

ഏപ്രിൽ 12, 1981. സമയം രാവിലെ എട്ടു മാണിയോട് അടുത്ത് കാണും. കാലിഫോർണിയയിലെ കെഡ്ഡി റിസോർട്ട്. മഞ്ഞുപുതച്ച ആ പുലർച്ചെ 14 വയസ്സുകാരിയായ ഷീല ഷാർപ്പ് തന്റെ അയൽവീട്ടിലെ താമസം കഴിഞ്ഞ് സ്വന്തം ക്യാബിനിലേക്ക് നടന്നു കയറുകയായിരുന്നു. വീടിന്റെ വാതിൽ തുറന്ന് ലിവിംഗ് റൂമിലേക്ക് കടന്ന ഷീലയെ കാത്തിരുന്നത് രക്തം മരവിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. ഷീലയുടെ അമ്മ സൂ ഷാർപ്പും, സഹോദരൻ ജോണും, അവന്റെ സുഹൃത്ത് ഡാനയും രക്തത്തിൽ കുളിച്ചു കിടക്കുന്നു. ഇലക്ട്രിക്കൽ വയറുകളും മെഡിക്കൽ ടേപ്പും ഉപയോഗിച്ച് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു അവരുടെ ശരീരങ്ങൾ. ചുറ്റിക കൊണ്ടുള്ള മാരകമായ പ്രഹരമേറ്റും കത്തികൊണ്ടുള്ള കുത്തേറ്റും അവരുടെ ശരീരങ്ങൾ വികൃതമായിരുന്നു. ഉറക്കെ നിലവിളിച്ച് കൊണ്ട് അവൾ അവരുടെ അടുത്തേക്ക് ഓടിയെത്തി. അമ്മയെയും സഹോദരനെയും അവൾ തട്ടി വിളിച്ച് ഉണർത്താൻ ശ്രമിച്ചു. എത്രയൊക്കെ ശ്രമിച്ചിട്ടും ആരും തന്നെ കണ്ണ് തുറന്നില്ല. പ്രിയപ്പെട്ടവരുടെ ചേതനയറ്റ് ശരീരത്തിന്റെ അരികിൽ ഇരുന്ന് അവൾക്ക് കരയാൻ മാത്രമാണ് കഴിഞ്ഞത്. (Keddie Cabin Murders)
പെട്ടന്നായിരുന്നു വീട്ടിൽ തന്നെ ഉണ്ടായിരുന്നു തന്റെ മറ്റ് സഹോദരങ്ങളെ കുറിച്ച് ഷീല ഓർക്കുന്നത്. അവർക്കും എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്ന ആധി അവളുടെ ഉള്ളിൽ പടർന്നു. കരഞ്ഞു കൊണ്ട് ഷീല അവർ താമസിച്ചിരുന്ന ആ ക്യാബിന്റെ പുറകിലെ മുറിയെ ലക്ഷ്യം വച്ച് നടന്നു. ഉള്ളിൽ കത്തിയെരിയുന്ന ഭയവുമായി പുറകിലെ മുറി തുറന്ന ഷീല കാണുന്നത് യാതൊരു പോറലുമേൽക്കാതെ ഉറങ്ങിക്കിടക്കുന്ന
രണ്ട് സഹോദരന്മാരായ റിക്കിനെയും ഗ്രെഗിനെയും അവരുടെ സുഹൃത്ത് ജസ്റ്റിനെയുമായിരുന്നു. ആ കുഞ്ഞുങ്ങൾ തങ്ങളുടെ കുടുംബത്തിന് സംഭവിച്ച വിപത്തിനെ കുറിച്ച് അറിയാതെ അവരുടെ സ്വപ്ന ലോകത്തായിരുന്നു. എന്നാൽ ഷീലയുടെ12 വയസ്സുകാരിയായ സഹോദരി ടീനയെ അവൾ ആ മുറിക്കുളിൽ കണ്ടില്ല. ആ ക്യാമ്പിന്റെ ഉള്ളിൽ എങ്ങും തന്നെ ടീനയെ കണ്ടില്ല. അതോടെ ആകെ പരിഭ്രാന്തയായ ഷീല എന്ത് ചെയ്യണം എന്ന് അറിയാതെ തൊട്ട് അടുത്തുള്ള ക്യാബിനിലെത്തി കാര്യാങ്ങൾ വിവരിക്കുന്നു. അധികം വൈകാതെ തന്നെ സംഭവ സ്ഥലത്ത് പോലീസ് എത്തുന്നു.
ഷാർപ്പ് കുടുംബം ഈ കെഡ്ഡി റിസോർട്ടിലെ ക്യാബിൻ 28-ലേക്ക് താമസം മാറ്റിയിട്ട് മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. അഞ്ച് മക്കളുമായി ഒറ്റയ്ക്ക് കഴിയുന്ന സൂ ഷാർപ്പിന് ആ സമാധാനപരമായ അന്തരീക്ഷം പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ആ രാത്രിയിൽ നടന്ന കൊലപാതകത്തിന്റെ രീതി അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. വീടിനുള്ളിൽ ഇത്രയും വലിയൊരു മൽപ്പിടുത്തം നടന്നിട്ടും, തൊട്ടടുത്ത മുറിയിലെ കുട്ടികൾ ഉണർന്നില്ല എന്നതും അയൽക്കാർ യാതൊരു ശബ്ദവും കേട്ടില്ല എന്നതും ദുരൂഹത വർദ്ധിപ്പിച്ചു. എന്നാൽ ഇതിലും വലിയ ഞെട്ടൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് വർഷങ്ങൾക്ക് ശേഷം, 1984-ൽ ക്യാബിനിൽ നിന്ന് മൈലുകൾ അകലെയുള്ള വനത്തിൽ നിന്ന് ടീനയുടെ തലയോട്ടി ഉൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടി. ആ കുഞ്ഞിനെ ആ രാത്രിയിൽ തട്ടിക്കൊണ്ടു പോയി എന്ന് അതോടെ വ്യക്തമായി.
