
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ, ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം മുതൽ അതിമനോഹരായ മഴക്കാടുകളാൽ സമ്പന്നമാണ് എത്യോപ്യ. പ്രകൃതി മനുഷ്യനായി ഒരുക്കിവച്ചിരിക്കുന്ന അത്ഭുതങ്ങൾ ഏറെയാണ് ഇവിടെ. ഒരു രാജ്യത്ത് ഇത്രയും അത്ഭുതകരമായ ഭൂപ്രകൃതികളും കാലാവസ്ഥാ വ്യത്യാസങ്ങളും കാണാൻ കഴിയുന്ന അപൂർവതയാണ് എത്യോപ്യയെ സവിശേഷമാക്കുന്നത്. ഈ മനോഹരമായ രാജ്യത്ത് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതമാണ് നരകത്തിലേക്കുള്ള വാതിലുകൾ. ഭൂമിയിലെ ഏറ്റവും ക്രൂരമായ ഇടങ്ങളിലൊന്ന് എന്ന് അറിയപ്പെടുന്ന ഡാനകിൽ ഡിപ്രഷൻ (Danakil Depression).
ചൂടുള്ള നീരുറവകളും, ആസിഡ് കുളങ്ങളും, അഗ്നി പർവ്വതങ്ങളും, ഉപ്പുപർവ്വതങ്ങളും നിറഞ്ഞ ഇടമാണ് നരകത്തിലേക്കുള്ള വാതിൽ. ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ഇടങ്ങളിൽ ഒന്നാണ് ഡാനകിൽ ഡിപ്രഷൻ. മനുഷ്യന് വാസയോഗ്യമല്ലാത്ത് ഇടമായിട്ട് പോലും ഇവിടേക്ക് എത്തുന്ന സഞ്ചാരികൾ ഏറെയാണ്. ഡാനകിൽ ഡിപ്രഷനെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുവാൻ വേണ്ടി ശാസ്ത്രജ്ഞർ ഈ സ്ഥലം ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ചൂടുള്ള ഇടം എങ്ങനെയാണ് ഗവേഷണങ്ങൾക്ക് ഉപയോഗപ്പെടുക എന്ന ചോദ്യം ഉള്ളിൽ തോന്നിയേക്കാം, പേര് പോലെ തന്നെ ഡാനകിൽ ഉള്ളിൽ ഒളിപ്പിക്കുന്ന രഹസ്യങ്ങൾ ഏറെയാണ്. അഫാർ ഡിപ്രഷൻ (Afar Depression) എന്നും ഡാനകിൽ അറിയപ്പെടുന്നു.
നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് നാണയങ്ങൾ മനുഷ്യ ഉണ്ടാകുന്നതിനും മുൻപ് എത്യോപ്യയിലെ വ്യാപാരമാർഗങ്ങൾ നിയന്ത്രിച്ചിരുന്നത് മണ്ണിന്റെയും കാറ്റിന്റെയും ദാനമായ ഉപ്പായിരുന്നു. ഡാനകിലെ ഉപ്പു പാളികളെ സ്വർണ്ണമായാണ് കണക്കാക്കിയിരുന്നത്. ചുട്ടുപൊള്ളുന്ന ഡാനകിൽ ഡിപ്രഷനിൽ നിന്നും വെട്ടിയെടുക്കുന്ന ഉപ്പു പാളികൾ 'വെളുത്ത സ്വർണ്ണം' എന്നാണ് അറിയപ്പെട്ടിരുന്നത്. നൂറ്റാണ്ടൂകളോളം ഉപ്പു പാളികളാണ് പണമായി ഉപയോഗിച്ചിരുന്നത്.
