പ്യോങ്യാങ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ചരിത്രവിജയം. രാജ്യത്തെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.97% വോട്ടുകൾ നേടിയാണ് കിം അധികാരം ഉറപ്പിച്ചത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ സകല സീറ്റുകളും കിമ്മിന്റെ പാർട്ടി തൂത്തുവാരി.(Kim Jong-Un Wins In North Korea Election 2026 With 99.93%)
രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 99.99% പേരും വോട്ടുരേഖപ്പെടുത്തി. വിദേശത്തോ കടലിലോ ജോലി ചെയ്യുന്ന 0.0037% പേർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. വോട്ട് ചെയ്തവരിൽ 99.93% പേർ ഔദ്യോഗിക സ്ഥാനാർത്ഥികളെ പിന്തുണച്ചു. തൊഴിലാളികൾ, കർഷകർ, സൈനികർ എന്നിവരടങ്ങുന്ന 687 പ്രതിനിധികളെയാണ് അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തത്.
ഉത്തരകൊറിയൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവത്തിനും ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചു. 0.07% വോട്ടുകൾ സ്ഥാനാർത്ഥികൾക്കെതിരെ രേഖപ്പെടുത്തിയതായി സർക്കാർ തന്നെ സമ്മതിച്ചു. 1957-ന് ശേഷം ആദ്യമായാണ് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ എതിർ വോട്ടുകൾ ലഭിച്ചതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
ഓരോ നിയോജകമണ്ഡലത്തിലും ഭരണകൂടം നിശ്ചയിക്കുന്ന ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരിക്കുന്നത് എന്നതിനാൽ, ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു ‘ഷോ ഇലക്ഷൻ’ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കാൻ ആർക്കും ധൈര്യമില്ലാത്ത സാഹചര്യത്തിൽ ഇത്തരം വിജയങ്ങൾ സ്വാഭാവികമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

