

ചാരപ്രവർത്തനം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം എത്തുന്ന ചിത്രം '007' എന്ന കോഡ് നാമമുള്ള ജെയിംസ് ബോണ്ടിനെയാകും. പുത്തൻ കാറുകൾ, അത്യാധുനിക സംവിധാനങ്ങൾ, അതീവരഹസ്യ സ്വഭാവമുള്ള ഏജന്റുമാർ, ഇതൊക്കെയാണ് ചാരലോകം. എന്നാൽ, ജെയിംസ് ബോണ്ടിന്റെ കഥകളേക്കാൾ ത്രസിപ്പിക്കുന്ന ചാരന്മാർ ഉണ്ടായിരുന്നു. ഈ ചാരന്മാർ മനുഷ്യരായിരുന്നില്ല, മറിച്ച് പൂച്ചകളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, പൂച്ചകളായിരുന്നു ആ ചാരന്മാർ. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ആയിരുന്നു പൂച്ചകളെ ചരന്മാരാക്കി മാറ്റിയത്. ശീതയുദ്ധകാലത്ത്, സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താനായിരുന്നു “അക്കൗസ്റ്റിക് കിറ്റി” (Acoustic Kitty) എന്ന ദൗത്യത്തിന് രൂപം നൽകിയത്.
പൂച്ചയെ 'ചാരൻ' ആക്കിയ കഥ
ശീതയുദ്ധം കൊടുമ്പിരി കൊണ്ട കാലം. എതിർചേരിക്കാരായ സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്തുവാൻ വേണ്ടിയുള്ള കഠിനപ്രയത്നത്തിലായിരുന്നു അമേരിക്ക. ഇതിനായി പലതരം വഴികൾ തേടിക്കൊണ്ടിരുന്നു സിഐഎ. എങ്ങനെ എളുപ്പത്തിൽ രഹസ്യങ്ങൾ ചോർത്തുവാൻ സാധിക്കും? മനുഷ്യരെ ദൗത്യം ഏൽപ്പിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. അതോടെആർക്കും സംശയം തോന്നാത്ത രീതിയിൽ ദൗത്യം പോർത്തിയാക്കാൻ കഴിയുന്ന ജീവിയെ തേടിയിറങ്ങി. നാളുകൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ ദൗത്യത്തിന് ചേർന്നൊരു ചാരനെ തന്നെ കണ്ടെത്തി, അതായിരുന്നു പൂച്ചകൾ. പൂച്ചയുടെ ശരീരത്തിൽ മൈക്കും ട്രാൻസ്മിറ്ററും ഘടിപ്പിച്ച ശേഷം ചാരനാക്കിമാറ്റാനായിരുന്നു പദ്ധതി. കേൾക്കുമ്പോൾ ഈ പദ്ധതി ലളിതമെന്ന് തോന്നാമെങ്കിലും, അതിന്റെ നിർവ്വഹണം അതിസങ്കീർണ്ണമായിരുന്നു.
പൂച്ചകളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ച ശേഷം, സോവിയറ്റ് യൂണിയനിലെ ഉദ്യോഗസ്ഥർ പറയുന്നത് എന്താണ് എന്ന് കേൾക്കുക. ഇതിനായി പൂച്ചയുടെ ദേഹത്ത് മറ്റാരും കാണാത്ത രീതിയിൽ മൈക്കും ട്രാൻസ്മിറ്ററും ഘടിപ്പിക്കണം. ഇതിനായി ഒരു ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. പൂച്ചയുടെ ശരീരത്തിനുള്ളിൽ മൈക്രോഫോൺ, ട്രാൻസ്മിറ്റർ, ബാറ്ററി എന്നിവ സ്ഥാപിക്കുന്ന ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ആദ്യം പൂച്ചയുടെ ചെവിക്കുള്ളിൽ രഹസ്യമായി മൈക്രോഫോൺ ഘടിപ്പിക്കുന്നു. തുടർന്ന് പൂച്ചയുടെ തലയോട്ടിയുടെ അടിഭാഗത്തായി ഒരു റേഡിയോ ട്രാൻസ്മിറ്റർ സ്ഥാപിച്ചു. പൂച്ചയുടെ വാലിലൂടെ ഒരു ആന്റിനയായി പ്രവർത്തിക്കാൻ ഒരു നേർത്ത വയറും ഘടിപ്പിക്കുന്നു. ഇങ്ങനെ ഒരുക്കിയ ചാര മാർജാരന്മാരെ പുറമേ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ പൂച്ചയെപ്പോലെയെ തോന്നിപ്പിക്കു. ഈ പൂച്ചകളെ കണ്ടാൽ ആർക്കും ഒരു തരത്തിലുള്ള സംശയവും തോന്നുകയില്ല. പൂച്ചയ്ക്കും പരിശീലനം നൽകി. ഒരു പ്രത്യേക സ്ഥലത്ത് ഇരിക്കാനും ശബ്ദങ്ങൾ കേൾക്കാനും പൂച്ചയെ പഠിപ്പിച്ചു. ഏകദേശം അഞ്ച് വർഷത്തോളം സമയവും, 20 മില്യൺ ഡോറുമാണ് പ്രോജക്റ്റ് അക്കോസ്റ്റിക് കിറ്റിക്കായി ചിലവഴിച്ചത്.