ആഫ്രിക്കൻ, ഏഷ്യൻ ടെക്റ്റോൺ പാളികളുടെ ഭൂഖണ്ഡ വിഭജനത്താൽ ആണ് ഡാനകിൽ ഡിപ്രഷൻ രൂപപ്പെട്ടത്. വർഷത്തിൽ ഏകദേശം 1 മുതൽ 2 സെന്റിമീറ്റർ വരെ ഈ ടെക്റ്റോൺ പാളികൾ പരസ്പരം അകലുന്നു, ഇതിന്റെ ഫലമായി ഭൂമിയിലെ ഉപരിതലത്തിൽ ഡാനകിൽ ഡിപ്രഷൻ ഉത്ഭവിക്കുകയായിരുന്നു. ജിബൂട്ടി, എറിത്രിയ, എത്യോപ്യയിലെ അഫാർ മേഖല എന്നിവിടങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരു ഭൂഗർഭ മേഖലയാണ് അഫാർ ഡിപ്രഷൻ. ഈ ഡിപ്രഷന്റെ വടക്ക് ഭാഗത്താണ് ഡാനകിൽ ഡിപ്രഷൻ സ്ഥിതി ചെയ്യുന്നത്.
ഒരുകാലത്ത് ചെങ്കടലിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കാലക്രമേണ വരണ്ട കാലാവസ്ഥയിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ വഴി പുറത്തുവരുന്ന ലാവ ബാഷ്പീകരിക്കപ്പെട്ടപ്പോൾ രൂപപ്പെടുകയായിരുന്നു. അയൽ തീരങ്ങളിൽ നിന്നുള്ള കടൽ വെള്ളവും മഴവെള്ളവും ഇവിടുത്തെ സൾഫ്യൂറിക് തടാകങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും മാഗ്മയാൽ ചൂടാകുന്നു. കടലിൽ നിന്നുള്ള ഉപ്പ് മാഗ്മയിലെ ധാതുക്കളുമായി ഇടപഴകുമ്പോൾ, അത് മഞ്ഞ, പച്ച, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ മനോഹരമായ നിറങ്ങളായി മാറുന്നു.
ഭൂമിയിലെ ഏറ്റവും ആകർഷകമായ ചില ഭൂമിശാസ്ത്ര ഘടനകൾക്ക് ഡാനകിൽ ആവാസ കേന്ദ്രമാണ്. ഡാനകിൽ ഒരു പുതിയ സമുദ്രതടമാണ്, അതായത്, ഭാവിയിൽ കോടിക്കണക്കിന് വർഷങ്ങൾക്കകം, ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരും അപ്പോൾ ഈ പ്രദേശം സമുദ്രം കൊണ്ട് മൂടപ്പെടും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഡാനകിൽ വെള്ളത്തിൽ മുങ്ങും, അങ്ങനെ ചെങ്കടൽ വിള്ളലിലേക്ക് ഒഴുകി ആഫ്രിക്കൻ ഭൂഖണ്ഡത്തെ രണ്ടായി വിഭജിക്കുന്ന ഒരു പുതിയ സമുദ്രം രൂപപ്പെടും.
ഇവിടെ രേഖപ്പെടുത്തുന്ന താപനിലയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് ഡാനകിൽ ഡിപ്രഷൻ. സമുദ്രനിരപ്പിൽ നിന്ന് 100 മീറ്ററിലധികം താഴെ സ്ഥിതി ചെയ്യുന്ന ഇത് ഭൂമിയിലെ ഏറ്റവും താഴ്ന്ന കര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. ശരാശരി താപനില പ്രതിവർഷം 35°C നും 40°C നും ഇടയിലാണ്, കൂടാതെ ഈ പ്രദേശത്ത് എല്ലാ വർഷവും 100-200mm ൽ കൂടുതൽ മഴ ലഭിക്കുന്നില്ല, ഇതെല്ലാം കടുത്ത ചൂടിൽ ഉടനടി ബാഷ്പീകരിക്കപ്പെടുകയും ചെയുന്നു. ഡാനകിൽ ഡിപ്രഷൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ മെയ് വരെയാണ്.