

മംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർ മൊബൈൽ ഫോണുകളും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം റെയ്ഡ് ശക്തമാക്കി. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനകളിൽ നിരവധി ഫോണുകളും സിം കാർഡുകളും മാരകായുധങ്ങളും കണ്ടെടുത്തു.
ജയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിവിടെ നടന്നത്. ഒരൊറ്റ പരിശോധനയിൽ 30 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് ഡി.ജി.പി 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 10 മൊബൈൽ ഫോണുകളും 4 സിം കാർഡുകളും പിടിച്ചെടുത്തു.
ജില്ലാ ജയിലിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ആറ് ഫോണുകൾ കണ്ടെടുത്തു.ബള്ളാരിയിൽ നിന്ന് 4 ഫോണുകളും ശിവമൊഗ്ഗയിൽ നിന്ന് 3 ഫോണുകളും 4 സിം കാർഡുകളും പിടികൂടി.
ചൊവ്വാഴ്ച രാത്രി മംഗളൂരു ജയിലിലെ എ, ബി ബ്ലോക്കുകളിലെ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് റെയ്ഡ് ശക്തമാക്കാൻ കാരണമായത്. പരിശോധനക്കെത്തിയ സൂപ്രണ്ടിനെയും ഉദ്യോഗസ്ഥരെയും തടവുകാർ സംഘം ചേർന്ന് തടയാൻ ശ്രമിച്ചിരുന്നു. ജയിലുകൾക്കുള്ളിലെ കള്ളക്കടത്തും ലഹരി ഉപയോഗവും പൂർണ്ണമായും തടയുമെന്ന് ഡി.ജി.പി അലോക് കുമാർ 'എക്സ്' (X) പോസ്റ്റിലൂടെ വ്യക്തമാക്കി.
മൊബൈൽ ഫോണുകൾക്ക് പുറമെ കത്തികൾ, മയക്കുമരുന്ന് വസ്തുക്കൾ എന്നിവയും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.