Jim

ബഹിരാകാശ സഞ്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ അന്തരിച്ചു | Jim Lovell

ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായിരുന്നു
Published on

വാഷിങ്ടൻ: ഏറ്റവും കൂടുതൽ ബഹിരാകാശ യാത്രകൾ നടത്തിയിട്ടുള്ള സഞ്ചാരികളിൽ ഒരാളും, പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്ന ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായിരുന്നു.

ചന്ദ്രനിൽ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. 1970 ഏപ്രിൽ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവൽ മിഷൻ കമാൻഡറായിരുന്നു. യാത്ര 56 മണിക്കൂർ പിന്നിട്ടപ്പോൾ ഓക്സിജൻ‌ ടാങ്ക് പൊട്ടിത്തെറിച്ചു. കമാൻഡ് മൊഡ്യൂളിലേക്കുള്ള ഓക്സിജൻ, വൈദ്യുതി ബന്ധം തകരാറിലാ‌യതോടെ ദൗത്യം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി സംഘം. കഠിനവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ സംഘം ഭൂമിയിൽ തിരിച്ചെത്തി. അപ്പോളോ 13 പേടകം 1970 ഏപ്രിൽ 17ന് പെസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു.

Times Kerala
timeskerala.com