ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി തന്റെ 37 വർഷത്തെ ഭരണകാലയളവിൽ ആദ്യമായി വ്യോമസേനാ കമാൻഡർമാരുടെ വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നു. 1989-ൽ ചുമതലയേറ്റ ശേഷം ഖമേനി മുടങ്ങാതെ പങ്കെടുക്കാറുള്ള സൈനിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. അമേരിക്കയുമായുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.(Khamenei has Stayed away from air force commanders’ meeting for first time in 37 years)
ഖമേനിക്ക് പകരം സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൾറഹീം മൗസാവിയാണ് വ്യോമസേനാ ഉദ്യോഗസ്ഥരെ കണ്ടത്. രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്ന ഈ പ്രതീകാത്മക ചടങ്ങ് ഇറാന്റെ പ്രതിരോധ ചരിത്രത്തിൽ നിർണ്ണായകമാണ്.
ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ യുദ്ധസജ്ജമായി നിൽക്കുന്ന യു.എസ്.എസ്. എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
യുഎസ് ആക്രമണം നടത്തിയാൽ അത് പ്രാദേശിക സംഘർഷത്തിന് കാരണമാകുമെന്നും മേഖലയിലാകെ പടരുമെന്നും ഖമേനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാനിൽ യുഎസ്-ഇറാൻ ചർച്ചകൾ വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കി.
ആണവ ചർച്ചകളുടെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. യു.എസിന്റെ ചർച്ചകളിലെ ഗൗരവത്തെ ഇറാൻ സംശയിക്കുന്നു. ചർച്ചകൾ പുനരാരംഭിച്ചെങ്കിലും അമേരിക്കൻ ഭീഷണിയിൽ തങ്ങൾ ഭയക്കില്ലെന്ന് അരാഗ്ചി പറഞ്ഞു. ഇറാൻ അണുബോംബ് നിർമ്മാണത്തിന് ശ്രമിക്കുന്നില്ല. എന്നാൽ വൻശക്തികളോട് ‘ഇല്ല’ എന്ന് പറയാനുള്ള ഇറാന്റെ കരുത്താണ് അവരുടെ യഥാർത്ഥ ‘അണുബോംബ്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



