

ധാക്ക/ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് ധാക്കയിലെ ആശുപത്രിയിൽ മരണപ്പെട്ടു. ക്രൂരമായ മർദ്ദനത്തിന് ശേഷം അക്രമികൾ ഖോകൻ ദാസിനെ തീകൊളുത്തുകയായിരുന്നു.
ധാക്കയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മരുന്നുകടയും മൊബൈൽ ബാങ്കിംഗ് ബിസിനസ്സും നടത്തിവരികയായിരുന്നു ഖോകൻ. ഡിസംബർ 31-ന് രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഒരു സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അക്രമികൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ തീ കൊളുത്തി. തീകൊളുത്തിയ നിലയിൽ സമീപത്തെ കുളത്തിലേക്ക് ചാടിയ ഖോകനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.