വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൻ്റെ പേരിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റുകളും തമ്മിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം. ട്രംപിനെ പരാമർശിക്കുന്ന എപ്സ്റ്റീൻ്റെ ഇമെയിലുകൾ ഡെമോക്രാറ്റുകൾ പുറത്തുവിട്ടതിന് പിന്നാലെ, പ്രതിരോധത്തിലായ ട്രംപ് തിരിച്ചടിച്ച് രംഗത്തെത്തി.(Jeffrey Epstein controversy, Trump and Democrats face off )
ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരെക്കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെടുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതിൽ മുൻ യുഎസ് പ്രസിഡൻ്റും ഡെമോക്രാറ്റ് നേതാവുമായ ബിൽ ക്ലിന്റൺ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെടും.
ട്രൂത്ത് സോഷ്യലിൽ കുറിച്ച സന്ദേശത്തിൽ ട്രംപ് ആവശ്യപ്പെട്ടത്, ബിൽ ക്ലിന്റൺ, ലാറി സമ്മേഴ്‌സ്, റീഡ് ഹോഫ്മാൻ, ജെ.പി. മോർഗൻ ചേസ് തുടങ്ങിയ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ജെഫ്രി എപ്‌സ്റ്റീനുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചും അവർക്കിടയിൽ എന്താണ് ഇടപാടുകൾ നടന്നതെന്നും അന്വേഷിക്കാൻ ആണ്.
റിപ്പബ്ലിക്കൻ അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാൻ, "ഡെമോക്രാറ്റുകൾ ഉൾപ്പെട്ട എപ്‌സ്റ്റൈൻ തട്ടിപ്പ്" ആണിതെന്നും സാമ്പത്തിക ഷട്ട്ഡൗൺ ഉൾപ്പെടെയുള്ള പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഡെമോക്രാറ്റുകൾ ഇത് ഉപയോഗിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപിൻ്റെ ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിക്കുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി സ്ഥിരീകരിച്ചു. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ ടോപ്പ് പ്രോസിക്യൂട്ടറായ ജെയ് ക്ലെയ്ട്ടനെ ഫെഡറൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തി.
എല്ലാ എപ്‌സ്റ്റീൻ കേസ് ഫയലുകളും പുറത്തുവിടണമെന്ന ഡെമോക്രാറ്റുകളുടെയും ചില റിപ്പബ്ലിക്കൻമാരുടെയും ആവശ്യത്തെ ദുർബലപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.