ഈ ക്ഷേത്രത്തിലെ ശിവലിംഗം കണ്ടു തൊഴുന്നവർ അടുത്ത ജന്മത്തിൽ മനുഷ്യനായി പുനർജനിക്കും എന്ന് വിശ്വാസം; ഭൂകമ്പത്തെ അതിജീവിച്ച നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തെക്കുറിച്ച് അറിയാം | Pashupatinath Temple

Pashupatinath Temple
Published on

ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഭക്തിയുടെ പുണ്യസങ്കേതമായി കരുതുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. അത്തരത്തിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം (Pashupatinath Temple). നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം നേപ്പാളിന്റെ ചരിത്രത്തിലും ആത്മീയതയിലും സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു. പശുപതിനാഥഭാവത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. പശുപതിനാഥൻ എന്നത് “എല്ലാ ജീവജാലങ്ങളുടെയും നാഥൻ” എന്നാണ് അർത്ഥം.

പശുപതിനാഥ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ രേഖകൾ ലഭ്യമല്ലായെങ്കിലും, എ.ഡി. 400 ലാണ് ഈ ക്ഷേത്രം പണിതീർത്ത എന്ന് കരുതപ്പെടുന്നു. കാലക്രമേണ പലതവണ ക്ഷേത്രം പുനർനിർമ്മിക്കപ്പെടുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. 14- ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായ ഭൂപേന്ദ്ര മല്ലയാണ് നിലവിലുള്ള ക്ഷേത്രം പുനർനിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. പിന്നീട്, നിരവധി ചെറിയ ക്ഷേത്രങ്ങൾ ഈ ക്ഷേത്ര സമുച്ചയത്തോട് ചേർത്തു. ഇതിൽ ഗുഹ്യേശ്വരി ക്ഷേത്രവും രാമക്ഷേത്രമുള്ള വൈഷ്ണവ സമുച്ചയവും ഉൾപ്പെടുന്നു.

ക്ഷേത്ര ഐതിഹ്യം

ഒരിക്കൽ ശിവനും പാർവ്വതിയും മാനിന്റെ രൂപം സ്വീകരിച്ച് ബാഗ്മതി നദിക്കരയിലെ കാട്ടിൽ അജ്ഞാതമായി വസിക്കുന്നു. എന്നാൽ, ദേവന്മാർ അവരെ കണ്ടെത്തി തിരികെ വരാൻ നിർബന്ധിക്കുന്നു. ഈ വേളയിൽ മാനിന്റെ രൂപത്തിലുള്ള ശിവന്റെ കൊമ്പിൽ ദേവന്മാർ പിടിക്കുന്നു, പെട്ടന്നായിരുന്നു മാനിന്റെ കൊമ്പ് ഒടിഞ്ഞുപോയത്. പിൽകാലത്ത് ഒടിഞ്ഞ കൊമ്പ് ശിവലിംഗമായി ആരാധിച്ചിരുന്നെങ്കിലും കാലക്രമേണ ആ കൊമ്പ് നഷ്ടപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം ഒരു പശു പ്രത്യേക സ്ഥാനത്ത് പാൽ ചുരത്തുന്നത് കണ്ടപ്പോൾ, ആ സ്ഥലം കുഴിച്ചു നോക്കിയ ഉടമസ്ഥന്‍  ദിവ്യമായ പശുപതിനാഥ ശിവലിംഗം കണ്ടെത്തി എന്നാണ് ഒരു വിശ്വാസം.

ജീവിച്ചിരിക്കുന്നവരുടെ ക്ഷേത്രം

ഈ ക്ഷേത്രം 'ജീവിച്ചിരിക്കുന്നവരുടെ ക്ഷേത്രം' എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗം കണ്ടു തൊഴുന്നവർ, എത്ര വലിയ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അടുത്ത ജന്മത്തിൽ മനുഷ്യനായി പുനർജനിക്കും എന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടനവധി വൃദ്ധജനങ്ങൾ തങ്ങളുടെ ജീവിതത്തിന്റെ അവസാന നാളുകൾ ചിലവഴിക്കാനായി ഇവിടേക്ക് എത്തുന്നു.

ക്ഷേത്രവസ്തുവിദ്യ അത്ഭുതം

നേപ്പാളിലെ ഹൈന്ദവ ക്ഷേത്രകലയുടെ ഉദാത്ത സൃഷ്ടിയാണ് പശുപതിനാഥ ക്ഷേത്രം. നേപ്പാളീസ് പഗോഡാ ശൈലിയിലാണ് പശുപതിനാഥ ക്ഷേത്രം പണിതിരിക്കുന്നത്. രണ്ട് മേൽക്കൂരകൾ സ്വർണ്ണ ആവരണത്തോടുകൂടിയ ശുദ്ധമായ ചെമ്പിലാണ് നിർമ്മിച്ചിട്ടുള്ളത്. നാല് പ്രധാന വാതിലുകളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ ആത്മീയതയ്ക്ക് മിഴിവെക്കുന്നത് ക്ഷേത്രത്തിലെ ശിവലിംഗമാണ്. ശ്രീകോവിലിൽ നിലകൊള്ളുന്ന ഈ ക്ഷേത്രത്തിലെ ശിവ ലിംഗത്തിന് നാലു മുഖങ്ങളാണ് ഉള്ളത്. നാല് മുഖങ്ങളുള്ള ഈ ലിംഗം നാലു ദിക്കുകളിലേക്കും ദർശനം നൽകുന്നു. അതിനാൽ തന്നെ മുഖലിംഗമെന്നാണ് ഈ ശിവലിംഗത്തെ വിശേഷിപ്പിക്കുന്നത്.

  • കിഴക്ക്: തത്പുരുഷ

  • പടിഞ്ഞാറ്: സദ്യോജാത

  • വടക്ക്: വാമദേവൻ

  • തെക്ക്: അഘോര

  • ശിവലിംഗത്തിന്റെ ഏറ്റവും മുകളിലുള്ള ഭാഗം ഇഷാൻ എന്നും അറിയപ്പെടുന്നു.

മറ്റ് പല ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, പശുപതിനാഥ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ ദക്ഷിണേന്ത്യയിൽ നിന്നുള്ള ബ്രാഹ്മണരാണ് നടത്തുന്നത്. ക്ഷേത്രത്തിലെ പ്രധാന ഗർഭഗൃഹത്തിലേക്ക് ഹിന്ദുക്കൾക്കു മാത്രമേ പ്രവേശനമുള്ളൂ. മറ്റ് മതവിഭാഗങ്ങൾക്കുള്ളവർക്ക് ക്ഷേത്രപരിസരം കാണാൻ അനുമതിയുണ്ട്. 2015 ഏപ്രിൽ 25-ന് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിലെ നിരവധി ചരിത്ര നിർമ്മിതികളെ തകർത്തിരുന്നു. എന്നാൽ, പശുപതിനാഥ ക്ഷേത്രത്തിലെ ചുമരുകളിൽ ഏതാനും വിള്ളലുകൾ മാത്രമാണ് ഭൂകമ്പത്തിൽ ക്ഷേത്രത്തിൽ ഉണ്ടായത്.

Summary: Pashupatinath Temple in Kathmandu, Nepal, is one of Asia’s most sacred Hindu shrines dedicated to Lord Shiva, standing majestically on the banks of the Bagmati River. Known for its unique pagoda-style architecture, four-faced Shiva Lingam, and South Indian priesthood tradition

Related Stories

No stories found.
Times Kerala
timeskerala.com