മനുഷ്യ ശരീരം വെട്ടിനുറുക്കി അച്ചാറാക്കി വില്പന...മനുഷ്യരുടെ മാംസം കൊണ്ട് ബെൽറ്റും ഷൂസും തോൽക്കച്ചയും നിർമ്മാണം; നാൽപ്പതിലേറെ മനുഷ്യരെ കൊലപ്പെടുത്തിയ കാർൽ ദെങ്കെ എന്ന നരഭോജി|Karl Denke

Karl Denke
Published on

പള്ളിക്കുരിശിന്റെ കീഴിൽ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നൽകിയ നല്ലവൻ. അയൽക്കാർക്ക് മുന്നിൽ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സമൂഹത്തിന് മുന്നിൽ കരുണയുടെ മുഖമൂടി കെട്ടിയാടിയ കാർൽ ദെങ്കെ (Karl Denke) എന്ന മനുഷ്യ മൃഗം കൊന്നു കറിവച്ചത് നാൽപ്പതിലേറെ മനുഷ്യരെ. ഭക്തിയുടെയും കരുണയുടെയും മറവിൽ കാർൽ ദെങ്കെ നടത്തിയ മനുഷ്യകുരുതിയുടെ കഥ അവിശ്വസനീയമാണ്.

1860 ഫെബ്രുവരി 11 ന്, പോളണ്ടിലെ സീബിസിലാണ് കാർൽ ദെങ്കെയുടെ ജനനം. ഒരു സമ്പന്ന കർഷക കുടുംബത്തിലാണ് ദെങ്കെ ജനിക്കുന്നത്. ശാന്തശീലനും, മൃദുഭാഷിയുമായ ബാലൻ. പള്ളിയും പ്രാർത്ഥനയും ജീവിതത്തിലെ പ്രധാന ശീലങ്ങൾ. എന്നാൽ പഠനത്തിൽ അത്രകണ്ട് മികവ് പുലർത്തുവാൻ അവന് സാധിച്ചിരുന്നില്ല. പഠനത്തിൽ പിന്നോട്ട് ആയതു കൊണ്ട് വീട്ടുകാരിൽ നിന്നും ആ ബാലന് നിരന്തരം ശകാരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒടുവിൽ പന്ത്രണ്ടാം വയസ്സിൽ വീടുവിട്ടിറങ്ങുന്നു.

വീട് വിട്ടിറങ്ങിയ ശേഷം സ്വന്തം നിലയ്ക്ക് ജീവിതം മുന്നോട്ട് തള്ളിനീക്കാൻ പല പൊടികൈകളും ആ ബാലൻ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഒരു തോട്ടക്കാരന്റെ സഹായിയായി ജോലിചെയ്തു. ദെങ്കെയ്ക്ക് ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെടുന്നു. പിതാവിന്റെ മരണത്തിന് പിന്നാലെ ദെങ്കെയ്ക്കും

ജ്യേഷ്ഠനുമായി സ്വത്തുക്കൾ വീതംവയ്ക്കുന്നു. കുടുംബവീട് ജ്യേഷ്ഠനും, ബാക്കി സ്വത്തുക്കൾ ദെങ്കെയ്ക്ക് പണമായും ലഭിച്ചു. വീതം കിട്ടിയ പണം കൊണ്ട് കുറച്ചു നിലം വാങ്ങി, അവിടെ കൃഷിക്ക് സ്വന്തം നിലയ്ക്ക് ശ്രമിക്കുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ അത്ര കണ്ട് വലിയ ലാഭം ഒന്നും നേടാൻ കൃഷിയിലൂടെ ദെങ്കെയ്ക്ക് കഴിഞ്ഞിരുന്നില്ല. അതോടെ കൃഷിയിടം വിൽക്കുന്നു. ശേഷം, ഒരു കടമുറി വാടകയ്ക്ക് എടുക്കുന്നു. കടയ്ക്ക് സമീപത്തായി തന്നെ രണ്ടു നിലകൾ ഉള്ളൊരു വീടും വാങ്ങുന്നു. വീടിന്റെ ആദ്യത്തെ നിലയിലായിരുന്നു ദെങ്കെയുടെ താമസം. എല്ലില്ലാത്ത പന്നിയിറച്ചി അച്ചാർ, ബെൽറ്റ്, ഷൂസ്, തോൽക്കച്ച എന്നിവയുടെ വിൽപനയായിരുന്നു കടയിലൂടെ.

