
നമ്മളിൽ പലർക്കും പ്രായമാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി പേടിയാണ്. മുതിർന്നവർ എപ്പോഴും അറിയാതെ ആഗ്രഹിച്ച പോകുന്നത്, പണ്ടത്തെ പോലെ കുഞ്ഞായി ഇരുന്നാൽ മതിയെന്നാണ്. മുഖം ചുളിച്ചു കൊണ്ട് ഒരിക്കെലെങ്കിലും വളരണ്ടായിരുന്നു എന്ന് പറയുന്നവരും കുറവല്ല. എന്നാൽ നമ്മൾ മനുഷ്യർക്ക് വളർന്നല്ലേ പറ്റു. എന്നാൽ ജനിച്ച അതെ രൂപത്തിൽ തന്നെ മരിക്കുന്ന ഒരു ജീവജാലം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേട്ടത് ശെരിയാണ് മെറ്റമോർഫോസിസ് അഥവാ രൂപാന്തരീകരണം മറന്നു പോയ ഒരു വിരുതനുണ്ട് മെക്സിക്കൻ തടാകങ്ങളുടെ സ്വന്തം ആക്സലോട്ടൽ (Axolotl).
നിങ്ങൾ നാളിതുവരെ കേട്ടിട്ടുള്ളതിലും കണ്ടിട്ടുള്ളതിലും വച്ച ആക്സലോട്ടൽ വ്യത്യസ്തനാണ്. പേരുപോലെ തന്നെ ഏറെ വിചിത്രവും എന്നാൽ കൗതുകവുമാണ് ആക്സലോട്ടലുകളുടെ ജീവിതം. ലാർവയുടെ രൂപത്തിൽ ജീവിതകാലം മുഴുവൻ ജീവിക്കുന്ന ആക്സലോട്ടൽ ഒരുത്തരം സലമാണ്ടറാണ് (ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികളാണ് സലമാണ്ടരുകൾ). എന്നാൽ മറ്റു സലമാണ്ടറുകളിൽ നിന്നും ഏറെ വ്യത്യസ്തനാണ് ആക്സലോട്ടൽ. ആക്സലോട്ടിലുകൾ വളരുന്നില്ല. അവർ എങ്ങനെയാണോ ജനിച്ചത് അതുപോലെ തന്നെയായിരിക്കും മരണം വരെയും.
വളർച്ച മുരടിച്ച വിസ്മയം
ഉഭയജീവിയാണ് ആക്സലോട്ടിലുകൾ. മറ്റു ഉഭയജീവിക്കളിൽ നിന്നൊക്കെ വേറിട്ടതാണ് ഇവരുടെ ജീവിത ചക്രം. ഉഭയജീവിയായ തവളകൾ മുട്ടയിട്ട് വിരിഞ്ഞുണ്ടാകുന്ന ലാർവകൾ വാൽമാക്രികളാണ്. പതിയെ പതിയെ രൂപമാറ്റം സംഭവിച്ച് വാൽമാക്രികൾ താവളകളാകുന്നു. എന്നാൽ ആക്സലോട്ടിലുകൾ ലാർവയായി തന്നെ പൂർണ്ണവളർച്ചയിലെത്തുന്നു. അതായത് ജനിച്ചു വീഴുമ്പോൾ ഉള്ളത്പോലെയുള്ള ശരീരം. ഇവ ജീവിതകാലം മുഴുവൻ നിയോടെനി (Neoteny) എന്നറിയപ്പെടുന്ന കുട്ടിക്കാലത്തെ അവസ്ഥയിൽ തന്നെ തുടരുന്നു. ആക്സലോട്ടിലുകളെ മറ്റു സലമാണ്ടറുകളിൽ നിന്ന് വ്യത്യസ്തപ്പെടുത്തുന്ന പ്രധാനഘടകം ഇവ ലോകത്ത് ഒരിടത്ത് മാത്രമേ കാണുവാൻ സാധിക്കു എന്നതാണ്. മെക്സിക്കോ സിറ്റിയിലെ പുരാതനമായ സോചിമിൽകോ തടാകത്തിന്റെ അവശിഷ്ടങ്ങളായ ഏതാനും ശുദ്ധജല കനാലുകളിലും തണ്ണീർത്തടങ്ങളിലും മാത്രമേ ആക്സോലോട്ടിൽ കാണപ്പെടുന്നുള്ളൂ. ഭൂമിയിൽ മറ്റൊരിടത്തും മറ്റ് പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിൽ ഇവ കാണപ്പെടുന്നില്ല.
കൂടുതൽ അറിയാം
കൺപോളകൾ ഇല്ലാത്തവരാണ് ആക്സോലോട്ടിലുകൾ. അതിനാൽ തന്നെ കണ്ണുകൾ തുറന്ന് ഉറങ്ങുന്നവരാണ് ഈക്കൂട്ടർ. ഉഭയജീവിക്കളായത് കൊണ്ട് തന്നെ ഇവയ്ക്ക് വെള്ളത്തിനകത്തും പുറത്തും ശ്വസിക്കാൻ കഴിയും. എന്നാൽ മുതിർന്ന ആക്സോലോട്ടിലുകൾ മാത്രമാണ് കരയിലേക്ക് സന്ദർശനത്തിനായി എത്തുക. ഇവരുടെ ആയുസ്സിന്റെ അധികവും വെള്ളത്തിൽ തന്നെയാണ് കഴിയുന്നത്. പതിനഞ്ചു വർഷത്തോളം ആണ് ഇവരുടെ ആയുസ്സ്. ഇതുവരെ ക്രമീകരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജീനോം ഉള്ളത് ആക്‌സലോട്ടിലാണ്. ഇത് മനുഷ്യനെക്കാൾ പത്തിരട്ടിയാണ്. ആക്‌സലോട്ടിന് അവയുടെ നിറം ചുറ്റുപാടിന് അനുസരിച്ച് മാറ്റുവാൻ കഴിയും. കീടങ്ങൾ, മോളസ്കുകൾ, ലാർവകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഭക്ഷണം.
ആക്സലോട്ടലിന് അതിൻ്റെ നഷ്ടപ്പെട്ട കൈകാലുകൾ, വാലുകൾ, താടിയെല്ലുകൾ, ത്വക്ക് എന്നിവ പൂർണ്ണമായും വളർത്താൻ കഴിയും. മുറിവേറ്റ സ്ഥലത്ത് കലകളോ പാടുകളോ അവശേഷിക്കില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ഇതിലുപരി, അവയ്ക്ക് സുഷുമ്നാ നാഡിയുടെ ഭാഗങ്ങളും, ഹൃദയത്തിലെയും തലച്ചോറിലെയും കലകളും വരെ കേടുകൂടാതെ തിരികെ വളർത്താൻ കഴിയും.
Summary: The Axolotl is a rare Mexican amphibian that never grows up, remaining in its larval form for life. Known for its neoteny and amazing regeneration ability, it can regrow limbs, heart, and even brain parts.