വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലിന് യുഎസ് ജനപ്രതിനിധി സഭ അംഗീകാരം നൽകി. ഒന്നിനെതിരെ 427 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. ഫയലുകൾ പുറത്തിറങ്ങുന്നതിന് മുൻപ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ബില്ലിൽ ഒപ്പിട്ട് നിയമമാക്കണം.(Jeffrey Epstein case, US House of Representatives approves release of documents)
അമേരിക്കയിലെ ശതകോടീശ്വരന്മാർക്കായി വിരുന്നുകൾ സംഘടിപ്പിച്ചിരുന്ന വിവാദ വ്യവസായിയായിരുന്നു എപ്സ്റ്റീൻ. പ്രായപൂർത്തിയാകാത്ത 14 വയസ്സുള്ള പെൺകുട്ടികളെ വരെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്.
ജെഫ്രി എപ്സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലും മറ്റും ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന്, കേസിന്റെ ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരുകയും, ഫയലുകൾ മറച്ചുവെക്കാൻ ട്രംപ് ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. എപ്സ്റ്റീൻ തൻ്റെ കൂട്ടുപ്രതിക്ക് അയച്ച മെയിലുകളിൽ ട്രംപിന്റെ പേര് പരാമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം.
ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് തന്നെ ആഹ്വാനം ചെയ്യുകയായിരുന്നു. "മറച്ചുവെക്കാൻ ഒന്നുമില്ല," എന്നാണ് ട്രംപിന്റെ നിലപാട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ഈ ആരോപണങ്ങളെന്നും ട്രംപ് പ്രതികരിച്ചു.
ജെഫ്രി എപ്സ്റ്റീൻ കേസിന്റെ എല്ലാ രേഖകളും പുറത്തുവരുന്നതോടെ ഇയാൾക്ക് അമേരിക്കയിലെ ഉന്നതരുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീനെ 2019 ജൂലൈ 24 ന് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.