
മനുഷ്യ കുലത്തിന്റെ പിറവി മുതലേ ശക്തമായി നിലകൊള്ളുന്ന ഒരു ചിന്തയാണ് സൗന്ദര്യ സങ്കല്‍പം എന്നത്. ഭൂമിയുടെ എല്ലാ ദിക്കിലുള്ള മനുഷ്യർക്കും അവരുടേതായ സൗന്ദര്യ സങ്കല്പങ്ങളുണ്ട്. അമേരിക്കക്കാരുടെ സൗന്ദര്യ സങ്കൽപ്പമല്ല ഇന്ത്യക്കാരുടേത്, ഇതിലും വ്യത്യസ്തമാണ് ചൈനയുടെയും കൊറിയയുടെയും. എന്നാൽ, അങ്ങ് ആഫ്രിക്കയിൽ ഏറെ വിചിത്രമായ ഒരു സൗന്ദര്യ സങ്കല്പമുണ്ട്. സ്ത്രീകൾ സ്വന്തം ചുണ്ടുകൾ മുറിച്ച് ശേഷം ആ മുറിവിൽ വട്ടത്തിലുള്ള പ്ലേറ്റുകൾ ധരിക്കുന്നു. ചുണ്ടുകൾ മുറിച്ച് അതിൽ പ്ലേറ്റുകൾ ധരിക്കുന്നത് എങ്ങനെയാണ് സൗന്ദര്യ സങ്കല്പമായി കാണാൻ കഴിയുക ചോദ്യം പലരിലും ഉടലെടുക്കാം. എന്നാൽ കേട്ടാൽ വിചിത്രമെന്ന് തോന്നിക്കുന്ന ഇത് വെറുമൊരു സൗന്ദര്യ സങ്കല്പം മാത്രമല്ല, ഒരു ജനതയുടെ വിശ്വാസവും ആചാരവുമാണ്. പൈതൃകത്തിന്റെ വേരുകളിൽ അവർ മുറുക്കെ പിടിക്കുന്നതിന്റെ തെളിവാണ്.
മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ കാലവും സംസ്കാരവും പ്രതിഫലിപ്പിച്ചു കൊണ്ടാണ് രൂപപ്പെടുന്നത്, ഇതിനു ഉത്തമ ഉദാഹരണമാണ് ലിപ് പ്ലേറ്റുകൾ. സ്ത്രീകളുടെ വിചിത്രമായ എന്നാൽ ഏറെ കൗതുകമുണർത്തുന്ന ലിപ് പ്ലേറ്റുകളെ കുറിച്ച് അറിയാം. (Lip Plate Tradition of Ethiopia)
തെക്കൻ എത്യോപ്യയിലെ ഒമോ താഴ്‌വരയിലെ തദ്ദേശീയ എത്യോപ്യൻ ഗോത്രങ്ങളാണ് 'സുർമ ഗോത്രം' എന്നറിയപ്പെടുന്നു രണ്ട് വംശീയ വിഭാഗങ്ങളായ സൂരി ഗോത്രവും മുർസി ഗോത്രവും (Suri and Mursi Tribe). മുർസി ഗോത്രം സൂരി ഗോത്രവുമായി അടുത്ത ബന്ധമുള്ളവരാണ്, ഇരു ഗോത്ര വിഭാഗവും സമാനമായ സംസ്കാരം പങ്കിടുന്നു. പരമ്പരാഗതമായി ഈ രണ്ട് ഗോത്രങ്ങളിലെയും സ്ത്രീകളാണ് തങ്ങളുടെ ചുണ്ടുകളിൽ ലിപ് പ്ലേറ്റുകൾ ധരിക്കുന്നത്.
ഇരു ഗോത്രങ്ങളിലെയും പെൺകുട്ടികൾക്ക് 15 അല്ലെങ്കിൽ 16 വയസ്സ് ആകുമ്പോൾ, അവളുടെ അമ്മയോ അല്ലെങ്കിൽ ഗ്രാമത്തിലെ മറ്റു സ്ത്രീകളോ ചേർന്ന് പെൺകുട്ടികൾ കീഴ്ചുണ്ട് മുറിക്കുന്നു. കത്തിയോ മറ്റു മൂർച്ചയുള്ള ആയുധമാകും ഇതിനായി ഉപയോഗിക്കുന്നത്. കീഴ്ച്ചുണ്ട് മുറിക്കുന്നതിന് മുൻപ് കുറഞ്ഞത് രണ്ട് പല്ലുകൾ എങ്കിലും നീക്കം ചെയ്യും. കീഴ്ചുണ്ടിൽ വിടവുകൾ ഉണ്ടാകുന്ന രീതിയിലാണ് മുറിക്കുന്നത്. ഈ വിടവിലൂടെയാണ് ലിപ് പ്ലേറ്റുകൾ ഇടുന്നത്. സാധാരണയായി 4 സെന്റിമീറ്റർ വ്യാസമുള്ള ആദ്യത്തെ പ്ലേറ്റ് ചുണ്ടിൽ ഇടാൻ കഴിയുന്നതുവരെ മുറിച്ച ചുണ്ടുകൾ നീട്ടുന്നു. ഈ പ്രക്രിയയിൽ ഉടനീളം പെൺകുട്ടികൾ നേരിടേണ്ടി വരുന്നത് കടുത്ത വേദനയാണ്. രണ്ടാഴ്ചയോളം വേണ്ടി വരും ചുണ്ടിലെ മുറിവുകൾ ഉണങ്ങാൻ. മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ ഗോത്രങ്ങൾക്ക് അവരുടേതായ ചില പൊടികൈകളുണ്ട്.
