

കിം കുടുംബത്തിന്റെ ഭരണത്തിന് പുറത്ത് ഉത്തരകൊറിയയുടെ നാമമാത്ര രാഷ്ട്രത്തലവനായി സേവനമനുഷ്ഠിച്ച ഏക വ്യക്തിയായ കിം യോങ് നാം (97) അന്തരിച്ചു. ഉത്തരകൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയുടെ മുൻ ചെയർമാനും ദീർഘകാല നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചതെന്ന് ഭരണകൂട മാധ്യമമായ കെസിഎൻഎ (KCNA) ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. നിലവിലെ രാഷ്ട്രത്തലവൻ കിം ജോങ് ഉൻ ചൊവ്വാഴ്ച പുലർച്ചെ കിം യോങ് നാമിന്റെ മൃതദേഹം സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. (Kim Yong Nam)
കുടുംബ സ്വേച്ഛാധിപത്യം കർശനമായി നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് കിം യോങ് നാമിന്റേത് നാമമാത്രമായ ഒരു സ്ഥാനമായിരുന്നു. എന്നിരുന്നാലും, 1998 മുതൽ 2019 ൽ വിരമിക്കുന്നതുവരെ രാഷ്ട്രത്തലവൻ എന്ന നിലയിൽ കിം യോങ് നാം രാജ്യത്തിന്റെ നയതന്ത്ര മുഖമായിരുന്നു. 1928-ൽ ജനിച്ച കിം യോങ് നാം, രാജ്യത്തിന്റെ സ്ഥാപകനായ കിം ഇൽ സുങ്ങിന്റെ കീഴിൽ പ്രധാന വിദേശകാര്യ മന്ത്രി സ്ഥാനങ്ങൾ വഹിക്കുകയും ഉത്തരകൊറിയയുടെ നയതന്ത്രം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. പിന്നീട് കിം ജോങ് ഇൽ ഭരണകാലത്ത് ഉച്ചകോടി നയതന്ത്രത്തിൻ്റെ ചുമതല വഹിക്കുകയും ഒറ്റപ്പെട്ട രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. കിം ജോങ് ഉന്നിൻ്റെ കീഴിലും കിം യോങ് നാം ഉത്തര കൊറിയയുടെ നയതന്ത്ര മുഖമായി തുടർന്നു.
2018-ൽ ദക്ഷിണ കൊറിയയിൽ നടന്ന വിന്റർ ഒളിമ്പിക്‌സിൽ ഉത്തര കൊറിയൻ പ്രതിനിധി സംഘത്തിൻ്റെ തലവനായി അദ്ദേഹം പങ്കെടുത്തു, അന്നത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കിം ഇൽ സുങ്ങോ കിം ജോങ് ഇല്ലോ ശിക്ഷിക്കുകയോ സ്ഥാനഭ്രഷ്ടനാക്കുകയോ ചെയ്തിട്ടില്ലാത്ത ഒരേയൊരു ഉന്നത ഉദ്യോഗസ്ഥനാണ് കിം യോങ് നാം. മൂന്ന് രാജ്യ നേതാക്കളുടെ കീഴിലും അദ്ദേഹം വിശ്വസ്തതയോടെ പ്രവർത്തിച്ചു. ഉത്തര കൊറിയ അദ്ദേഹത്തിനായി ഔദ്യോഗിക അന്ത്യകർമ്മ ചടങ്ങുകൾ നടത്തുമെന്ന് കെസിഎൻഎ അറിയിച്ചു.
Summary: Kim Yong Nam, the only non-Kim family member to serve as North Korea's nominal head of state, has died at the age of 97. The long-time diplomat and former chairman of the Supreme People’s Assembly Presidium served all three of the country's leaders, from Kim Il Sung to Kim Jong Un.