവശത്തുള്ളത് ഗോയിംഗ് ട്രെയിൻ എന്നും ഇടതുവശത്തുള്ളത് സ്ട്രൈക്കിംഗ് ട്രെയിൻ എന്നും അറിയപ്പെടുന്നു. ഏറ്റവും പഴക്കമേറിയ പ്രവർത്തനക്ഷമമായ മെക്കാനിക്കൽ ക്ലോക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഈ ക്ലോക്ക് സ്വന്തമാക്കിയിട്ട് ഉണ്ട്.