
ലോകമെമ്പാടുമുള്ള കോടികണക്കിന് മനുഷ്യർക്ക് ഇന്നും വായിക്കാനോ എഴുതാനോ അറിയില്ല എന്നത് ഏറെ വേദനാജനകമായ യാഥാർഥ്യമാണ്. വിദ്യാഭ്യാസവും അറിവും മനുഷ്യന്റെ അടിസ്ഥാനാവകാശങ്ങളിലൊന്നായിട്ടും പലർക്കും സാക്ഷരതാ സ്വപ്നം മാത്രമായി ഒതുങ്ങുന്നു. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ചിട്ടും മനുഷ്യരാശിക്ക് പൂർണ്ണത കൈവരിക്കാൻ സാധിക്കാത്ത മേഖലയാണ് സാക്ഷരതാ. ആഗോള പൗരന്മാർക്കിടയിലെ കുറഞ്ഞ സാക്ഷരതാ നിരക്ക് ഒരു വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ മറികടക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ യുനെസ്കോയുടെ (UNESCO) നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ എട്ടിന് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു പോരുന്നു. (International Literacy Day)
വ്യക്തികളെയും സമൂഹത്തെയും സാക്ഷരതാ കൈവരിക്കാൻ വേണ്ടിയും, സാക്ഷരതയുടെ പ്രാധാന്യം ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിനും വേണ്ടിയാണ് സാക്ഷരത ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയിൽ ബോധവൽക്കരണം നടത്തുകയും, എല്ലാ മനുഷ്യർക്കും പഠനാവകാശം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 1965 ലാണ് സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാന്‍ യുണെസ്‌കോ തീരുമാനിച്ചത്. 1965 മുതല്‍ എല്ലാ വര്‍ഷവും ആ ദിനം യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു.
ആദ്യത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിനം മുതൽ അമ്പത് വർഷത്തിലേറെയായി സാക്ഷരതാ നിരക്കുകൾ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, നിരക്ഷരത ഇപ്പോഴും ഒരു ആഗോള പ്രശ്നമാണ്. ലോകമെമ്പാടുമായി 750 ദശലക്ഷത്തിലധികം മുതിർന്നവർക്ക് ഇന്നും വായിക്കാൻ അറിയില്ലെന്നാണ് കരുതുന്നത്. സാക്ഷരത ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്. അവകാശങ്ങൾ നേടിയെടുക്കുന്നതിനും അനീതിക്ക് എതിരെ പ്രവർത്തിക്കുന്നതിനും ഓരോ വ്യക്തിക്കും സാക്ഷരത അനിവാര്യമാണ്.
ഡിജിറ്റൽ യുഗത്തിൽ സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ സാക്ഷരതാ ദിനത്തിന്റെ പ്രമേയം. വിവരസാങ്കേതിക വിദ്യ, ഓൺലൈൻ പഠന സംവിധാനം, സാമൂഹിക മാധ്യമങ്ങൾ എന്നിവ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ഡിജിറ്റൽ സാക്ഷരത വിദ്യാഭ്യാസത്തിന്റെ പുതിയ അളവുകോലായി മാറിക്കഴിഞ്ഞു.