ക്യാബിൻ 28-നുള്ളിൽ നടന്നത് അതിക്രൂരമായ ഒരു നരനായാട്ടായിരുന്നു എന്ന് ഫോറൻസിക് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. കൊലയാളി ഇരകളായ സൂ ഷാർപ്പ്, ജോൺ, ഡാന എന്നിവരെ ഇലക്ട്രിക്കൽ വയറുകളും മെഡിക്കൽ ടേപ്പുകളും ഉപയോഗിച്ച് അതിശക്തമായി ബന്ധിച്ച ശേഷമാണ് തൻ്റെ ക്രൂരത തുടങ്ങിയത്. രണ്ട് വ്യത്യസ്ത ചുറ്റികകൾ ഉപയോഗിച്ച് ഇരകളുടെ തലയ്ക്ക് മാരകമായ പ്രഹരമേൽപ്പിക്കുകയും, വളഞ്ഞുപോകുന്ന അത്രയും ശക്തിയിൽ കത്തികൾ കൊണ്ട് ശരീരത്തിൽ പലതവണ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ സൂവിൻ്റെയും ഡാനയുടെയും തൊണ്ട അറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്. കേവലം ഒരു കൊലപാതകം എന്നതിലുപരി, ഇരകളോട് തീർത്താൽ തീരാത്ത പകയോടെ നടത്തിയ 'ഓവർകിൽ'ആയിരുന്നു അവിടെ നടന്നത്.
അന്വേഷണത്തിന്റെ തുടക്കം മുതൽക്കേ പോലീസിന് വലിയ വീഴ്ചകൾ സംഭവിച്ചു. പ്രധാന സംശയനിഴലിലുണ്ടായിരുന്ന അയൽവാസി മാർട്ടിൻ സ്മാർട്ടിനെയും അയാളുടെ സുഹൃത്ത് ജോൺ ബോഡിബിയെയും ശരിയായി ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായില്ല. മാർട്ടിൻ തന്റെ ഭാര്യക്ക് എഴുതിയ ഒരു കത്ത് പിന്നീട് പുറത്തുവന്നു. "നിനക്ക് വേണ്ടി ഞാൻ നൽകിയ വില വലുതാണ്, അത് ഞാൻ ആ മൂന്ന് പേരുടെ ജീവനെടുത്താണ് നിർവ്വഹിച്ചത്" എന്ന അർത്ഥമുള്ള ആ കത്ത് പോലീസ് അവഗണിച്ചത് വലിയ ഗൂഢാലോചനകൾക്ക് കാരണമായി. പ്രാദേശിക പോലീസിലെ ചില ഉദ്യോഗസ്ഥർക്ക് പ്രതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാൽ തെളിവുകൾ ബോധപൂർവ്വം നശിപ്പിക്കപ്പെട്ടുവെന്നും ഇന്നും വിശ്വസിക്കപ്പെടുന്നു.
ദശകങ്ങളോളം തെളിവുകളില്ലാതെ കിടന്ന ഈ കേസിൽ 2016-ൽ ഒരു പ്രധാന വഴിത്തിരിവുണ്ടായി. പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേറ്റർ മൈക് ഗാംബെർഗ്, കൊലപാതക സ്ഥലത്ത് നിന്ന് മുമ്പ് പോലീസ് കണ്ടെത്താത്ത ഒരു ചുറ്റിക കണ്ടെടുത്തു. ഇത് മാർട്ടിൻ സ്മാർട്ടിന്റേതിന് സമാനമായിരുന്നു. കൂടാതെ പഴയ ടേപ്പുകളിൽ നിന്ന് പുതിയ കുറ്റസമ്മത മൊഴികളും ഡി.എൻ.എ തെളിവുകളും ലഭിച്ചു. എന്നാൽ നീതി നടപ്പിലാക്കാൻ സമയം വൈകിപ്പോയിരുന്നു. പ്രധാന പ്രതികളായ മാർട്ടിനും ബോഡിബിയും അതിനോടകം മരണപ്പെട്ടിരുന്നു.
നാല് പതിറ്റാണ്ടുകൾക്ക് ശേഷവും കെഡ്ഡി ക്യാബിൻ 28 ഒരു തീരാനോവായി അവശേഷിക്കുന്നു. 2004-ൽ ആ ക്യാബിൻ ഇടിച്ചുനിരത്തിയെങ്കിലും ആ താഴ്‌വരയിലെ മഞ്ഞുകാറ്റുകളിൽ ടീനയുടെ നിലവിളിയും ആ കുടുംബത്തിന്റെ രോദനവും ഇന്നും തങ്ങിനിൽക്കുന്നു. ലോകത്തിലെ ഏറ്റവും ക്രൂരമായ 'കോൾഡ് കേസുകളിൽ' ഒന്നായി ഇത് ഇന്നും തുടരുന്നു.
The 1981 Keddie Cabin Murders involve the brutal slaying of Glenna Sharp, her son John, and his friend Dana in a remote California cabin. While three younger children were left unharmed in the next room, 12-year-old Tina Sharp was abducted and her remains were found three years later in the woods. Despite suspecting local neighbors and finding a potential confession letter years later, the case remains unsolved due to botched initial investigations and lack of definitive DNA evidence.