

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ ലൈംഗിക വിവാദങ്ങളിലൊന്നായ ജെഫ്രി എപ്സ്റ്റീൻ കേസിലെ നിഗൂഢതകൾ നീക്കുന്ന ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പരസ്യപ്പെടുത്തി. 'എപ്സ്റ്റീൻ ലൈബ്രറി' എന്ന വെബ്‌സൈറ്റിലൂടെയാണ് ആയിരക്കണക്കിന് പേജുകളുള്ള രേഖകളും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ, മൈക്ക് ജാക്കർ തുടങ്ങിയ പ്രമുഖരുടെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്ന ഫയലുകളിലുണ്ട്.എപ്സ്റ്റീൻ ഏകദേശം 1200-ഓളം പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പുതിയ രേഖകൾ സൂചിപ്പിക്കുന്നത്.സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, ബിസിനസ് പ്രമുഖർ എന്നിവർക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയിരുന്ന എപ്സ്റ്റീന്റെ അധോലോക ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഫയലുകൾ.
എന്താണ് എപ്സ്റ്റീൻ കേസ്?
കോടീശ്വരനായ ജെഫ്രി എപ്സ്റ്റീൻ തന്റെ സ്വകാര്യ ദ്വീപുകളിലും വസതികളിലും വെച്ച് ഉന്നതർക്കായി ലൈംഗിക പാർട്ടികൾ സംഘടിപ്പിക്കുകയും ഇതിനായി പെൺകുട്ടികളെ കടത്തുകയും ചെയ്തു എന്നതാണ് കേസ്. 2019-ൽ വിചാരണ കാത്തിരിക്കെ ജയിലിൽ വെച്ച് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും മരണത്തിൽ ഇന്നും ദുരൂഹത തുടരുന്നു.
ഡെപ്യൂട്ടി അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് രേഖകൾ എഡിറ്റ് ചെയ്ത ശേഷം പുറത്തുവിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് നീതിന്യായ വകുപ്പ് നൽകുന്ന സൂചന. ഡൊണാൾഡ് ട്രംപ്, അലക് ബാൾഡ്‌വിൻ തുടങ്ങിയ പ്രമുഖരുടെ പേരുകളും നേരത്തെ എപ്സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതായി വെളിപ്പെടുത്തലുകൾ വന്നിരുന്നു.