കുരിശിന്റെ മറവിലെ ദാനവൻ

നാട്ടിലെ പള്ളിയിലെ ഓർക്കസ്ട്രയിലെ സജ്ജീവ സാന്നിധ്യമായിരുന്നു ദെങ്കെ. നിത്യവും പള്ളിയിൽ പോകുന്ന വിശ്വാസി. ദെങ്കെ പള്ളിയിൽ പോകാത്ത ദിവസങ്ങൾ വിരളം. നാട്ടിലെ പ്രിയങ്കരൻ. എല്ലാവരോടും സ്നേഹം മാത്രം. തന്നാൽ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആ നാട്ടുകാർ ദെങ്കെയെ വിളിച്ചിരുന്നത് പാപ്പാ ദെങ്കെ (Papa Denke) എന്നായിരുന്നു. ആ നാട്ടിലെ എല്ലാ ശവസംസ്കാര ചടങ്ങുകളിലും ദെങ്കെ മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. ജർമ്മനിയിൽ നിന്നും കുടിയേറി ആ നാട്ടിൽ എത്തിയ മനുഷ്യരുമായി ദെങ്കെ സൗഹൃദം സ്ഥാപിക്കുന്നു. കുറച്ചു നാൾ താമസിക്കുവാൻ വേണ്ടി അയാൾ സ്വന്തം വീട്ടിലേക്ക് ഇവരെ ക്ഷണിക്കുന്നു. ദെങ്കെയുടെ വാക്കുകൾ വിശ്വസിച്ച് ആ സാധുമനുഷ്യർ അയാൾക്കൊപ്പം പോകുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം നേരിട്ട പണപ്പെരുപ്പം സാധാരണക്കാരെ അകെ വലച്ചിരുന്നു. സാമ്പത്തികമായി അകെ വലഞ്ഞ ദെങ്കെ അയാളുടെ വീട് വിൽക്കുന്നു. തുടർന്ന് അയാളുടെ കടയോട് ചേർന്നുള്ള രണ്ട് കടമുറികൾ കൂടി വാടകയ്ക്ക് എടുക്കുന്നു. ഇതേ വർഷം തന്നെ, ജർമ്മനിയിൽ നിന്നും എത്തിയ കുടിയേറ്റക്കാരെ അയാളുടെ കടയിൽ പാർപ്പിക്കുന്നു. അങ്ങനെ, ഒട്ടനവധി മനുഷ്യർ ആ കടയിൽ അഭയം തേടി എത്തുന്നു. എന്നാൽ ആ കടയിലേക്ക് പോയ മനുഷ്യരെ ആരെയും പിന്നീട് പുറംലോകം കണ്ടിട്ടില്ല. കുടിയേറ്റക്കാർ ആയതു കൊണ്ട് തന്നെ മറ്റ് എവിടേക്കെങ്കിലും പോയതാകാം എന്നാണ് അന്ന് പലരും കരുതിയിരുന്നത്.

ദെങ്കെ കടയിലേക്ക് കൂട്ടികൊണ്ടുവരുന്ന മനുഷ്യരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നു. ശേഷം അവരുടെ ശരീരങ്ങൾ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി അച്ചാറിടുന്നു. ദെങ്കെ അയാളുടെ കടയിൽ വിറ്റിരുന്നത് എല്ലില്ലാത്ത പന്നിയിറച്ചി അച്ചാറല്ല, മറിച്ച് മനുഷ്യ മാംസം കൊണ്ട് ഉണ്ടാക്കിയ അച്ചാറായിരുന്നു. ഇത്രയും മാത്രമല്ല, ആ കടയിൽ വിറ്റിരുന്ന ബെൽറ്റ്, ഷൂസ്, തോൽക്കച്ച എന്നിവ മനുഷ്യമാംസത്തിൽ നിർമ്മിച്ചതായിരുന്നു. നല്ല രിതിയിൽ തന്നെ ഇവയെല്ലാം വിറ്റുപോയിരുന്നു. ആരിലും യാതൊരു സംശയവും ജനിപ്പിക്കാതെയാണ് ദെങ്കെ ഓരോ തവണയും ഇരയെ കണ്ടെത്തിയതും കൊലപ്പെടുത്തിയതും. നിരന്തരം പള്ളിയിൽ പോകുന്ന, രാജ്യം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ട വേളയിൽ സഹായിച്ച വ്യക്തി. അങ്ങനെയുള്ള ഒരു മനുഷ്യൻ മനുഷ്യരെ കൊലപ്പെടുത്തി വിൽകുമെന്ന് ആരും കരുതിയിരുന്നില്ല. പട്ടിണി രൂക്ഷമായതോടെ നിരവധി മനുഷ്യരാണ് ദെങ്കെയുടെ പക്കൽ നിന്നും ഇറച്ചികൾ വാങ്ങിയിരുന്നത്.

