ഭയമല്ല, ജാഗ്രതയാണ് വേണ്ടത്, നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും അനിവാര്യം; ഇന്ന് സ്തനാർബുദ ബോധവത്കരണ ദിനം | Breast Cancer Awareness Day

Breast Cancer Awareness Day
Published on

ലോകമെമ്പാടുമുള്ള സ്ത്രീകളിലും ചില പുരുഷന്മാരിലും (1% ൽ താഴെ) ഏറ്റവും സാധാരണയായി കണ്ടു വരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. ഈ രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുവാനും നേരത്തെയുള്ള രോഗ നിർണയത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനുമായാണ് എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി (Breast Cancer Awareness Month) ആചരിച്ചുപോരുന്നത്. പിങ്ക് ഒക്ടോബർ (Pink October) എന്ന പേരിലും ഈ ബോധവത്കരണ മാസം അറിയപ്പെടുന്നു. പിങ്ക് റിബൺ ആണ് സ്തനാർബുദ ബോധവത്കരണത്തിന്റെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആഗോള ചിഹ്നം. ഇതിന്റെ ഭാഗമായി, ഒക്ടോബർ 13-ന്  സ്തനാർബുദ ബോധവത്കരണ ദിനമായി ആചരിക്കുന്നു.

പലപ്പോഴും രോഗ ലക്ഷണങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടോ ആണ് രോഗം മൂർച്ഛിച്ച ശേഷം മാത്രം ആളുകൾ ചികിത്സ തേടുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധവത്കരണം അനിവാര്യമാണ്. ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദവും സ്തനാർബുദമാണ്. ഉദാസീനമായ ജീവിതശൈലി, വൈകിയുള്ള വിവാഹങ്ങൾ, പ്രസവം എന്നിവ ഇതിന് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു.

എന്തുകൊണ്ട് ബോധവത്കരണം?

രോഗനിർണയം: മൂന്നിലൊന്നും സ്തനാര്‍ബുദ കേസുകളും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാമോഗ്രാമും സ്വയം പരിശോധനയുമാണ് നേരത്തേ രോഗം കണ്ടെത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രണ്ട് മാർ​ഗങ്ങൾ. മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് അതിജീവന സാധ്യത വളരെ കൂടുതലാണ് സ്തനാര്‍ബുദത്തിന്.

ലക്ഷണങ്ങളെക്കുറിച്ച് അറിയാം: സ്തനങ്ങളിലെ ആകൃതിയിലോ വലുപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുഴകൾ, ചർമ്മത്തിലെ നിറത്തിലെ മാറ്റങ്ങൾ, സ്തനങ്ങളിൽ നിന്നുള്ള സ്രവങ്ങൾ, സ്തനങ്ങളിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദന എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രോഗലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് സ്വയം പരിശോധനയിലൂടെ രോഗം നേരത്തേ തിരിച്ചറിയാൻ സഹായിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി: മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കൽ, ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഒരു പരിധിവരെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾ ആർത്തവം കഴിഞ്ഞയുടനെ സ്വയം പരിശോധന നടത്തണം, അതില്ലാത്തവർ കൃത്യമായ ഇടവേളകളിൽ, സാധാരണയായി ഒരു മാസത്തെ ഇടവേളയിലും സ്വയം പരിശോധന നടത്തേണ്ടതുണ്ട്.

  • 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാമോഗ്രാം പോലുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തണം. വർഷത്തിലൊരിക്കൽ ഒരു ഡോക്ടറെക്കൊണ്ട് സ്തനങ്ങൾ പരിശോധിപ്പിക്കുന്നത് ഉചിതമാണ്.

  • ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളും ചുവന്ന മാംസവും കുറയ്ക്കുക.

പുരുഷന്മാരിലെ സ്തനാർബുദം

സ്തനാർബുദം അപൂർവ്വമായി പുരുഷന്മാരിലും കണ്ടു വരുന്നു. സ്തനങ്ങളിലെ മുഴകൾ, മുലക്കണ്ണിൽ നിന്നുള്ള സ്രവം തുടങ്ങിയ ലക്ഷണങ്ങൾ പുരുഷന്മാരിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. അതുകൊണ്ടു തന്നെ സ്തനാർബുദത്തെ കുറിച്ചുള്ള അവബോധം പുരുഷന്മാരിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com