ഖഷോഗി വധം: സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് ട്രംപ്; CIA റിപ്പോർട്ട് തള്ളി | Khashoggi murder
വാഷിങ്ടൺ: ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. കിരീടാവകാശിക്ക് ഖഷോഗി കൊല്ലപ്പെട്ടതിനെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.(Khashoggi murder, Trump denies Saudi crown prince's involvement)
2021-ൽ പുറത്തുവന്ന സിഐഎയുടെ (CIA) റിപ്പോർട്ടിനെ നിരാകരിച്ചുകൊണ്ടാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഖഷോഗിയുടെ വധത്തിൽ സൗദി ഭരണകൂടത്തിനും കിരീടാവകാശിക്കും പങ്കുണ്ടെന്ന് സിഐഎ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
മുഹമ്മദ് ബിൻ സൽമാനുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. "ഖഷോഗി ഒരു വിവാദ വ്യക്തിയായിരുന്നു. ചിലപ്പോൾ അരുതാത്തത് സംഭവിക്കും," ട്രംപ് പറഞ്ഞു.
എന്നാൽ, ഖഷോഗി കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും അതൊരു വലിയ തെറ്റായിപ്പോയെന്നും മുഹമ്മദ് ബിൻ സൽമാൻ മറുപടി നൽകി. തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോൺസുലേറ്റിൽ വെച്ചാണ് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്.