1924 ഡിസംബർ 21-ന്, താമസ സ്ഥലം വാഗ്ദാനം നൽകി ഒരു യുവാവിനെ ദെങ്കെ കടയിലേക്ക് കൂട്ടികൊണ്ടു വരുന്നു. പതിവ് പോലെ കൈയിൽ കരുതിയിരുന്ന കോടാലി കൊണ്ട് അയാളെ വെട്ടുന്നു. വെട്ട് കൊണ്ട് നിലത്ത് വീണ ആ മനുഷ്യ കടയിൽ നിന്നും എങ്ങനെയോ രക്ഷപ്പെടുന്നു. പാപ്പാ ദെങ്കെയാണ് തന്നെ കൊല്ലാൻ ശ്രമിച്ചത് എന്ന് വിവരം അയാൾ പോലീസിനോട് പറയുന്നു. അതോടെ ദെങ്കെയെ പോലീസ് അറസ്റ്റ് ചെയുന്നു. എന്നാൽ, ഞാൻ നിരപരാധിയാണ്, അവനാണ് എന്നെ ആക്രമിച്ചത്, എന്ന് ദെങ്കെ പോലീസിന് മുന്നിൽ ആവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ പോലീസ് ദെങ്കെയുടെ വാക്കുകൾ പോലീസ് വിലയ്‌ക്കെടുത്തില്ല. അന്ന് രാത്രി പോലീസ് സ്റ്റേഷനിൽ തന്നെ കഴിയുവാൻ ദെങ്കെയോട് ആവശ്യപ്പെടുന്നു. രാത്രി ഏറെ വൈകിയിട്ടുണ്ട്, ദെങ്കെ കഴിഞ്ഞിരുന്ന സെല്ലിന്റെ അടുത്തേക്ക് നടന്ന് എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാണുന്നത് സെല്ലിനുള്ളിൽ തൂങ്ങിമരിച്ച ദെങ്കെയെയാണ്.

ദെങ്കെ മരണപ്പെട്ടതോടെ അയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ തെളിവുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു — മനുഷ്യമാംസത്തിന്റെ കഷണങ്ങൾ, മരിച്ചവരുടെ വസ്ത്രങ്ങൾ, കൊലപാതകങ്ങളുടെ കുറിപ്പുകൾ, ശരീരഭാഗങ്ങൾ സൂക്ഷിച്ച പാത്രങ്ങൾ എന്നിവ. ശരീരം കഷണങ്ങളാക്കി സൂക്ഷിക്കുകയും ചില ഭാഗങ്ങൾ അയൽക്കാരോട് പന്നിയിറച്ചി എന്നു പറഞ്ഞ് വിറ്റതും തെളിഞ്ഞു. തൊട്ടടുത്ത ദിവസത്തെ പത്രത്തിലെ പ്രധാന തലക്കെട്ട് ദെങ്കെയുടെ നരവേട്ടയുടേതായിരുന്നു. പോലീസിന്റെ കണ്ടെത്തലിൽ ദെങ്കെയുടെ ഇരകളുടെ എണ്ണം നാൽപ്പത്തിനും മുകളിലാണ്. പക്ഷെ എന്തിനു വേണ്ടിയാണ് അയാൾ എത്രയും മനുഷ്യരെ കൊലപ്പെടുത്തിയത് എന്ന് ഇന്നും വ്യക്തമല്ല. ഒരുപക്ഷെ, പന്നിയിറച്ചിയുടെ ലഭ്യത കുറവ കാരണം എളുപ്പത്തിൽ ലഭ്യമാകുന്ന മനുഷ്യ മാംസം വിൽക്കുവാൻ തീരുമാനിച്ചതാകാം.

ദെങ്കെയുടെ കഥ ആരെയും അതീവ അസ്വസ്ഥരാക്കുന്നു. ചിരിയുടെയും കരുണയുടെയും പിന്നിൽ അതിക്രമങ്ങളും മൃഗീയതയും മാത്രം കൊണ്ട് നടന്ന മനുഷ്യൻ. സാധാരണക്കാരന്റെ നിസ്സഹായതെയെ ചുഷണം ചെയ്ത് അവരെ നാട്ടുകാർക്ക് വിളമ്പിയ നരഭോചിയുടെ കഥ ഇന്നും സീബിസിലെ ഞെട്ടലായി തുടരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com