കീഴ്ചുണ്ട് സുഖപ്പെട്ടതിനുശേഷം പിന്നെയും കീഴ്ചുണ്ട് വലിച്ചു നീട്ടുന്നു. ആദ്യം കളിമണ്ണിൽ ഉണ്ടാക്കിയ വട്ടത്തിലെ പ്ലേറ്റുകളാണ് ചുണ്ടിൽ ധരിക്കുന്നത്. ഓരോ സ്ത്രീയും സ്വന്തമായാണ് ലിപ് പ്ലേറ്റുകൾ ഉണ്ടാകുന്നത്. ഇഷ്ട്ടത്തിനുള്ള അലങ്കാരപ്പണികൾ വരുത്തിയാകും പലരും സ്വന്തം ലിപ് പ്ലേറ്റുകൾ ധരിക്കുന്നത്. ഏകദേശം 8 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ വ്യാസമുള്ള ലിപ് പ്ലേറ്റുകൾ ഇങ്ങനെ സ്ത്രീകൾ ധരിക്കുന്നു. ഒരു സ്ത്രീക്ക് തനിക്ക് ആവശ്യമുള്ള വലുപ്പം സ്വയം തിരഞ്ഞെടുക്കാവുന്നതാണ്.
സ്ത്രീകളുടെ ലിപ് പ്ലേറ്റുകളുടെ വലിപ്പം അനുസരിച്ചാണ് അവർക്ക് സ്ത്രീധനം ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ വധുവിന്റെ കുടുംബമാണ് വരന് സ്ത്രീധനം നൽകുന്നത്. എങ്കിൽ എവിടെ നേരെ തിരിച്ചാണ്. സ്ത്രീയുടെ ലിപ് പ്ലേറ്റിന്റെ വലിപ്പത്തിന് അനുസരിച്ചാണ് വരൻ വധുവിന്റെ പിതാവിന് വിവാഹത്തിനായി കന്നുകാലികളെ നൽകുന്നത്. ലിപ് പ്ലേറ്റ് വലുതാകുന്തോറും കന്നുകാലികളുടെ എണ്ണവും കൂടുന്നു.
സൂരി മുർസി ഗോത്രങ്ങളിലെ പുരുഷന്മാരെ സംബന്ധിച്ചടുത്തോളം ലിപ് പ്ലേറ്റുകൾ സ്ത്രീകളെ കൂടുതൽ ആകർഷകമാക്കുന്നു. പ്രായമായ വിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് യുവതികളും നവവധുക്കളുമാണ് ലിപ് പ്ലേറ്റുകൾ കൂടുതലായി ധരിക്കുന്നത്. എല്ലാ സ്ത്രീകളും എപ്പോഴും ലിപ് പ്ലേറ്റുകൾ ധരിക്കുന്നില്ല. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ഇവർ ഇത് ഊരിമാറ്റിവയ്ക്കുന്നു. ഭർത്താവിന് ഭക്ഷണം വിളമ്പുന്ന സമയവും, ഗ്രാമത്തിലെ മറ്റു വിശേഷ വേളകയിലുമാണ് ലിപ് പ്ലേറ്റുകൾ പൊതുവായി അവർ ധരിക്കുന്നത്. എന്നാൽ, ഒരു സ്ത്രീ വിധവയാകുമ്പോൾ, അവളുടെ ബാഹ്യസൗന്ദര്യം മരണപ്പെട്ട ഭർത്താവിനൊപ്പം ഇല്ലാതെയാകുന്നു എന്ന് ഇവർ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ വിധവകൾ ലിപ് പ്ലേറ്റുകൾ നീക്കം ചെയ്യുന്നു.
നിലവിൽ യുവ തലമുറ കീഴ്ച്ചുണ്ടുകൾ കീറിമുറിച്ചു കൊണ്ടുള്ള സൗന്ദര്യ സങ്കല്പത്തോട് മുഖത്തിരിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന അണുബാധകൾക്ക് വഴിവയ്ക്കാവുന്ന ഈ രീതി നിർത്തലാക്കാൻ സർക്കാർ തന്നെ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.