ആദ്യ മാർ 'ചാരന്റെ' മരണം
വർഷങ്ങളുടെ പരിശ്രമത്തിന് ഒടുവിൽ ചാരന്മാരെ കളത്തിലിറക്കി. വാഷിംഗ്ടൺ ഡി.സി-യിലെ സോവിയറ്റ് എംബസിക്ക് അടുത്തുള്ള ഒരു പാർക്കിൽ വെച്ച് ആദ്യത്തെ രഹസ്യ ഓപ്പറേഷനായി ആ പൂച്ചയെ പുറത്തുവിടുന്നു. തന്റെ യജമാനന്റെ ഉദ്ദേശ്യത്തെക്കുറിച്ചോ ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ അറിയാത്ത ആ പൂച്ച രഹസ്യമായി വിവരങ്ങൾ ചോർത്തേണ്ട സോവിയറ്റ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോകുന്നതിനുപകരം, റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നു. ദുരന്തം അവിടെ അവസാനിച്ചില്ല. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ, ചാരനെ ഒരു ടാക്സി ഇടിച്ചു തെറിപ്പിക്കുന്നു. വാഹനാപകടത്തിൽപ്പെട്ട പൂച്ച തൽക്ഷണം മരണപ്പെടുന്നു. അങ്ങനെ ആദ്യ ദൗത്യത്തിൽ തന്നെ ആ ചാരന് സ്വന്തം ജീവൻ തന്നെ നഷ്ടമായി.
സി.ഐ.എയുടെ 'പരാജയ റിപ്പോർട്ട്'
ആദ്യ ദൗത്യം തന്നെ സമ്പുർന്ന പരാജയമായത് കൊണ്ട് തന്നേ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുന്നു. പൂച്ചകളെ പരിശീലിപ്പിക്കുന്നത് അസാധ്യമാണെന്നും അവയെ എളുപ്പത്തിൽ ശ്രദ്ധ തിരിക്കാൻ കഴിയുമെന്നും സി.ഐ.എ റിപ്പോർട്ട് നൽകി. അതോടെ, കോടിക്കണക്കിന് ഡോളർ ചെലവഴിച്ച അക്കൗസ്റ്റിക് കിറ്റി പദ്ധതി ദുരന്തത്തിൽ അവസാനിച്ചു.
ചാരവൃത്തിക്കായി പൂച്ചയെ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതികവും സുരക്ഷാപരവുമായ ഘടകങ്ങൾ മറികടക്കാൻ കഴിയില്ലെന്ന് ഞങ്ങളുടെ അന്തിമ പരിശോധനകൾ കണ്ടെത്തി
അങ്ങനെ, 'ഓപ്പറേഷൻ അക്കോസ്റ്റിക് കിറ്റി' എന്ന പൂച്ചയുടെ കഥ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ടതും എന്നാൽ വിചിത്രമായ ഒരു അദ്ധ്യായമായി മാറി.
Summary: During the Cold War, the CIA launched a bizarre espionage project called Acoustic Kitty, attempting to turn cats into live spies by implanting microphones and transmitters in their bodies. The goal was to eavesdrop on Soviet officials without arousing suspicion. However, the project ended in tragedy and failure when the first spy cat was killed by a taxi during its very first mission.